Connect with us

Athmeeyam

പൊരുത്തപ്പെടലല്ല, മനസ്സിലാക്കലാണ് പ്രധാനം

മനസ്സിലാക്കൽ ഒരു മഹത്തായ കലയാണ്. നല്ല പരിശീലനം ലഭിച്ചവർക്കു മാത്രമേ അത് പൂർണതയോടെ പ്രാവർത്തികമാക്കാനാകുകയുള്ളൂ. ദമ്പതികൾ, മാതാപിതാക്കളും മക്കളും, ഗുരുവും ശിഷ്യനും, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിലെല്ലാം പരസ്പരം മനസ്സിലാക്കലിന് വലിയ പ്രാധാന്യമുണ്ട്.

Published

|

Last Updated

സംതൃപ്തിയുള്ള സൗഹൃദങ്ങളുടെയും നിർവൃതിയുള്ള ബന്ധങ്ങളുടെയും അടിസ്ഥാനം കുടികൊള്ളുന്നത് പരസ്പരം മനസ്സിലാക്കലിലാണ്. നല്ല ബന്ധങ്ങൾ വളർത്തുന്നതിനും മികച്ച കൂട്ടുകെട്ട് സ്ഥാപിക്കുന്നതിനും അവയെ പരിപോഷിപ്പിക്കുന്നതിനും അപരനെ മനസ്സിലാക്കൽ അനിവാര്യമാണ്. പതിറ്റാണ്ടുകൾ പിന്നിട്ട പല ബന്ധങ്ങളും നിലനിൽക്കുന്നത് കേവലം അഡ്ജസ്റ്റുമെന്റുകളിലാണെന്നതാണ് യാഥാർഥ്യം. ഇത്രയും നാളായിട്ടും എന്നെ മനസ്സിലാക്കാൻ എന്റെ കൂട്ടുകാരനും കൂടെപ്പിറപ്പിനും സഹധർമിണിക്കും സഹപ്രവർത്തകനും സാധിച്ചില്ലല്ലോ എന്നോർത്ത് പരിഭവപ്പെടുന്ന അനേകം പേർ നമുക്കിടയിലുണ്ട്. “എന്നെ ഒന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു’വെന്ന് പറയുന്നതും പലരിൽ നിന്നും പലപ്പോഴും കേൾക്കുന്ന ഒരു വാക്യമാണ്.

അറിവും തിരിച്ചറിവും തമ്മിൽ വലിയ വ്യത്യാസമുള്ളതുപോലെ അഡ്ജസ്റ്റ്മെന്റും അണ്ടർസ്റ്റാന്റിംഗും തമ്മിൽ ആഴത്തിലുള്ള അന്തരമുണ്ട്. തത്ത്വചിന്തകനും ദാർശനികനുമായിരുന്ന ബറൂക്ക് സ്പിനോസ പറയുന്നു: “ഒരു മനുഷ്യന് നേടാനാകുന്ന ഏറ്റവും ഉയർന്ന നേട്ടം പരസ്പരം മനസ്സിലാക്കാൻ പഠിക്കുക എന്നതാണ്’. “മറ്റൊരാളുടെ ലോകത്തെയും ആശയങ്ങളെയും അഭിരുചികളെയും അവനവന്റെ ലോകത്തേക്ക് പരിഭാഷപ്പെടുത്തുന്നതാണ് മനസ്സിലാക്കലെ’ന്ന് ജർമൻ തത്വചിന്തകൻ ഹാൻസ് ജോർജ് ഗാഡാമർ തന്റെ “ട്രൂത്ത് ആൻഡ് മെത്തേഡ്’ എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നു.

മനസ്സിലാക്കൽ ഒരു മഹത്തായ കലയാണ്. നല്ല പരിശീലനം ലഭിച്ചവർക്കു മാത്രമേ അത് പൂർണതയോടെ പ്രാവർത്തികമാക്കാനാകുകയുള്ളൂ. ദമ്പതികൾ, മാതാപിതാക്കളും മക്കളും, ഗുരുവും ശിഷ്യനും, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവർക്കിടയിലെല്ലാം പരസ്പരം മനസ്സിലാക്കലിന് വലിയ പ്രാധാന്യമുണ്ട്. പൊറുതികേട് കാണിക്കുന്ന സഹയാത്രികനൊപ്പമുള്ള ദീർഘയാത്ര അസഹ്യമാണ്. ഒരുമിച്ച് തൊഴിലെടുക്കുമ്പോഴും ഒന്നിച്ച് യാത്ര ചെയ്യുമ്പോഴും കൂട്ടുകുടുംബത്തിലും വീഴ്ചകളും പോരായ്മകളും സ്വാഭാവികമാണ്. കുറ്റമറ്റ പെരുമാറ്റവും സർവരെയും തൃപ്തിപ്പെടുത്തുന്ന സംസാരവും സാമൂഹിക ജീവിതത്തിൽ വളരെ അപൂർവം പേർക്ക് ലഭിക്കുന്ന സൗഭാഗ്യമാണ്. കുറ്റങ്ങളും കുറവുകളും വിളിച്ചുകൂവാനും ആഘോഷിക്കാനുമുള്ള താണെന്ന് ധരിച്ചവരുണ്ട്. പരസ്പരം മനസ്സിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാതെ ആര്‍ക്കും എപ്പോഴും കയറാനും ഇറങ്ങാനും സ്വാതന്ത്ര്യമുള്ള ചന്തയുടെ ലാഘവത്തിൽ പവിത്രമായ കുടുംബബന്ധങ്ങളെ കാണുന്നവരുമുണ്ട്.

അന്യന്റെ ന്യൂനതകൾ മറച്ചുപിടിക്കുകയെന്നത് വിശ്വാസിയുടെ പെരുമാറ്റ മര്യാദയാണ്. അത്തരക്കാരുടെ ന്യൂനതകൾ സർവശക്തൻ ഇഹത്തിലും പരത്തിലും മറച്ചുവെക്കുമെന്നും അവർക്ക് മഹത്തായ പ്രതിഫലം ലഭിക്കുമെന്നും ഹദീസിലുണ്ട്. (മുസ്‌ലിം) അബൂസഈദിൽ ഖുദ്‌രി(റ)വിൽ നിന്നും ഉദ്ധരിക്കുന്ന ഹദീസിൽ കാണാം: “കൂട്ടുകാരന്റെ ഒരു ന്യൂനത കാണാനിടവന്നിട്ടും അത് മറച്ചുപിടിക്കുന്ന വിശ്വാസി സ്വർഗത്തിൽ കടക്കാതിരിക്കില്ല’ (ത്വബ്‌റാനി).

ഇണകള്‍ തമ്മിലുള്ള ബന്ധത്തെ എത്ര മനോഹരമായാണ് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്. മനുഷ്യന്റെ ഉടയാടപോലെയാണത്. ഒരാളും അവന്റെ ഉടുവസ്ത്രവും തമ്മിൽ എത്രമേൽ കെട്ടുപിണഞ്ഞാണോ കിടക്കുന്നത് അപ്രകാരമാകണം ഇണയും തുണയും. അല്ലാഹു പറയുന്നു: “അവര്‍ (ഭാര്യമാര്‍) നിങ്ങളുടെ വസ്ത്രമാണ്. നിങ്ങള്‍ അവരുടെ വസ്ത്രവും’ (അല്‍ബഖറ: 187) വസ്ത്രം മനുഷ്യശരീരത്തോട് ഒട്ടിനില്‍ക്കുകയും നഗ്‌നത മറയ്ക്കുകയും ബാഹ്യോപദ്രവങ്ങളില്‍നിന്ന് ശരീരത്തെ സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യുന്നപോലെ ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവ് ഭാര്യക്കും സുരക്ഷാകവചമായിരിക്കണം. ശരീരം രണ്ടാണെങ്കിലും മനസ്സുകള്‍ ഒന്നാകണം. വീഴ്ചകള്‍ക്കും ന്യൂനതകള്‍ക്കും പരസ്പരം മറയായി വര്‍ത്തിക്കുകയും തിന്മകളില്‍ നിന്നും അധര്‍മങ്ങളില്‍നിന്നും അന്യോനം സംരക്ഷിക്കുകയും വേണം. ചുരുക്കത്തിൽ ഭാര്യക്ക് ഭര്‍ത്താവും ഭര്‍ത്താവിന് ഭാര്യയും അലങ്കാരവും സൗന്ദര്യവും സുരക്ഷയുമാകണം.
ഇണകൾക്ക് അറബിയിൽ “സൗജ്’ എന്ന പദമാണ് ഉപയോഗിക്കുന്നത്. വെള്ളത്തിലലിഞ്ഞ പഞ്ചസാര പോലെ, ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കാനാകാത്ത വിധം രണ്ട് വസ്തുക്കള്‍ കൂടിച്ചേരുകയും മാധുര്യമുള്ള മറ്റൊന്നായി മാറുകയും ചെയ്യുന്ന പ്രക്രിയയാണ് യഥാർഥത്തിൽ “സൗജ്’ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് അടിമ – ഉടമ ബന്ധമോ മുതലാളി – തൊഴിലാളി ബന്ധമോ അല്ലെന്നർഥം.

ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിന് മനഃശാസ്ത്രജ്ഞരും കൗണ്‍സലിംഗ് വിദഗ്ധരും നല്‍കുന്ന പ്രധാന നിര്‍ദേശങ്ങളിലൊന്ന് “പരസ്പരം മനസ്സിലാക്കുക’ എന്നതാണ്. പങ്കാളിയുടെ ഇഷ്ടങ്ങൾ, മേന്മകൾ, ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ, കുറവുകൾ, സ്വഭാവ സവിശേഷതകൾ, വൈകല്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കൽ വൈവാ വികജീവിതം മാധുര്യമാകാൻ അനിവാര്യമാണ്. പരസ്പര വിശ്വാസം, ബഹുമാനം, തുറന്നുപറയൽ തുടങ്ങിയവ അതിന് സഹായകമാകുന്നു.

ഒത്തുപോകാൻ കഴിയാത്തതിനാൽ വേർപിരിയാൻ തീരുമാനിച്ച ദമ്പതികളോട് പിരിയുന്നതിന് മുമ്പ് അപരനിൽ കണ്ട നന്മകൾ ഓർക്കാനും ഒരു പേപ്പറിൽ പകർത്താനും കൗൺസിലർ പറഞ്ഞു. ഏതായാലും പിരിയുകയാണല്ലോ എന്ന മനഃസമാധാനത്താൽ രണ്ടു പേരും അപരനിലെ നന്മകൾ പരമാവധി എഴുതി. കൗൺസിലർ പേപ്പറുകൾ ഏറ്റുവാങ്ങുകയും പരസ്പരം കൈമാറുകയും ഒറ്റക്കിരുന്ന് വായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ ഇണ തന്നിൽ കണ്ട നന്മകളുടെ അർഥവും ആഴവും ഇരുവരും മനസ്സിലാക്കുകയും തിരിച്ചറിയുകയും ചെയ്തപ്പോൾ പരസ്പരം കെട്ടിപ്പിടിച്ച് മനോഹരമായ ദാമ്പത്യ ജീവിതം തുടർന്ന കഥ കൂട്ടിവായിക്കാവുന്നതാണ്.

ഒരാള്‍ തന്റെ സഹോദരന്റെ ദീനിലായിരിക്കുമെന്ന തിരുവചനം വലിയ ആശയങ്ങളാണ് പങ്കുവെക്കുന്നത്. അതായത് ഒരാളെ മനസ്സിലാക്കാന്‍ അയാളുടെ സുഹൃത്തിനെ നോക്കിയാല്‍ മതി എന്നർഥം. കാരണം, ഒരാളുടെ വ്യക്തിത്വ രൂപവത്കരണത്തിൽ അയാളുടെ സുഹൃത്തിന് വലിയ പങ്കുണ്ട്. സത്യസന്ധനും വിശ്വസ്തനും കരാറുകള്‍ പാലിക്കുന്നവനുമായ ഒരു സുഹൃത്ത് ലഭിക്കാത്തവൻ ഭൗതികലോകത്തോട് സലാം പറയലാണ് നല്ലതെന്ന ഇമാം ശാഫി(റ)വിന്റെ വീക്ഷണം ഇവിടെ ശ്രദ്ധേയമാണ്.

വീഴ്ചകൾ മറച്ചുവെക്കുകയും മികവുകളെ പ്രശംസിക്കുകയും ചെയ്യുന്നവരുമായി കൂട്ടുകൂടാനാണ് മഹാന്മാർ പഠിപ്പിച്ചത്. കൂട്ടുകാരന്റെ മനസ്സും കുടുംബ പശ്‌ചാത്തലവും തിരിച്ചറിഞ്ഞ ഒരാൾക്കേ വിജയകരമായതും നീണ്ടുനിൽക്കുന്നതുമായ സൗഹൃദം സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. സഹപ്രവർത്തകനെയും സഹധർമിണിയെയും പരസ്പരം അറിയാനും കേള്‍ക്കാനും പങ്കുവെക്കാനുമായി ചില സന്ദര്‍ഭങ്ങള്‍ മാറ്റിവെക്കുകയും അതിനായി സ്ഥലവും സമയവും നിശ്ചയിക്കുകയും വേണം. ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, അനുമോദനങ്ങൾ, പ്രതീക്ഷകള്‍, തിരുത്തലുകൾ തുടങ്ങിയവയെല്ലാം അതിലുൾപ്പെടണം. യഥാർഥ സുഹൃത്തും സഹധർമിണിയും പരസ്പരം അംഗീകരിക്കുകയും സന്തോഷിപ്പിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ്. ക്ഷാമത്തിലും ക്ഷേമത്തിലും സന്തോഷത്തിലും സന്താപത്തിലും ദാരിദ്ര്യത്തിലും ഐശ്വര്യത്തിലുമെല്ലാം അവർ പർസ്പരം പഴിചാരുന്നതിനുപകരം അന്യോന്യം പങ്കുചേരുകയും സഹായിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്യും.