Connect with us

From the print

ആഘോഷങ്ങളിലെ ആനന്ദം

മതം നിഷിദ്ധമാക്കാത്ത ഗ്രാമീണ, നഗര സംസ്‌കാരങ്ങൾ കൂടിച്ചേർന്ന് ആഘോഷങ്ങളെ പൊലിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചത് നബിചരിത്രത്തിൽ നിന്ന് നേരിട്ട് വായിക്കാം.

Published

|

Last Updated

മനുഷ്യസഹജമായ സന്തോഷങ്ങളുടെ പ്രകടനമാണ് ആഘോഷം. സന്തോഷം പ്രകടിപ്പിക്കുക തന്നെ ചെയ്യണമെന്നാണ് ഇസ്്ലാമിന്റെ പാഠം. സന്തോഷിക്കേണ്ട നിരവധി അവസരങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന വിശ്വാസിക്ക് ഓരോ ഘട്ടത്തിലും പൊതുവായുള്ള ആഘോഷ സ്വഭാവം ഇസ്്ലാം പഠിപ്പിച്ചു. ചില പ്രത്യേക സാഹചര്യങ്ങളിൽ അനിവാര്യമായി ചെയ്യേണ്ട കാര്യങ്ങൾ നിർദേശിക്കുക കൂടി ചെയ്തിട്ടുണ്ട്. എന്നാൽ മതം നിഷിദ്ധമാക്കാത്ത ഗ്രാമീണ, നഗര സംസ്‌കാരങ്ങൾ കൂടിച്ചേർന്ന് ആഘോഷങ്ങളെ പൊലിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചത് നബിചരിത്രത്തിൽ നിന്ന് നേരിട്ട് വായിക്കാം.

കല്യാണവീട്ടിൽ പാട്ട് പാടി ദഫിന്റെ താളം പിടിച്ചത് അവിടുന്ന് പ്രോത്സാഹിപ്പിച്ചു. സന്തോഷമുഹൂർത്തത്തിൽ പാട്ട് പാടിക്കളിച്ചവരോട് പരുഷമായി പെരുമാറിയവരെ നബി തിരുത്തിയിട്ട് പറഞ്ഞു. ഇന്ന് നമ്മുടെ ഈ ഉമ്മത്തിന്റെ ആഘോഷമാണ്; അവർ ആഘോഷിക്കട്ടെ. പ്രവാചകൻ മദീനയിലേക്ക് വരുന്ന ആനന്ദവേള എത്രമേൽ ആഘോഷമായിട്ടായിരുന്നു മദീനക്കാർ പ്രകടിപ്പിച്ചത്.

എന്നാൽ ആഘോഷങ്ങൾ ആഭാസങ്ങളായി മാറിക്കൂടാ. മറ്റ് മതക്കാരുടെ സംസ്‌കാരങ്ങൾ പിന്തുടരുന്നത് പാടില്ല. അന്യസ്ത്രീപുരുഷ സംഗമങ്ങളും അശ്ലീലമായ പാട്ടുകളുമായല്ല ആഘോഷത്തിന് പൊലിമയുണ്ടാക്കേണ്ടത്. സന്തോഷം പകർന്നുള്ള കൂടിക്കാഴ്ചകളും കുടുംബ സന്ദർശനവും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കലും അനാഥകളെ ചേർത്തു പിടിക്കലും അശരണർക്ക് ആശ നൽകലും സുകൃതങ്ങളുടെ നിമിഷങ്ങളായിട്ടാണ് വിശ്വാസിയുടെ ആഘോഷങ്ങൾ ഉണ്ടാകേണ്ടത്.

രണ്ട് പെരുന്നാളിന്റെയും വരവറിയിക്കുന്ന മന്ത്രം തക്ബീർ ചൊല്ലലാണ്. തക്ബീർ എന്നാൽ അടിമയുടെ സമർപ്പണത്തിന്റെ വിനയപ്രകടനത്തിന്റെ ശബ്ദം കൂടിയാണ്. ഞാൻ ദുർബലനായ മനുഷ്യൻ, എന്റെ യജമാനന്റെ ഉന്നതി വാഴ്ത്തുന്നതാണെന്റെ ഇഷ്ടം എന്നതാണ് തക്ബീറിന്റെ സത്ത. വാങ്കിന്റെ തുടക്കത്തിൽ അല്ലാഹു അക്ബർ എന്ന് അഞ്ച് നേരം പറയുന്നതും കേൾക്കുന്നതും ശ്രദ്ധിക്കുന്നതും വലിയ മഹത്വമുള്ള കർമമാണ്

ജനിച്ച കുഞ്ഞിന്റെ ചെവിയിൽ വാങ്ക് കേൾപ്പിക്കുന്നതുംമനുഷ്യൻ വിനയാന്വിതനാകണമെന്നും പ്രപഞ്ച സ്രഷ്ടാവ് തന്നെയാണ് വലിയവനെന്നുമുള്ള ആശയം നിരന്തരം ഓർമപ്പെടുത്താനാണ്. ഇതിലൂടെ അഹങ്കാരമെന്ന വലിയ ഹൃദയരോഗത്തെ പറിച്ചെറിയുക എന്ന ആത്മീയതത്ത്വവും ഇതിൽ അടങ്ങിയിട്ടുണ്ട്. ആയതിനാൽ പെരുന്നാളിന്റെ മുഖ്യ ആഘോഷമായ തക്ബീർ ചൊല്ലാനും പെരുന്നാൾ രാവ് പ്രാർഥന നടത്താനും മറന്നുകൂടാ.

ആഘോഷവേളകൾ നന്ദിപ്രകടനത്തിന്റെ കൂടി സമയമാണ്. നമുക്ക് ലഭിച്ച അനുഗ്രഹങ്ങളെ ഓർത്ത് നന്ദി പറയുന്ന അടിമയാകുന്നത് വലിയ മഹത്വം കൂടിയാണ്. വിശ്വാസിയായതിന്, വിശ്വാസികളിൽ തന്നെ നേർവഴിയിൽ നിലനിൽക്കുന്നതിന് നോമ്പ്കാലം നല്ല താത്പര്യത്തോടെ ആരാധനകളാൽ ധന്യമാക്കിയതിന് നോമ്പ് എന്ന ആരാധനയിലൂടെ സാമൂഹിക മുന്നേറ്റം സാധ്യമാക്കിയതിന്- ഇങ്ങനെ നന്ദി പ്രകടിപ്പിക്കേണ്ട പട്ടിക നീണ്ടുപോകും. നന്ദിയുള്ള അടിമയെന്നതാണ് മനുഷ്യനിലെ ഉന്നതസ്ഥാനത്തുള്ള മുത്ത്നബി ആഗ്രഹിച്ച സ്ഥാനമെന്ന് ബീവി ആഇശ (റ) സാക്ഷ്യപ്പെടുത്തുന്നു.

Latest