Connect with us

Articles

വിശ്വാസിയുടെ സന്തോഷവേള

നമ്മില്‍ എത്ര ശതമാനം തിരുനബി(സ) ഉണ്ടെന്നത് ഈ വസന്ത കാലത്ത് പരിശോധനക്ക് വിധേയമാക്കണം. സ്‌നേഹം കൊണ്ട് മുഖം ലങ്കുന്ന മനുഷ്യരാകാനുള്ള പണിപ്പുരയാകണം നമുക്ക് ഈ റബീഅ്.

Published

|

Last Updated

വിശ്വാസികളെ സംബന്ധിച്ചിടത്തോളം തിരുനബി(സ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ പന്ത്രണ്ടും ജന്മത്താല്‍ അനുഗൃഹീതമായ ഈ മാസം മുഴുവനും സന്തോഷത്തിന്റെ കാലമാണ്. ലോകര്‍ക്കാകെയും അനുഗ്രഹമായി നിയോഗിക്കപ്പെട്ട, സര്‍വരുടെയും മാതൃകയും ശിപാര്‍ശകനുമായ തിരുനബിയുടെ ജന്മനാളില്‍ അവര്‍ക്ക് ആനന്ദിക്കാതിരിക്കാനാകില്ല. അവിടുത്തെ ജീവിതവും സന്ദേശവും ആഴത്തില്‍ അറിഞ്ഞും വിളംബരം ചെയ്തും ചര്യകള്‍ അനുധാവനം ചെയ്യാന്‍ മത്സരിച്ചും വിശ്വാസികള്‍ ഈ വേള ആഘോഷകരമാക്കുന്നു. തിരുനബി(സ)യുടെ നിയോഗം മുതല്‍ ഇസ്‌ലാമിക സമൂഹം കൈമാറിപ്പോന്ന തുടര്‍ച്ചയുള്ള മുഹൂര്‍ത്തമാണത്. വിശ്വാസിയുടെ ആഘോഷങ്ങള്‍ ആരാധനകള്‍ കൂടിയാണെന്നതിനാല്‍ വളരെയേറെ പവിത്രതയോടെയും സൂക്ഷ്മതയോടെയുമാണ് ഈ മാസത്തെയും ദിവസത്തെയും നാം സമീപിക്കേണ്ടത്. കൃത്യമായ പ്ലാനോടെയാകണം ഈ മാസത്തിലെ ഓരോ ദിവസവും, നബിദിനത്തിലെ ഓരോ നിമിഷവും ചെലവഴിക്കേണ്ടതും ഉപയോഗപ്പെടുത്തേണ്ടതും.
നബിസ്‌നേഹം ഹൃദയത്തില്‍ രൂഢമായി നിലനില്‍ക്കുന്ന വിശ്വാസികളെ ലോകത്തിന്റെ ഏത് ഭാഗത്ത് പോയാലും കാണാം. വിശ്വാസത്തിന്റെ പ്രാഥമിക കര്‍ത്തവ്യങ്ങളിലൊന്ന് അതാണല്ലോ. പ്രിയപ്പെട്ട എല്ലാത്തിനേക്കാളും അവിടുത്തെ സ്‌നേഹിക്കുമ്പോഴാണ് വിശ്വാസത്തിന് സമ്പൂര്‍ണ തികവ് കൈവരുന്നത് എന്നാണല്ലോ ഇസ്‌ലാമിക വിശ്വാസം. ചില രാജ്യങ്ങളില്‍ പോകുമ്പോള്‍ നമ്മുടെ ആഘോഷങ്ങള്‍ ചെറുതാണോ എന്ന് തോന്നിപ്പോകാറുണ്ട്. 1996ല്‍ യു എസ് എയിലെ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ സംഘടിപ്പിക്കപ്പെട്ട ഇന്റര്‍നാഷനല്‍ യൂനിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോയ വേളയില്‍ അവിടെ സ്വദേശി മുസ്‌ലിംകള്‍ ഒരുക്കിയ മൗലിദ് സദസ്സ് കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചു. വലിയ ഒരു പ്രദേശമാകെ പന്തല്‍ കെട്ടി അലങ്കരിച്ച് നടത്തിയ ഗംഭീര സദസ്സ്. വിഭവസമൃദ്ധമായ ഭക്ഷണവും. തിരുനബി(സ)യുടെ ജന്മദിനാഘോഷത്തിന് എത്ര സമ്പത്ത് ചെലവഴിച്ചാലും വെറുതെയാകില്ലെന്ന് ബോധ്യപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു അത്.

കുട്ടിക്കാലം മുതലേ നാമോരോരുത്തരും അനുഭവിക്കുന്നതും അറിയുന്നതുമാണ് തിരുനബി സ്‌നേഹത്തിന്റെ നനവും മധുരവും. റബീഉല്‍ അവ്വല്‍ അത്രമേല്‍ പ്രിയമാണ് വിശ്വാസികള്‍ക്ക്. ഓരോ ദേശത്തും ഉണ്ടാകും ജാഥയും കുട്ടികളുടെ കലാപരിപാടികളും മൗലിദും എല്ലാം. എന്തൊരു ആവേശമാണ് അതിന്. വിവിധ രൂപത്തിലാകുമെന്ന വ്യത്യാസമേ അവക്കിടയില്‍ ഉണ്ടാകുകയുള്ളൂ. കേരളത്തിലെ മുസ്‌ലിംകള്‍ ഇത്രമേല്‍ സര്‍ഗാത്മകമാകാന്‍ നിശ്ചയമായും റബീഉല്‍ അവ്വല്‍ വസന്തം നിമിത്തമായിട്ടുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. റബീഉല്‍ അവ്വല്‍ കേന്ദ്രീകരിച്ച് വിപുലപ്പെട്ട പ്രസംഗങ്ങളും എഴുത്തുകളും പാട്ടുകളും ദഫ്മുട്ടുകളുമൊക്കെയാണല്ലോ നമ്മുടെ പ്രതിഭകളെ രൂപപ്പെടുത്തിയത്. കുട്ടിക്കാലത്ത് തന്നെ ഇതിനെല്ലാം അവസരമുണ്ടാകുന്നു എന്നത് വളര്‍ച്ചയെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ്.

സ്‌നേഹിക്കപ്പെടുന്ന വ്യക്തിയെ കുറിച്ച് കൂടുതല്‍ പറയാന്‍ നൂറ് നാവായിരിക്കും, അവരുടെ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഏറെ കൊതിയായിരിക്കും. ആത്മാര്‍ഥ സ്‌നേഹത്തിന്റെ അടയാളങ്ങളാണിവ. സത്യവിശ്വാസികള്‍ക്ക് തിരുനബി(സ)യോട് ഇഷ്ടമുണ്ടാകുമ്പോള്‍ പലതരത്തില്‍ അവര്‍ അത് പ്രകടിപ്പിക്കും. കുട്ടികള്‍ പാടും, സന്ദേശം പറയും, ഭാഷയില്‍ കഴിവുള്ളവര്‍ കീര്‍ത്തന കാവ്യങ്ങള്‍ രചിക്കും, പണ്ഡിതര്‍ നബിജീവിതത്തിന്റെ വ്യത്യസ്ത തലങ്ങള്‍ സംബന്ധിച്ച് ഗ്രന്ഥങ്ങള്‍ എഴുതും, സമ്പന്നര്‍ സമ്പത്ത് വിനിയോഗിച്ച് മൗലിദുകള്‍ സംഘടിപ്പിക്കും, വഖ്ഫുകള്‍ നല്‍കും, ഉമ്മമാര്‍ മധുരപലഹാരങ്ങള്‍ തയ്യാറാക്കും… ഇങ്ങനെ വിശ്വാസികള്‍ സ്‌നേഹത്തെ ആവിഷ്‌കരിക്കുന്ന രീതികള്‍ എണ്ണിത്തിട്ടപ്പെടുത്താനാകില്ല. മൂല്യമേറിയ വിഭവങ്ങളും പാതിരാവുകളും പ്രഭാതങ്ങളും അവരീ സ്‌നേഹത്തിനായി വിനിയോഗിച്ചു. ലോകത്ത് രചിക്കപ്പെട്ട ശമാഇലുകളും സീറകളും വ്യത്യസ്ത കാറ്റഗറികളിലുള്ള ഹദീസ് ഗ്രന്ഥങ്ങളും പ്രകീര്‍ത്തന കാവ്യങ്ങളുമെല്ലാം ഇങ്ങനെയുണ്ടായതാണ്. ബൂസ്വൂരി ഇമാമിന്റെ ജീവിതാനുഭവം നമുക്കേറെ സുപരിചിതമാണല്ലോ. നമുക്ക് കഴിയുന്ന രൂപത്തില്‍ തിരുനബി(സ)യെ ആവിഷ്‌കരിക്കാന്‍, പ്രകീര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടാകണം. ഈ മീലാദുന്നബി ആഘോഷ വേളയാണ് അതിനനുയോജ്യമായ നടീല്‍കാലം. ഇങ്ങനെ നമ്മുടെ പരിസരങ്ങളില്‍ നിന്ന് ഇസ്‌ലാം അനുവദിക്കുന്ന മാര്‍ഗങ്ങളില്‍ കൂടുതല്‍ തിരുനബി ആവിഷ്‌കാരങ്ങള്‍ ഉയര്‍ന്നുവരട്ടെ. വിശ്വാസികള്‍ ഏറ്റുചൊല്ലുന്ന, ആവേശത്തോടെ വായിക്കുന്ന, വീണ്ടും വീണ്ടും ശ്രവിക്കുന്ന നല്ല സൃഷ്ടികളുണ്ടാകട്ടെ.

അനുദിനവും നമ്മുടെ ഹൃദയത്തിലും പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നുപോരുന്ന തിരുനബി സ്‌നേഹവും ചര്യകളും കൂടുതല്‍ ചിട്ടപ്പെടുത്താനും ശക്തിപ്പെടുത്താനുമുള്ള വേളയായാണ് ഈ ദിവസത്തെയും മാസത്തെയും നാം കാണേണ്ടത്. ഓരോ ദിവസവും ഒരു പുതിയ ഹദീസെങ്കിലും അടുത്തറിയാനുള്ള സാഹചര്യം തേടണം. റസൂലിന്റെ കുടുംബത്തെയും നിയോഗത്തെയും അവിടുത്തെ അനുചരരെയും സംബന്ധിച്ചെല്ലാം ലഭ്യമായ ആധികാരിക ഗ്രന്ഥങ്ങളില്‍ നിന്നും പണ്ഡിതരില്‍ നിന്നും അറിയാന്‍ ശ്രമിക്കണം. സീറകളും ശമാഇലുകളും ഉള്‍പ്പെടെയുള്ള തിരുകീര്‍ത്തന ഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു വായിക്കണം. നമ്മുടെ നാടുകളിലെ നബിദിനാഘോഷങ്ങളുടെ രീതിയുമതാണല്ലോ. മദ്റസകളില്‍ കുട്ടികള്‍ നബി ചരിത്രം പറയുമ്പോഴും ഉസ്താദുമാര്‍ പ്രഭാഷണം നടത്തുമ്പോഴും റാലികളില്‍ അനൗണ്‍സ്‌മെന്റ് നടത്തുമ്പോഴും ഒട്ടേറെ നബിചര്യകള്‍ നാം കേള്‍ക്കാന്‍ ഇടയാകും. അതില്‍ നമുക്ക് ചെയ്യാന്‍ സാധിക്കുന്നവ പ്രത്യേകം നോട്ട് ചെയ്തുവെക്കണം. കഴിയുന്ന ഹദീസുകളും സ്വലാത്തുകളും മനഃപാഠമാക്കണം.

നാളിതുവരെ കണ്ടറിഞ്ഞ റബീഉല്‍ അവ്വല്‍ ആരവങ്ങളില്‍ എനിക്ക് ഏറ്റവും ഹൃദ്യമായി തോന്നിയ ഒരു കാര്യം ഈജിപ്തിലെ തിരുപ്രകീര്‍ത്തന ഗ്രന്ഥങ്ങളുടെ പൂര്‍ണമായ വായനയാണ്. നമ്മുടെ മൗലിദ്-ബുര്‍ദ സദസ്സുകളുടെ മറ്റൊരു പതിപ്പ്. ആദ്യ പന്ത്രണ്ട് ദിവസങ്ങള്‍ കൊണ്ടോ, മാസം മുഴുവനുമെടുത്തോ ഇത്തരം ഗ്രന്ഥങ്ങള്‍ സദസ്സുകൂടി അവര്‍ വായിച്ചുതീര്‍ക്കും. കേവല വായനയല്ല അത്, മനസ്സില്‍ പതിയുന്ന വായന. വരികളിലെ സന്തോഷ വേളകളില്‍ പ്രകീര്‍ത്തിച്ചും വേദനകള്‍ പങ്കുവെക്കുന്നിടത്ത് സജലമായ കണ്ണുകളോടെയും ഏറിയ ഹൃദയമിടിപ്പോടെയും അവരാ കൃതികള്‍ താളത്തോടെ പാരായണം ചെയ്യും. ലോകപ്രശസ്ത തിരുകീര്‍ത്തന ഗ്രന്ഥമായ ഖാളി ഇയാളിന്റെ അശ്ശിഫയാണ് (അശ്ശിഫ ബി തഅ് രീഫി ഹുഖൂഖില്‍ മുസ്ത്വഫ) ഇങ്ങനെ ഓതിത്തീര്‍ക്കുന്ന ഗ്രന്ഥങ്ങളില്‍ പ്രധാനം. കിതാബിന്റെ പല ഭാഗങ്ങള്‍ പലര്‍ക്കായി വീതിച്ചു നല്‍കി ഒരു സദസ്സില്‍ ആവേശത്തോടെ തന്നെ വായിച്ചുതീര്‍ക്കുന്ന പതിവുമുണ്ട്.
നമുക്കും അനുകരിക്കാവുന്ന ഒരു മാതൃകയാണിത്. നമ്മുടെ നാട്ടില്‍ സുപരിചിതമായ ഹദീസ് ഗ്രന്ഥങ്ങളും സീറകളും ശമാഇലുകളും ഇങ്ങനെ പൊതുജനങ്ങളെ ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പാരായണം ചെയ്യുന്ന സദസ്സുകള്‍ സംഘടിപ്പിക്കാം. രിയാളുസ്സ്വാലിഹീനും ശമാഇലുത്തുര്‍മുദിയുമൊക്കെ ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പള്ളികളില്‍ സുബ്ഹി നിസ്‌കാര ശേഷം പതിനഞ്ച് മിനുട്ടോ അര മണിക്കൂറോ നീളുന്ന സദസ്സുകള്‍ വെക്കാം. മൗലിദ് സദസ്സുകള്‍ക്കിടയില്‍ ബൈത്തുകളുടെയടക്കം അര്‍ഥവും സന്ദര്‍ഭവും വിവരിക്കാം. സ്ത്രീകള്‍ക്കായി ആഴ്ചയിലൊരിക്കല്‍ ഹദീസ് പഠന വേദികള്‍ സംഘടിപ്പിക്കാം.
ഈ മാസത്തിലെ ഓരോ ദിവസവും ഒരു പുതിയ സുന്നത്ത് പരിചയപ്പെടാനും അന്ന് മുതല്‍ അത് ജീവിതത്തില്‍ പകര്‍ത്താനും ശ്രമങ്ങള്‍ ഉണ്ടാകുകയെന്നത് പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. ഈ മാസത്തോട് നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കടമയാണത്. വുളൂഅ് എന്ന ചെറിയ ഒരു കര്‍മം എടുത്തുനോക്കൂ, എത്രയധികം സുന്നത്തുകളുണ്ടതില്‍. വെള്ളം കുടിക്കുമ്പോഴും വീട്ടുകാരോട് ഇടപഴകുമ്പോഴും സദസ്സിലിരിക്കുമ്പോഴും പൊതുസ്ഥലത്തും നമുക്ക് പാലിക്കാന്‍ കഴിയുന്ന ലളിതമായ ഒട്ടനേകം സുന്നത്തുകളുണ്ട്. അതെല്ലാം ശീലിച്ചുനോക്കൂ. എന്ത് സുന്ദരമാകും ജീവിതം.
തിരുനബി(സ)യുടെ ജീവിതവും നിയോഗവും സന്ദേശവും ചുറ്റുമെമ്പാടും എത്തിക്കാനും ഈ വേളയില്‍ ഉത്സാഹിക്കണം. പൊതുജനങ്ങള്‍ക്കിടയില്‍ തിരുനബിയുടെ കാരുണ്യം, ബഹുസ്വരത, സഹിഷ്ണുത, പാരിസ്ഥിതിക സമീപനങ്ങള്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നാം വിളംബരം ചെയ്യണം. നമ്മുടെ മക്കള്‍ക്ക് തിരുജീവിതത്തിലെ സുന്ദര പാഠങ്ങള്‍, ത്യാഗങ്ങള്‍, ചരിത്രങ്ങള്‍ വിവരിച്ചു നല്‍കണം. അവരില്‍ റസൂലിനോട് ഇഷ്ടം ജനിപ്പിക്കണം. ദിവസവും നൂറ് സ്വലാത്തെങ്കിലും ജീവിതത്തിന്റെ ഭാഗമാക്കണം. ആത്മാര്‍ഥമായ പ്രകീര്‍ത്തനങ്ങളാല്‍ നമ്മുടെ ഉള്ള് മിനുക്കണം. തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കാനും കര്‍മങ്ങളെല്ലാം ചിട്ടപ്പെടാനും ഇതേറെ സഹായിക്കും.
തിരുനബി(സ)യോട് അവിടുത്തെ ജനതയെന്ന നിലയില്‍ നമുക്കുള്ള കടമകളില്‍ ഏറ്റവും പ്രധാനം ആ അധ്യാപനങ്ങളും ദര്‍ശനങ്ങളും അതേപടി അനുസരിക്കുകയെന്നതാണ്. വിശ്വാസ കാര്യങ്ങളിലും ആരാധനകളിലും സാമൂഹിക ഇടപെടലുകളിലുമെല്ലാം റസൂലിന്റെ മൊഴികളും ചര്യകളും യഥാവിധി പിന്തുടരുമ്പോഴേ നാം യഥാര്‍ഥ വിശ്വാസിയാകുകയുള്ളൂ. അവിടെ നമുക്ക് സന്ദേഹങ്ങള്‍ക്ക് ഇടമില്ല. കേവല മനുഷ്യയുക്തിയില്‍ പരതിക്കുഴയേണ്ട കാര്യവുമില്ല. “അല്ലാഹുവിന്റെ ദൂതനെ ആര് അനുസരിക്കുന്നുവോ, തീര്‍ച്ചയായും അവന്‍ അല്ലാഹുവിനെ അനുസരിച്ചു’ എന്നാണ് ഖുര്‍ആനിക അധ്യാപനം. ഖുര്‍ആനും ഹദീസുകളും പരിചയപ്പെടുത്തിയ, പൂര്‍വിക ഉലമാക്കള്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ച, സുന്നത്ത് ജമാഅത്തിന്റെ അധ്യാപന വേദികളില്‍, ക്ലാസ്സുകളില്‍, എഴുത്തുകളില്‍, പ്രസംഗങ്ങളില്‍ നാം കേട്ടറിഞ്ഞ, അനുധാവനത്തിലൂടെ അനുഭവിച്ച തിരുനബി(സ) നമ്മുടെ ഓരോ ചലനങ്ങളിലും ഉണ്ടാകണമെന്ന് ജാഗ്രതപ്പെടാന്‍ നമുക്ക് സാധിക്കണം. നമ്മില്‍ എത്ര ശതമാനം തിരുനബി(സ) ഉണ്ടെന്നത് ഈ വസന്ത കാലത്ത് പരിശോധനക്ക് വിധേയമാക്കണം. സ്‌നേഹം കൊണ്ട് മുഖം ലങ്കുന്ന മനുഷ്യരാകാനുള്ള പണിപ്പുരയാകണം നമുക്ക് ഈ റബീഅ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, അഖിലേന്ത്യാ സുന്നി ജംഇയ്യുൽ ഉലമ ജനറൽ സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി

Latest