Kerala
സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി
സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്.

കോഴിക്കോട്|മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതിയിലുള്ളത്. സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്നും മാധ്യമപ്രവര്‍ത്തക ആവശ്യപ്പെടുന്നു. പരാതിക്കടിസ്ഥാനമായ സംഭവം ഇന്നലെയാണ് കോഴിക്കോട് നടന്നത്.
അല്‍പസമയം മുമ്പാണ് മാധ്യമ പ്രവര്‍ത്തക സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. പരാതി നടക്കാവ് പോലീസിന് കൈമാറുകയും ചെയ്തു. സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചില്‍ അല്ല വിശദീകരണമായിട്ടാണ് തോന്നിയതെന്ന് മാധ്യമപ്രവര്‍ത്തക നേരത്തെ വ്യക്തമാക്കിയിരുന്നു.
തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്നു സുരേഷ് ഗോപിയാണ് മനസിലാക്കേണ്ടത്. സുരേഷ് ഗോപിയുടേത് മോശമായ സ്പര്‍ശനം ആയിട്ടാണ് അനുഭവപ്പെട്ടത്. അത് കൊണ്ടാണ് ആ രീതിയില്‍ പ്രതികരിച്ചതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇനി ഇങ്ങനെ ഒരു അനുഭവമുണ്ടാവകരുതെന്നും മാധ്യമ പ്രവര്‍ത്തക കൂട്ടിച്ചേര്‍ത്തു.