ELEPHANTS
കാട്ടാനകൾ തീവണ്ടിയിടിച്ച് ചരിയുന്നു; റെയിൽവേക്കെതിരെ സി എ ജി
വനത്തോടനുബന്ധിച്ച് ആനകൾ സ്ഥിരമായി സഞ്ചരിക്കുന്ന മേഖലകളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയും കേന്ദ്ര റെയിൽവേ മന്ത്രാലയവും ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രായോഗികമാക്കിയിട്ടില്ല
പാലക്കാട് | കാട്ടാനകൾ തീവണ്ടിയിടിച്ച് ചരിയുന്ന സംഭവത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും റെയിൽവേയെയും പ്രതികൂട്ടിലാക്കി കംപ്ട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ(സി എ ജി) റിപ്പോർട്ട്. കഴിഞ്ഞ ദിവസം പുതുതായി പുറത്തിറങ്ങിയ റിപ്പോർട്ടിൽ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി റെയിൽവേ ട്രാക്കിൽ കാട്ടാനകൾ ചത്തൊടുങ്ങുന്നതിൽ നടപടിയെടുക്കാത്തതിലാണ് സി എ ജി രൂക്ഷ വിമർശം നടത്തിയത്.
വനത്തോടനുബന്ധിച്ച് ആനകൾ സ്ഥിരമായി സഞ്ചരിക്കുന്ന മേഖലകളിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയും കേന്ദ്ര റെയിൽവേ മന്ത്രാലയവും ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഇവയൊന്നും പ്രായോഗികമാക്കിയിട്ടില്ല. റെയിൽവേയും സംസ്ഥാന സർക്കാറും കണ്ടെത്തിയ ഈ സ്ഥലങ്ങളിൽ അടിപ്പാതയോ, മേൽപ്പാലമോ ഇതുവരെ നിർമിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതികളുണ്ടായാൽ മാത്രം പോരാ അവ പ്രാവർത്തികമാക്കുന്നതിന് മുന്നോട്ട് വന്നാൽ മാത്രമേ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുകയുള്ളൂവെന്നും സി എ ജി വ്യക്തമാക്കുന്നു. ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും ഇതുവരെ അപകടമേഖലകളിൽ അടിപ്പാതയോ, മേൽപ്പാലമോ നിർമിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാറും റെയിൽവേ ഡിവിഷനുകളും ഒരുപോലെ കുറ്റക്കാരാണെന്നും സി എ ജി റിപ്പോർട്ട് പറയുന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിന് എട്ടിമടക്കും വാളയാറിനുമിടയിൽ ആനകൾക്ക് റാമ്പുകൾ സ്ഥാപിക്കുക, ആനകളുടെ സഞ്ചാരം നിരീക്ഷിക്കാൻ വാച്ച് ടവറുകൾ സ്ഥാപിക്കുക, വനമേഖലയോടാനുബന്ധിച്ച് കുടിവെള്ള സ്രോതസ്സുകൾ നിർമിക്കുക, ആനകളുടെ സാന്നിധ്യം കണ്ടെത്താൻ ഉപകരണങ്ങൾ സ്ഥാപിക്കുക എന്നീ നിർദേശങ്ങളും സി എ ജി മുന്നോട്ട് വെച്ചിട്ടുണ്ട്. സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പദ്ധതികളുടെ പ്രവർത്തനം വിലയിരുത്താൻ പാലക്കാട്, കോയമ്പത്തൂർ ഡിവിഷനിലെയും റെയിൽവേ, വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്ഥിരം ഏകോപന സമിതി നിയമിക്കാൻ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ഇതിന് പുറമെ ട്രാക്കിന് സമീപമുള്ള ആനകളുടെ സാന്നിധ്യം അറിയാൻ സ്റ്റേഷൻ മാസ്റ്റർമാരുമായോ കൺട്രോൾ ഓഫീസുമായോ അറിയിക്കാൻ കൂടുതൽ ആന ട്രാക്കർമാരെ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വനംവകുപ്പിന്റെ നേതൃത്വത്തിലാണ് ആനയെ പിടികൂടുന്നത്. പോത്തനൂർ പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ പശ്ചിമഘട്ടത്തിലെ റിസർവ് വനങ്ങളുടെ കടന്നുപോകുന്ന 48 കിലോ മീറ്റർ റെയിൽവേ പാതയിൽ ഏഴിടങ്ങളിലൂടെയാണ് കാട്ടാനകൾ പ്രധാനമായി സഞ്ചരിക്കുന്നത്. ചെന്നൈയിൽ നിന്ന് ഇറോഡ് വഴി തിരുവനന്തപുരത്തേക്കുള്ള പ്രധാന പാതയിൽ നിരവധി ട്രെയിനുകളും കടന്ന് പോകുന്നുണ്ട്.
ഇവിടങ്ങളിലായി കാട്ടാനകൾ ദുരന്തത്തിൽപ്പെടാതിരിക്കാൻ അടിപ്പാതയോ അല്ലാത്തപക്ഷം മേൽപ്പാലമോ നിർമിക്കണമെന്ന് നിർദേശമുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. ആനകൾ സഞ്ചരിക്കുന്ന ഏഴ് പാതകളിൽ രണ്ടെണ്ണം തമിഴ്‌നാട്ടിലും മൂന്നെണ്ണം കേരളത്തിലും ബാക്കി രണ്ടെണ്ണം ഇരു സംസ്ഥാനങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. കാട്ടാനകൾ അടിക്കടി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്ന പോത്തനൂർ-പാലക്കാട് റെയിൽവേ പാതയിലൂടെ പ്രതിദിനം ശരാശരി 61 എക്‌സ്പ്രസ്, പാസഞ്ചർ ട്രെയിനുകൾ കടന്നുപോകുന്നുണ്ട്. 16.5 കിലോമീറ്റർ വനത്തിലൂടെയാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. അതിൽ അഞ്ച് കിലോമീറ്റർ തമിഴ്‌നാട്ടിലെ എട്ടിമടക്കും വാളയാറിനും ഇടയിലും 11.5 കിലോമീറ്റർ കേരളത്തിലുമാണ്. കഞ്ചിക്കോട്, മധുക്കര ഭാഗത്ത് ട്രെയിനിടിച്ച് 14 ആനകൾ അടുത്തകാലത്ത് ചരിഞ്ഞിട്ടുണ്ട്.