Connect with us

Kerala

ശ്രീറാമിന്റെ നിയമനത്തിന് ന്യായീകരണം തെറ്റ്; ഒഡീഷയിൽ കൊലക്കേസ് പ്രതിയായ കലക്ടറെ മാറ്റി

നവീൻ പട്നായിക് സർക്കാറിന്റെ നടപടി കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ 2020 നവംബർ 16ന്

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചു കൊന്ന കേസിൽ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയത് സാധാരണ നടപടിക്രമമാണെന്ന സർക്കാർ വാദം തെറ്റെന്ന് തെളിയിച്ച് ഒഡീഷ സർക്കാറിന്റെ നടപടി. 2020ൽ ഒഡീഷയിൽ കൊലപാതക കേസിൽ പ്രതി ചേർക്കപ്പെട്ടതിനെ തുടർന്ന് കലക്ടറെ തത്്സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലാ മജിസ്‌ട്രേറ്റും കലക്ടറുമായിരുന്ന മനീഷ് അഗർവാളിനെയാണ് കൊലക്കേസിൽ പ്രതിയായതിന് തൊട്ടുപിന്നാലെ നവീൻ പട്‌നായിക്ക് സർക്കാർ കലക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്. കലക്ടറുടെ പേഴ്‌സനൽ സ്റ്റാഫിന്റെ മരണത്തിൽ കലക്ടറെ പ്രതിചേർക്കപ്പെട്ട് 24 മണിക്കൂർ പൂർത്തിയാകും മുമ്പാണ് മജിസ്‌ട്രേറ്റ് പദവിയിൽ നിന്ന് സ്ഥാനഭ്രഷ്ടനാക്കിയത്. തുടർന്ന് ഇയാളെ പ്ലാനിംഗ് ആൻഡ് കൺവേർജൻസ് വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാക്കി നിയമിക്കുകയായിരുന്നു.

പേഴ്‌സനൽ അസ്സിസ്റ്റന്റ് ദേബ നാരായൺ പാെണ്ഡയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മനീഷ് അഗർവാളിനെതിരെ പോലീസ് കൊലക്കേസ് രജിസ്റ്റർ ചെയ്തത്. കെ എം ബഷീറിന്റെ കൊലപാതകത്തിന് സമാനമായി ഈ കേസിലും പ്രതി ഉന്നത ഉേദ്യാഗസ്ഥനായിരുന്നതിനാൽ തുടക്കത്തിൽ പോലീസ് കേസെടുത്തിരുന്നില്ല. സംഭവം നടന്ന് 11 മാസം കഴിഞ്ഞ് 2020 നവംബർ 20ന് കോടതി നിർദേശത്തെ തുടർന്നാണ് പോലീസ് കേസെടുത്തത്. 2019 ഡിസംബർ 27ന് പാെണ്ഡയെ കാണാതായി. ഒരു ദിവസത്തിന് ശേഷം സതിഗുഡ അണക്കെട്ടിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഉച്ചക്ക് ഒന്നിന് ശേഷം ഓഫീസ് ചേംബറിൽ നിന്ന് ഇറങ്ങിയ പാെണ്ഡ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ബനജ പാെണ്ഡ മാൽക്കൻഗിരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഓഫീസിൽ കടുത്ത സമ്മർദമുള്ളതായും ഭാര്യ പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. എങ്കിലും പോലീസ് ജില്ലാ കലക്ടറെ കേസിൽ പ്രതി ചേർത്തിരുന്നില്ല. ഭാര്യ നൽകിയ ഹരജിയിൽ കലക്ടറെ ഉൾപ്പെടെ പ്രതി ചേർത്ത് കേസെടുക്കാൻ മാൽക്കൻഗിരി സബ് ഡിവിഷനൽ കോടതി നിർദേശിക്കുകയായിരുന്നു. തുടർന്ന് ഐ പി സി 120 ബി ക്രിമിനൽ ഗൂഢാലോചന, 201 തെളിവ് നശിപ്പിക്കൽ, 204 തെളിവ് അല്ലെങ്കിൽ ഇലക്ട്രോണിക് റെക്കോർഡ് നശിപ്പിക്കൽ, 302 കൊലപാതകം, 506 ഭീഷണിപ്പെടുത്തൽ, 34 പൊതു ഉദ്ദേശ്യം എന്നിവ പ്രകാരം കലക്ടർക്കെതിരെ കേസെടുത്തു.

ഇതിന് പിന്നാലയാണ് കലക്ടർക്കെതിരെ ഒഡീഷ സർക്കാർ നടപടി സ്വീകരിച്ചത്. കൊലപാതക കേസ് പ്രതിയെ കലക്ടർ സ്ഥാനത്ത് നീക്കിയ ഒഡീഷ സർക്കാറിന്റെ നടപടി രാജ്യത്തുടനീളം വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

അതേസമയം, കെ എം ബഷീറിന്റെ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കലക്ടറാക്കി നിയമിക്കുന്ന നടപടിയാണ് കേരള സർക്കാർ സ്വീകരിച്ചത്. ഒഡീഷയിലെ കേസിന് സമാനമായി നരഹത്യ, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി തിരുവനന്തപുരം സെഷൻസ് കോടതിയിൽ ക്രിമിനൽ കേസിൽ ഒന്നാം പ്രതിയായി വിചാരണ നേരിടുന്നയാളാണ് ശ്രീറാം വെങ്കിട്ടരാമൻ. മാത്രമല്ല ഗുരുതര കുറ്റം ആരോപിക്കപ്പെട്ട് വിചാരണ നേരിടുന്ന പ്രതിയെ ജില്ലയുടെ ഭരണത്തലവനും ക്രമസമാധാന പാലനത്തിന്റെ അധിപനുമായി നിയമിച്ചത് ഐ എ എസ് ഓഫീസർമാർക്കുള്ള പേഴ്‌സനൽ മന്ത്രാലയത്തിന്റെ നിർദേശങ്ങളെല്ലാം മറികടന്നാണ്.
സർക്കാർ നടപടിക്കെതിരെ വലിയ വിമർശങ്ങളാണ് സംസ്ഥാനത്തുടനീളം ഉയരുന്നത്.