Connect with us

jahangirpuri demolition

'ബി ജെ പി ഭരണകൂടങ്ങളുടെ ജെ സി ബി രാജ് ലോകത്തൊരു നിയമവും അനുവദിക്കാത്തത്'

'അടിയന്തരാവസ്‌ഥക്കാലത്തു ബുൾഡോസർ കയറ്റിയിറക്കിയ ഒരു ഭരണാധികാരിയും ഭരണകൂടവും ഇന്ത്യയിലുണ്ടായിരുന്നു. അവരെവിടെ ഇപ്പോൾ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.'

Published

|

Last Updated

ലോകത്തൊരു നിയമവും അനുവദിക്കാത്തതാണ് ബി ജെ പി ഭരണകൂടങ്ങൾ നടപ്പാക്കുന്ന ജെ സി ബി രാജെന്ന് മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ് ഫേസ്ബുക്കിൽ കുറിച്ചു. ഏതെങ്കിലും അക്രമത്തിൽ പങ്കെടുത്തതിന് കേസ്സിൽപ്പെട്ടാൽ അവരുടെ/ അവരുമായി ബന്ധപ്പെട്ടവരുടെ വീടുകളും വ്യാപാരസ്‌ഥാപനങ്ങളും ഇടിച്ചുപൊളിക്കുക. ഭാവി ഭാരതത്തിന്റെ പ്രതീക്ഷയായ യോഗി ആദിത്യനാഥാണ് ഉത്തർ പ്രദേശിൽ ഇത് തുടങ്ങിവച്ചത്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ഇപ്പോൾ ഇത് നടക്കുന്നു. അടിയന്തരാവസ്‌ഥക്കാലത്തു ബുൾഡോസർ കയറ്റിയിറക്കിയ ഒരു ഭരണാധികാരിയും ഭരണകൂടവും ഇന്ത്യയിലുണ്ടായിരുന്നു. അവരെവിടെ ഇപ്പോൾ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ലോകത്തൊരു നിയമവും അനുവദിക്കാത്ത ഒരു കാര്യം ഇന്ത്യയിലെ ബി ജെ പി ഭരണകൂടങ്ങൾ നടപ്പാക്കുകയാണ്. അതാണ് ജെ സി ബി രാജ്.

ഏതെങ്കിലും അക്രമത്തിൽ പങ്കെടുത്തതിന് കേസ്സിൽപ്പെട്ടാൽ അവരുടെ/ അവരുമായി ബന്ധപ്പെട്ടവരുടെ വീടുകളും വ്യാപാരസ്‌ഥാപനങ്ങളും ഇടിച്ചുപൊളിക്കുക. നിർമിതി അനധികൃതമാണ് എന്നാണ് വാദം. അനധികൃത നിർമ്മിതി നീക്കം ചെയ്യാനുള്ള യാതൊരു നിയമവും ചട്ടവും പരിവാര വാഹനത്തിനു ബാധകമല്ല.
ഭാവി ഭാരതത്തിന്റെ പ്രതീക്ഷയായ യോഗി ആദിത്യനാഥാണ് ഉത്തർ പ്രദേശിൽ ഇത് തുടങ്ങിവച്ചത്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശിലും ഡൽഹി മുനിസിപ്പൽ കോർപറേഷനിലും ഇപ്പോൾ ഇത് നടക്കുന്നു.
(മുസ്ലിങ്ങളല്ലാത്ത ആരുടെയെങ്കിലും വീടോ സ്‌ഥാപനങ്ങളോ ഇങ്ങിനെ ഇടിച്ചു നിരത്തപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് താഴെ കൊടുക്കാവുന്നതാണ്)
***
ഡൽഹി ജഹാന്ഗീർപുരിയിൽ ഇത്തരം ഒരു ഇടിച്ചുനിരത്തൽ ബി ജെ പി ഭരിക്കുന്ന കോർപ്പറേഷൻ നടത്താൻ ഇന്നലെ പ്ലാനിട്ടിരുന്നു. പോലീസിനെ കിട്ടാത്തതുകൊണ്ട് ഇന്നത്തേക്ക് മാറ്റി. അത് തടയണമെന്നാവശ്യപ്പെട്ട് ഇരകൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കോടതി പക്ഷെ കനിഞ്ഞില്ല; കേസ് ഇന്ന് ഉച്ചത്തേക്ക് മാറ്റി.
അതുകൊണ്ട് ഇടിച്ചുനിരത്താൽ രാവിലെ തുടങ്ങി. ഇതിനിടെ സുപ്രീം കോടതിയിൽ കേസ് വന്നു; ചീഫ് ജസ്റ്റിസ് ഇടിച്ചുനിരത്തൽ സ്റ്റേ ചെയ്തു. സ്റ്റെ ഓർഡർ കിട്ടിയില്ല എന്ന് പറഞ്ഞു അവർ പണി തുടർന്നു.
സി പി എം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് സ്റ്റേ ഓർഡറിന്റെ ഒരു കോപ്പിയുമായി എത്തി; പക്ഷെ ഔദ്യോഗിക ജോലി നിർവഹണമാണ് തടസ്സപ്പെടുത്തരുത് എന്നായിരുന്നു പ്രതികരണം.
കോടതി വീണ്ടും ഇടപെട്ടു; ഇപ്പോൾ ഇടിച്ചുനിരത്തൽ നിർത്തിവച്ചിരിക്കുകയാണ്.
അടിയന്തിരാവസ്‌ഥക്കാലത്തു ബുൾഡോസർ കയറ്റിയിറക്കിയ ഒരു ഭരണാധികാരിയും ഭരണകൂടവും ഇന്ത്യയിലുണ്ടായിരുന്നു. അവരെവിടെ ഇപ്പോൾ എന്നൊന്ന് അന്വേഷിക്കുന്നത് നന്നായിരിക്കും.
***
PS: കോടതിയോക്കെ തമാശയാണ്; പ്രതികളെ നിരത്തിനിർത്തി വെടിവെച്ചുകൊല്ലണമെന്നും അവരുടെ വീടുകൾ ഇടിച്ചുനിരത്തണമെന്നുമൊക്കെ അഭിപ്രായമുള്ളവർ പോസ്റ്റിൽനിന്നു മാറിനടക്കുക. മനുഷ്യരുമായുള്ള സംവാദമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Latest