Kerala
മുഖ്യമന്ത്രിയുടെ വകുപ്പിന്റെ പേരിലും ജോലി തട്ടിപ്പ് നടത്തി; അഖില്‍ സജീവിനെതിരെ കൂടുതല്‍ പരാതികള്‍
നോര്‍ക്ക റൂട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് അഭിഭാഷകനായ ശ്രീകാന്താണ് പരാതിയുമായി രംഗത്ത് വന്നത്.
തിരുവനന്തപുരം | ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കൈക്കൂലി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് പരാതി ഉയര്‍ന്ന അഖില്‍ സജീവിനെതിരെ കൂടുതല്‍ ആരോപങ്ങള്‍. നോര്‍ക്ക റൂട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് അഭിഭാഷകനായ ശ്രീകാന്താണ് പരാതിയുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പണം തട്ടിയതെന്നും ശ്രീകാന്ത് ഒരു വാര്‍ത്ത ചാനലിനോട് പറഞ്ഞു.
താന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം ഇടപെട്ട് പണം തിരികെ നല്‍കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി. ഭാര്യക്ക് നോര്‍ക്ക റൂട്ട്‌സില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് അഖില്‍ സജീവ് പണം വാങ്ങിയതെന്നാണ് ശ്രീകാന്തിന്റെ പരാതി.
ആയുഷ് വകുപ്പില്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് 15 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും പലതവണയായി പണം നല്‍കിയെന്നുമാണ് പരാതിക്കാരനായ മലപ്പുറം സാജു റോഡിലെ കാവില്‍ അതിരാകുന്നത്ത് ഹരിദാസന്‍ കുമ്മാളി ആരോപിച്ചിരിക്കുന്നത്.
അഖില്‍ സജീവ് മുന്‍പും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സിപിഎമ്മില്‍നിന്ന് ഒരുവര്‍ഷംമുമ്പ് അഖില്‍ സജീവിനെ പുറത്താക്കിയതാണെന്നും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. മുമ്പ് കളക്ഷന്‍ ഫണ്ട് തിരിമറിയുടെ പേരില്‍ സിഐടിയു പത്തനംതിട്ട ജില്ലാ ഓഫീസ് ജീവനക്കാരനായിരുന്ന അഖില്‍ സജീവിനെ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഈ സംഭവത്തില്‍ അഖില്‍ സജീവ് രണ്ടര ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടുണ്ട്. അഖില്‍ സജീവിനെതിരെ പത്തനംതിട്ട പോലീസ് അന്ന് കേസ് എടുത്തിരുന്നു. ഇതിനിടെ ദേവസ്വത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും ഇയാള്‍ തട്ടിപ്പു നടത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മാത്രമല്ല വിസ തട്ടിപ്പിലും ഇയാള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു എന്നും വിവരങ്ങളുണ്ട്.
ദേശീയ ആരോഗ്യമിഷനു കീഴില്‍ ഹോമിയോ ഡോക്ടര്‍ നിയമനത്തിന് കഴിഞ്ഞ ഫെബ്രുവരിയില്‍ പത്രങ്ങളില്‍ പരസ്യംകണ്ട് പരാതി നല്‍കിയ ഹരിദാസന്‍ കുമ്മാളിയുടെ മകന്റെ ഭാര്യ ഡോ. നിതി പരീക്ഷ എഴുതിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 10ന് അഖില്‍ സജീവ് എന്ന വ്യക്തി തന്നെ കാണാന്‍ മലപ്പുറത്ത് എത്തി എന്നാണ് ഹരിദാസന്‍ പറയുന്നത്. പത്തനംതിട്ടയിലെ സിപിഎം. പ്രവര്‍ത്തകനും സിഐടിയു ഓഫീസ് സെക്രട്ടറിയുമാണ് താനെന്നാണ് അഖില്‍ സജീവ് പരിചയപ്പെടുത്തിയത്. ഹോമിയോ ഡോക്ടര്‍ നിയമനത്തിന് മരുമകള്‍ അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് തിരക്കിയ ഇയാള്‍ അപേക്ഷ നല്‍കിയതുകൊണ്ടോ സാധാരണരീതിയില്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരായതുകൊണ്ടോ ജോലി കിട്ടില്ലെന്നും കിട്ടണമെങ്കില്‍ അഞ്ചുലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്നും ഹരിദാസന്‍ പറയുന്നു. പണം നല്‍കിയാല്‍ ആദ്യം താത്കാലികനിയമനം നല്‍കാമെന്നും മൂന്നുവര്‍ഷം കഴിഞ്ഞ് സ്ഥിരംനിയമനം നല്‍കാമെന്നുമാണ് അഖില്‍ സജീവ് പറഞ്ഞത്. സ്ഥിര നിയമനം കിട്ടിക്കഴിഞ്ഞ ശേഷം മാത്രം ബാക്കി 10 ലക്ഷം നല്‍കണമെന്നും അതില്‍ വ്യക്തമാക്കിയിരുന്നു. ഈ ഡീല്‍ സമ്മതിച്ച ഹരിദാസന്‍ മാര്‍ച്ച് 24-ന് ഗൂഗിള്‍ പേ വഴി 25,000 രൂപ മുന്‍കൂറായി നല്‍കിയെന്നും വ്യക്തമാക്കുന്നു.ഇതിനിടെ ആരോഗ്യവകുപ്പില്‍ അഖില്‍ മാത്യു എന്ന പേരില്‍ മന്ത്രിക്ക് ഒരു ബന്ധു ഉണ്ടെന്നും ഇയാളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അഖില്‍ സജീവ് ഹരിദാസനെ അറിയിച്ചു. തിരുവനന്തപുരത്ത് പോയി അദ്ദേഹത്തെ കാണേണ്ട രീതിയില്‍ കാണണമെന്നും സജീവ് ഹരിദാസനോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്‍പതിന് തിരുവനന്തപുരത്തെത്തി അഖില്‍ മാത്യുവിനെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ കാണാന്‍ കഴിഞ്ഞില്ല. പിറ്റേദിവസം ഉച്ചയ്ക്ക് രണ്ടരയോടെ അഖില്‍ മാത്യു മന്ത്രിയുടെ ഓഫീസില്‍നിന്ന് ഇറങ്ങിവന്നു. അഖില്‍ സജീവ് പറഞ്ഞയാളല്ലേ എന്നു ചോദിച്ച് കൂടിക്കാഴ്ച നടന്ന സ്ഥലത്തു നിന്നും 30 മീറ്റര്‍ അകലെയുള്ള ഓട്ടോസ്റ്റാന്‍ഡിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. അവിടെവച്ച് ഒരു ലക്ഷം രൂപ താന്‍ അഖില്‍ മാത്യുവിന് കൈമാറി എന്നും ഹരിദാസന്‍ വ്യക്തമാക്കുന്നു.പണം കൈമാറി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കേരള ആയുഷ് മിഷന്റെ പേരില്‍ നിതി രാജിന് ഒരു ഇ-മെയില്‍ എത്തി. ഏപ്രില്‍ 25-നുശേഷം നിയമന ഉത്തരവ് അയയ്ക്കുമെന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഇ-മെയില്‍ കിട്ടിയതിനെ തുടര്‍ന്ന് അഖില്‍ സജീവ് തന്നെ നേരില്‍ വന്നു കണ്ട് 50,000 രൂപകൂടി കൈപ്പറ്റി. എന്നാല്‍ ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവ് മാത്രം എത്തിയില്ല. ഉത്തരവ് എത്താത്തതിനെ തുടര്‍ന്ന് ആയുഷ് മിഷന്റെ വണ്ടൂര്‍ ഓഫീസില്‍ തിരക്കിയപ്പോള്‍ നാല്‍പ്പതോളം പേരുടെ നിയമനം നടന്നുകഴിഞ്ഞതായി അറിയാന്‍ കഴിഞ്ഞു. അതില്‍ തന്റെ മരുമകള്‍ മരുമകള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വ്യക്തമായി. ഇക്കാര്യം അഖില്‍ സജീവിനെ അറിയിച്ചപ്പോള്‍ ഇനിയും നിയമനം നടക്കാനുണ്ടെന്നായിരുന്നു മറുപടി ലഭിച്ചത്. അഖില്‍ മാത്യുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും ഹരിദാസന്‍ പറയുന്നു. തുടര്‍ന്ന് ഹരിദാസന്‍ മന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.
ആയുഷ് മിഷന്റേതായി താത്കാലിക നിയമന ഉത്തരവ് എന്നപേരില്‍ ഒരു ഇ-മെയില്‍ ഡോ. നിത രാജിന് ലഭിച്ചിരുന്നു. ഇത് വ്യാജ ഇ-മെയില്‍ ആയിരുന്നു എന്നാണ് വിവരം. ഇങ്ങനെ ഒരു രേഖ തങ്ങളുടെ ഓഫീസില്‍നിന്ന് അയച്ചിട്ടില്ലെന്നാണ് ആയുഷ് മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിപ്പു നടത്തിയവര്‍ നിയമന ഉത്തരവ് കൃത്രിമമായി സൃഷ്ടിച്ച് പണം നല്‍കിയവര്‍ക്ക് അയക്കുകയായിരുന്നു എന്നാണ് വിവരം.