Connect with us

Articles

ജുഡീഷ്യറി മാറണം; എന്തുകൊണ്ടെന്നാല്‍

കഴിഞ്ഞ 75 വര്‍ഷത്തിനിടെ പൊതുജനാരോഗ്യം, ആശയവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പര്യാപ്ത സ്ഥിതിയിലല്ലെങ്കിലും പുരോഗതി കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ നീതിന്യായ രംഗത്തെ കാര്യങ്ങള്‍ക്ക് അന്നും ഇന്നും ഒച്ചുവേഗമാണ്. അതുകൊണ്ടാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കോടിക്കണക്കുകളിലേക്ക് കുതിക്കുമ്പോഴും ഫലപ്രദമായ പ്രശ്‌ന പരിഹാരം ഉണ്ടാകാതെ പോകുന്നത്.

Published

|

Last Updated

‘ശ്രദ്ധ ചെലുത്തേണ്ട ചില പ്രധാന മേഖലകളുണ്ട്. പരമപ്രധാനമായത് ജുഡീഷ്യറിയിലെ നികത്താത്ത ഒഴിവുകള്‍ തന്നെയാണ്. ജില്ലാ നീതിന്യായ സംവിധാനത്തില്‍ തുടങ്ങി ഹൈക്കോടതികള്‍, സുപ്രീം കോടതിയിലെയെല്ലാം ഒഴിവുകള്‍ നികത്തേണ്ടതുണ്ട്’, ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റിസായി 2022 നവംബര്‍ ഒമ്പതിന് ചുമതലയേറ്റ ഡി വൈ ചന്ദ്രചൂഡ് ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിൻ്റെ ശകലമാണിത്. മുഖ്യ ന്യായാധിപനായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത അതേദിനം തന്നെയാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് അഭിമുഖം റിപോര്‍ട്ട് ചെയ്തത്. നവംബര്‍ 26ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗത്തില്‍ അദ്ദേഹം പ്രസ്താവിത വിഷയം ആവര്‍ത്തിക്കുകയും ചെയ്തു.

മുഖ്യ ന്യായാധിപ പദവിയില്‍ രണ്ട് വര്‍ഷം തുടരാന്‍ അവസരമുണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്. അപ്പോള്‍ താരതമ്യേനെ കൂടുതല്‍ കാലം അദ്ദേഹം ചീഫ് ജസ്റ്റിസ് പദവിയിലുണ്ടാകും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അത്രയും കാലം ചീഫ് ജസ്റ്റിസ് പദവിയിലിരിക്കാന്‍ ആര്‍ക്കും അവസരം ലഭിച്ചിട്ടില്ല. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ സന്നദ്ധമാകാത്ത കാര്‍ക്കശ്യമാണ് ഇപ്പോഴത്തെ മുഖ്യ ന്യായാധിപൻ്റെ ജുഡീഷ്യല്‍ കരിയറെന്ന് അത് പരിശോധിച്ചാല്‍ വ്യക്തമാകും. തൻ്റെ നിലപാടുകള്‍ക്കപ്പുറത്ത് ഭരണകൂട സമ്മര്‍ദത്തിന് അത്രയെളുപ്പം അദ്ദേഹം കീഴടങ്ങുമെന്ന് വിചാരിക്കാന്‍ നിര്‍വാഹമില്ല. തങ്ങളുടെ സങ്കുചിത രാഷ്ട്രീയ പ്രത്യയശാസ്ത്ര അജന്‍ഡകളുടെ നടത്തിപ്പിന് ജുഡീഷ്യറിയില്‍ നിന്ന് വലിയ രീതിയില്‍ പിന്തുണ ലഭിക്കണമെന്ന് കേന്ദ്ര ഭരണം കൈയാളുന്നവര്‍ ആഗ്രഹിക്കുന്ന ഒരു കാലത്ത് ചെറിയൊരു പ്രതിരോധം പോലും ഭരണകൂടത്തിന് കാര്യങ്ങള്‍ ദുഷ്‌കരമാക്കും. തങ്ങളുടെ ഇംഗിത സംരക്ഷകരല്ലാത്തവര്‍ ഹയര്‍ ജുഡീഷ്യറിയില്‍ കടന്നുകൂടുന്നത് മേലില്‍ തടയുകയും വേണം. അതിനാണിപ്പോള്‍ ഉപരാഷ്ട്രപതിയും കേന്ദ്ര നിയമ മന്ത്രിയുമെല്ലാം കൊളീജിയം സംവിധാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്നത്.

ഭരണഘടനാ കോടതികളിലേക്ക് ന്യായാധിപ നിയമനത്തിനുള്ള കറതീര്‍ന്ന സംവിധാനമല്ല കൊളീജിയം എന്നുവന്നാലും വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയിന്‍മെൻ്റ്സ് കമ്മീഷനിലൂടെ കൊളീജിയത്തിന് ബദല്‍ കൊണ്ടുവരാന്‍ കലഹം കൂട്ടുന്ന ഭരണകൂടത്തിൻ്റെ ഉള്ളിലിരിപ്പ് അത്ര സുതാര്യമാകാനിടയില്ല. രാജ്യത്ത് ശേഷിക്കുന്ന നീതിന്യായ സ്വാതന്ത്ര്യവും ഇല്ലായ്മ ചെയ്ത് ജുഡീഷ്യറിയെ പൂര്‍ണമായും സെന്‍ട്രല്‍ എക്‌സിക്യൂട്ടീവിൻ്റെ കരവലയത്തിലാക്കാനുള്ള ബഹളമാണ് ഒരേസമയം പലയിടത്ത് നിന്നായി ഉയര്‍ത്തിവിടുന്നത്.

നിലവിലുള്ള കൊളീജിയം സംവിധാനത്തെ ഏത് വിധവും മറികടക്കുക എന്നത് മാത്രമാണ് ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഭരണകൂട താത്പര്യമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. നാല് കോടിയില്‍ പരം കേസുകളാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്നത്. ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഭരണകൂടം തുടരുന്ന പ്രതിലോമ സമീപനം അതിനൊരു പ്രധാന കാരണമാണ്.
രാജ്യത്തെ ജനസംഖ്യയില്‍ പത്ത് ലക്ഷത്തിന് അമ്പത് പേര്‍ എന്ന അനുപാതത്തില്‍ ന്യായാധിപര്‍ വേണമെന്ന് സമീപകാല സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അനുവദിച്ച അംഗബലം പതിനെട്ടാണ്. ലഭ്യമായ ശരാശരി അംഗബലമാണെങ്കില്‍ പതിനാലുമാണ്. നിയമ വ്യവഹാരങ്ങള്‍ യഥാവിധം തീര്‍പ്പാക്കാന്‍ മതിയായ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ എണ്ണം ആവശ്യമായതിലും എത്രയോ കുറവാണ്. രാജ്യത്തെ കോടതികളിലാകെ അനുവദിച്ചിരിക്കുന്ന ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ അംഗബലം 25,000 ആണെന്നും സുപ്രീം കോടതി വെളിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അതില്‍ അയ്യായിരത്തോളം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നുവെന്ന് പരമോന്നത നീതിപീഠം തന്നെ ചൂണ്ടിക്കാട്ടുന്നു. ജുഡീഷ്യല്‍ നിയമനങ്ങളില്‍ കാലവിളംബം വരാതെ നോക്കിയാല്‍ പുതുതായി കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാമെന്നിരിക്കെയാണ് നീതിന്യായ മേഖലയെ പ്രതി ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാപൂര്‍ണമായ സമീപനം ഇല്ലാത്തതിൻ്റെ ദുര്യോഗം രാജ്യത്തെ പൗരന്‍മാര്‍ അനുഭവിക്കുന്നത്.

ഒരു കേസ് തീര്‍പ്പാക്കാന്‍ യൂറോപ്യന്‍ കോടതികള്‍ ചെലവിടുന്ന ശരാശരി കാലയളവ് ആറ് മാസമാണെങ്കില്‍ ഇന്ത്യയിലത് മുപ്പത് മാസമാണെന്ന് കണക്കുകള്‍ തെര്യപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിൻ്റെ 75ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് നിതി ആയോഗ് പുറത്തുവിട്ട സ്ട്രാറ്റജി ഡോക്യുമെൻ്റ് ഇന്ത്യന്‍ ജുഡീഷ്യറി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ പ്രശ്‌നത്തിൻ്റെ പ്രകാശനമാണ്. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട ഒരു കേസ് തീര്‍പ്പാകാന്‍ ശരാശരി 20 വര്‍ഷമെടുക്കുന്നു. രാജ്യത്ത് നിലവിലുള്ള രീതിയില്‍ കേസുകള്‍ തീര്‍പ്പാക്കി മുന്നോട്ടുപോയാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ 324 വര്‍ഷമെടുക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം നടത്തിയ പഠനം ഉദ്ധരിച്ചുകൊണ്ട് നിതി ആയോഗ് റിപോര്‍ട്ട് സംസാരിക്കുന്നുണ്ട്. വൈകിയ നീതി തന്നെയും നീതി നിഷേധമാണെന്നാണ് നമ്മുടെ നീതിന്യായ സങ്കല്‍പ്പം. അവിടെയാണ് അനന്തകാലം നിയമ വ്യവഹാരങ്ങളില്‍ തീര്‍പ്പ് ലഭിക്കാതെ രാജ്യത്തെ പൗരന്‍മാര്‍ കോടതിപ്പടികള്‍ കയറിയിറങ്ങി കുഴയുന്നത്. അപ്പോഴും പണവും സ്വാധീനവുമുള്ളവര്‍ക്ക് വേണ്ടി നമ്മുടെ നീതിന്യായ സംവിധാനങ്ങള്‍ വേഗമുള്ള വിചാരണ നടത്തുന്നതിനും ആവശ്യമെങ്കില്‍ വിചാരണ വൈകിപ്പിക്കുന്നതിനും പലവുരു നമ്മള്‍ സാക്ഷിയായതാണ്.

വേള്‍ഡ് ജസ്റ്റിസ് പ്രൊജക്ടിൻ്റെ റൂള്‍ ഓഫ് ലോ ഇന്‍ഡക്‌സില്‍ 140 രാജ്യങ്ങളില്‍ 77ാം സ്ഥാനത്താണ് ഇന്ത്യ. ലോകത്തെ ഒന്നാന്തരം ജനാധിപത്യ ശക്തിയെന്നൊക്കെ വീമ്പ് പറയുമെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ നീതിലഭ്യതയുടെ സ്ഥിതി ശുഭകരമല്ല. കഴിഞ്ഞ 75 വര്‍ഷത്തിനിടെ പൊതുജനാരോഗ്യം, ആശയവിനിമയം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ പര്യാപ്ത സ്ഥിതിയിലല്ലെങ്കിലും പുരോഗതി കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ നീതിന്യായ രംഗത്തെ കാര്യങ്ങള്‍ക്ക് അന്നും ഇന്നും ഒച്ചുവേഗമാണ്. അതുകൊണ്ടാണ് രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കോടിക്കണക്കുകളിലേക്ക് കുതിക്കുമ്പോഴും ഫലപ്രദമായ പ്രശ്‌ന പരിഹാരം ഉണ്ടാകാതെ പോകുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ബജറ്റ് ചെലവുകളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് നീതിന്യായ മേഖലയില്‍ വിനിയോഗിക്കുന്നത്. കൃത്യമായ ജുഡീഷ്യല്‍ നിയമനങ്ങള്‍ക്കൊപ്പം കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക കൂടെ വേണം നമ്മുടെ നീതിന്യായ മേഖലയെ അതിൻ്റെ ശരിയായ സഞ്ചാരപഥത്തിലെത്തിക്കാന്‍. അതിന് പ്രഥമ പരിഗണന നല്‍കി മുഖ്യ ന്യായാധിപന്‍ തന്നെ രംഗത്തുണ്ടാകുമ്പോള്‍ ഇതൊരു അവസരമാണ്. ഉപയോഗപ്പെടുത്തുന്ന പക്ഷം കോടതി കയറി കാലുതേഞ്ഞെന്ന ജനങ്ങളുടെ പായാരം പറച്ചില്‍ മാറും. നീതിപീഠങ്ങളെ സമീപിക്കാനുള്ള മടുപ്പൊഴിവായി കോടതികളിലെ ജനവിശ്വാസം വര്‍ധിക്കാന്‍ നിമിത്തമാകുകയും ചെയ്യും.

Latest