Connect with us

Editorial

ജുഡീഷ്യറി നോക്കുകുത്തി

കേസുകള്‍ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പ്രതികളുടെ രാഷ്ട്രീയ യജമാനന്മാരായ ഭരണാധിപന്മാരല്ല, നീതിപീഠങ്ങളാണ്. കോടതികള്‍ക്കു മുമ്പേ അക്കാര്യം ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെയായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടത്.

Published

|

Last Updated

നിയമത്തെയും ജുഡീഷ്യറിയെയും നോക്കുകുത്തിയാക്കി കാട്ടുനീതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് രാജ്യത്ത് സര്‍ക്കാറുകള്‍. എം പിമാരും എം എല്‍ എമാരും പ്രതികളായ കേസുകള്‍ കോടതികളുടെ അനുമതിയില്ലാതെ പിന്‍വലിച്ചു കൊണ്ടിരിക്കുന്നു സംസ്ഥാന ഭരണകൂടങ്ങള്‍. 2020 സെപ്തംബര്‍ 16നും 2021 ജൂലൈ 31നും ഇടയില്‍ ഇത്തരം 36 ക്രിമിനല്‍ കേസുകളാണ് കേരള സര്‍ക്കാര്‍ പിന്‍വലിച്ചത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസാണ് സുപ്രീം കോടതിയെ ഈ വിവരമറിയിച്ചത്. ഉത്തര്‍ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളും ഗുരുതര സ്വഭാവമുള്ള കേസുകള്‍ പോലും അനുമതിയില്ലാതെ പിന്‍വലിച്ചതായി അമിക്കസ് ക്യൂറി വിജയ് ഹാന്‍സാരിയ നല്‍കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-3ല്‍ നിന്ന് 16 ക്രിമിനല്‍ കേസുകള്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-4ല്‍ നിന്ന് 10, തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച്, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് നാല്, മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഒന്ന് എന്നിങ്ങനെയാണ് കേരള സര്‍ക്കാര്‍ പിന്‍വലിച്ച കേസുകളുടെ എണ്ണം. ഹൈക്കോടതിയുടെ അനുമതിയില്ലാതെ എം പിമാരും എം എല്‍ എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി പല തവണ ഉത്തരവ് നല്‍കിയതാണ്. ഈ മാസം 10നും 26നും ഈ ഉത്തരവ് ആവര്‍ത്തിക്കുകയും ചെയ്തു. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കുന്നതിന് മുമ്പ് കേസുകളുടെ സ്വഭാവം കൃത്യമായി പരിശോധിക്കണമെന്നും പൊതുതാത്പര്യം കണക്കിലെടുത്ത് മാത്രമായിരിക്കണം തീരുമാനമെന്നും ഹൈക്കോടതികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട് പരമോന്നത കോടതി.

ക്രിമിനല്‍ രാഷ്ട്രീയവും കുറ്റവാളികളായ ജനപ്രതിനിധികളുടെ എണ്ണവും രാജ്യത്ത് വര്‍ധിച്ചു വരികയാണ്. എം പിമാരുടെ കണക്കെടുത്താല്‍ 2004ല്‍ 24 ശതമാനമായിരുന്നു ക്രിമിനല്‍ കേസില്‍ പ്രതികളായവരുടെ എണ്ണമെങ്കില്‍ 2009ല്‍ 30ഉം 2014ല്‍ 34ഉം 2019ല്‍ 39ഉം ശതമാനമായി ഉയര്‍ന്നു. എം പിമാരിലും എം എല്‍ എമാരിലുമായി 1,765 പേര്‍ക്കെതിരെ 3,816 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. മൊത്തം കേസുകളുടെ എണ്ണം 48,589 വരും. സംസ്ഥാനാടിസ്ഥാനത്തില്‍ 248 പേരുള്ള യു പിയാണ് കുറ്റവാളികളായ ജനപ്രതിനിധികള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമെങ്കില്‍ 113 കുറ്റാരോപിത ജനപ്രതിനിധികളുമായി “സാംസ്‌കാരിക’കേരളമാണ് രണ്ടാം സ്ഥാനത്ത്.

നിയമത്തിന്റെ കരങ്ങളിലകപ്പെടാതെ രക്ഷപ്പെടാന്‍ ക്രിമിനല്‍ കേസ് പ്രതികളായ ജനപ്രതിനിധികള്‍ക്ക് ഭരണകൂടങ്ങളുടെ പരിപൂര്‍ണ സഹായം ലഭിക്കുന്നത് കൊണ്ടാണ് ഇത്തരക്കാരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചു വരുന്നത്. ഒരു സംസ്ഥാനത്ത് ഭരണകക്ഷിയുടെ ആളുകളായ ജനപ്രതിനിധികളെയും സജീവ രാഷ്ട്രീയ പ്രവര്‍ത്തകരെയും നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനും അഥവാ ശിക്ഷിക്കപ്പെട്ടാല്‍ കാലാവധിക്കു മുമ്പേ തടവറയില്‍ നിന്ന് മോചിപ്പിക്കാനും സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. വഴിവിട്ട മാര്‍ഗങ്ങളും പ്രയോഗിക്കും ഇക്കാര്യത്തില്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ കാലാവധിക്ക് മുമ്പേ വിട്ടയക്കാനും നിയമസഭയിലെ അക്രമത്തില്‍ പ്രതികളായ എം എല്‍ എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനും ഇടതുസര്‍ക്കാര്‍ എന്തെല്ലാം കളികളാണ് നടത്തിയത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് അവരും നടത്തിയിട്ടുണ്ട് രാഷ്ട്രീയ തടവുകാരുടെ കാര്യത്തില്‍ ഇത്തരം ചെയ്തികള്‍.
എത്ര വലിയ കുറ്റകൃത്യം ചെയ്താലും രാഷ്ട്രീയ ബന്ധവും സ്വാധീനവുമുണ്ടെങ്കില്‍ നിയമക്കുരുക്കില്‍ നിന്ന് തെന്നിമാറാനോ രക്ഷപ്പെടാനോ നടപടികള്‍ പരമാവധി നീട്ടിക്കൊണ്ടുപോകാനോ എളുപ്പമാണ.് അധികാരത്തിലിരിക്കുന്നവരുടെ അനിഷ്ടം ഭയന്ന് നിയമപാലകര്‍ പോലും കുറ്റാരോപിതരായ രാഷ്ട്രീയക്കാര്‍ക്കു നേരേ കണ്ണുചിമ്മുന്ന സ്ഥിതിവിശേഷമാണുള്ളത്. കൊലപാതക കേസിലെ പ്രതിയാണെങ്കില്‍ പോലും അവരുടെ മുമ്പില്‍ തൊപ്പിയൂരി തലകുനിച്ചു നില്‍ക്കേണ്ട ഗതികേടിലാണ് നിയമപാലകര്‍. രാജ്യത്തെ വിവിധ കോടതികളില്‍ ജനപ്രതിനിധികള്‍ക്കെതിരായ ആയിരക്കണക്കിനു കേസുകള്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്ക് ഹാജരാക്കുന്ന കാര്യത്തില്‍ പോലീസിന്റെ വിമുഖതയാണ് ഇതിനു കാരണമെന്നാണ് കേസുകളുടെ പുരോഗതി നിരീക്ഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറിയുടെ മുമ്പാകെ കേരള ഹൈക്കോടതി പറഞ്ഞത്.

ജുഡീഷ്യറിയെ നോക്കുകുത്തിയാക്കി കേസുകള്‍ പിന്‍വലിച്ചതിനെക്കുറിച്ച് ചോദിച്ചാല്‍, രാഷ്ട്രീയ പകപോക്കലിനായി കെട്ടിച്ചമച്ച കേസുകളാണ് ഇവയെന്നാണ് സര്‍ക്കാറുകള്‍ നല്‍കുന്ന പതിവു വിശദീകരണം. എന്നാല്‍ കേസുകള്‍ വ്യാജമാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പ്രതികളുടെ രാഷ്ട്രീയ യജമാനന്മാരായ ഭരണാധിപന്മാരല്ല, നീതിപീഠങ്ങളാണ്. കോടതികള്‍ക്കു മുമ്പേ അക്കാര്യം ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെയായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടത്. ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതി അനുമതിയോടെ മാത്രമേ പിന്‍വലിക്കാവൂവെന്ന് അടിക്കടി ബന്ധപ്പെട്ടവരെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നുമുണ്ട് പരമോന്നത നീതിപീഠം.

ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ അനുമതിയില്ലാതെ പിന്‍വലിച്ച നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. കേസുകള്‍ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കാനും കേസുകളുടെ വിശദാംശങ്ങള്‍ ഹൈക്കോടതികള്‍ക്കു കൈമാറാനും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച്. നീതിസമത്വം ഉദ്‌ഘോഷിക്കുന്ന ഭരണഘടനക്ക് കീഴിലുള്ള രാജ്യത്ത് രാഷ്ട്രീയക്കാര്‍ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമെന്നത് അംഗീകരിക്കാനാകില്ല. ജുഡീഷ്യറിയുടെ ഇക്കാര്യത്തിലുള്ള ഇടപെടല്‍ ആശ്വാസകരമാണ്.