Connect with us

Kerala

കൊലയാളി കാട്ടാനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കി

ആനയെ മയക്കുവെടിവച്ച് പിടികൂടി കാട്ടിലേക്ക് വിടണമെന്നാണ് ഉത്തരവിലുളളത്.

Published

|

Last Updated

ബത്തേരി| വയനാട് പടമലയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്ത് ഗൃഹനാഥനെ കൊന്ന സംഭവത്തില്‍ ആനയെ മയക്കുവെടി വെക്കാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിറക്കിയത്. ആനയെ മയക്കുവെടിവച്ച് പിടികൂടി കാട്ടിലേക്ക് വിടണമെന്നാണ് ഉത്തരവിലുളളത്. വനംവകുപ്പ് നടപടികള്‍ ആരംഭിച്ചു. മുത്തങ്ങയില്‍ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്നു നാട്ടുകാര്‍ അജിയുടെ മൃതദേഹവുമായി സബ് കളക്ടര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്നും മരിച്ച അജിയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക് എത്തിയവര്‍ തള്ളി. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുന്‍പ് വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നും വനം വകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

കാട്ടാന ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ മാനന്തവാടി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ നാല് വാര്‍ഡുകളിലാണ് 144 പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിര്‍ത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. ആനയുടെ സാന്നിധ്യം അറിഞ്ഞ നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിട്ടും ജനങ്ങള്‍ക്കു ജാഗ്രത നല്‍കാന്‍ അനൗണ്‍സ്‌മെന്റ് നടത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം.

ആനയെ കാട് ഇറങ്ങും മുന്നേ തുരത്താനായില്ലെന്നത് അധികൃതരുടെ വീഴ്ചയാണെന്നു നാട്ടുകാര്‍ പറയുന്നു.അതേസമയം കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കാന്‍ കര്‍ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് പറയുന്നു. പലതവണ കത്തയച്ചിട്ടും ആന്റിനയും റിസീവറും ലഭ്യമാക്കിയില്ല. എന്നാല്‍ റേഡിയോ കോളര്‍ സിഗ്‌നല്‍ കിട്ടാന്‍ ആന്റിനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കി. സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്‌നല്‍ നല്‍കാനാകുന്ന റേഡിയോ കോളര്‍ ആണ് മാനന്തവാടിയില്‍ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നതെന്നും കര്‍ണാടക വനം വകുപ്പ് പറയുന്നു.

 

 

 

Latest