National
മസ്ജിദിൽ കയറി ജയ് ശ്രീറാം വിളിച്ച കേസിൽ പ്രതികൾക്ക് എതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി കർണാടക ഹൈക്കോടതി
'ജയ് ശ്രീ റാം' വിളി മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് കോടതി
ബംഗളൂരു | ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുന്ന ഉത്തരവുമായി കർണാടക ഹൈക്കോടതി. മസ്ജിദിനുള്ളിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കെതിരായ ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കി. കീർത്തൻ കുമാർ, എൻ എം സച്ചിൻ കുമാർ എന്നിവർക്ക് എതിരെ ഐപിസി 447, 295 എ, 505, 506 വകുപ്പുകൾ പ്രകാരം എടുത്ത കേസാണ് റദ്ദാക്കിയത്.
‘ജയ് ശ്രീ റാം’ വിളി മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയായി എങ്ങനെ വ്യാഖ്യാനിക്കാൻ കഴിയുമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എം നാഗപ്രസന്ന ചോദിച്ചു. സമാധാനമോ ക്രമസമാധാനമോ തകർക്കാത്ത നടപടികൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 295 എ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ഒരു കേസിലെ സുപ്രീം കോടതി വിധി പരാമർശിച്ച് ജഡ്ജി വ്യക്തമാക്കി.
പ്രതിഭാഗത്തിന്റെ വാദത്തോട് യോജിച്ച കോടതി, ആരോപണങ്ങളെ പിന്തുണയ്ക്കുന്ന മതിയായ തെളിവുകൾ കണ്ടെത്തിയില്ലെന്ന് വ്യക്തമാക്കിയാണ് നടപടി റദ്ദാക്കിയത്. പൊതുസ്ഥലമായ പള്ളിയിൽ പ്രവേശിക്കുന്നത് നിയമപ്രകാരം ക്രിമിനൽ അതിക്രമമായി കണക്കാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
2023 സെപ്റ്റംബർ 24 നാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ഐട്ടൂർ ഗ്രാമത്തിലെ ഒരു പള്ളിയിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവത്തിൽ ഹൈദർ അലി സി എം എന്നയാളാണ് പരാതി നൽകിയത്. സംഭവ ദിവസം രാത്രി വൈകി ഇരുവരും പള്ളിക്ക് ചുറ്റും ബൈക്കിൽ സഞ്ചരിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദുക്കളും മുസ്‍ലിംകളും ഐക്യത്തോടെ ജീവിക്കുന്ന പ്രദേശത്ത് സാമുദായിക വേർതിരിവ് സൃഷ്ടിക്കാനാണ് പ്രതികൾ ശ്രമിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഹൈക്കോടതി വിധിക്ക് എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിശുദ്ധമായ ആരാധനാലയങ്ങളെ മുദ്രാവാക്യങ്ങളുടെയും പ്രകടനങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള ഗൂഢ അജണ്ടകൾക്ക് ന്യായാസനം കയ്യൊപ്പ് ചാർത്തുന്നത് രാജ്യത്തിൻറെ മതനിരപേക്ഷ ഉള്ളടക്കത്തെ അപകടപ്പെടുത്തുമെന്ന് കേരള മുസ്ലിം ജമാഅത്ത് ക്യാബിനറ്റ് വിലയിരുത്തി. സിംഗിൾ ബെഞ്ചിൽ നിന്നുണ്ടായിരിക്കുന്ന വിധിക്കെതിരെ അടിയന്തരമായി മേൽക്കോടതിയെ സമീപിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.