Connect with us

Kerala

കൊലയാളി കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടും; വനംമന്ത്രി എ കെ ശശീന്ദ്രന്‍

കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും.

Published

|

Last Updated

ബത്തേരി| വയനാട് പടമലയില്‍ കാട്ടാന വീടിന്റെ മതില്‍ തകര്‍ത്ത് ഗൃഹനാഥനെ കൊന്ന സംഭവത്തില്‍ കാട്ടാനയെ മയക്കുവെടി വെച്ച് പിടുകൂടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴിയെന്നും സാഹചര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. പ്രതിഷേധം കാരണം ഉദ്യോഗസ്ഥര്‍ക്ക് നടപടികള്‍ എടുക്കാന്‍ കഴിയുന്നില്ലെന്നും ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ചാലിഗദ്ദ പടമല പനച്ചിയില്‍ അജിയാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴ ആനയാണ് വയനാട്ടിലിറങ്ങിയത്. പ്രദേശത്ത് ഭീതി ജനകമായ സാഹചര്യമാണുള്ളത്. ആനവരുന്നത് ആളെ കൊല്ലുന്നതും സി സി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

രണ്ടു കുട്ടികള്‍ ഓടി രക്ഷപ്പെടുന്നതും ദൃശ്യത്തില്‍ കാണാം. ആളെ കൊന്ന ശേഷം സ്ഥലത്തു നാശം വിതച്ചാണ് ആന മുന്നോട്ടു പോയത്. കഴിഞ്ഞ ആഴ്ച തണ്ണീര്‍ കൊമ്പന്‍ ഭീതി വിതച്ച പ്രദേശത്തിന് സമീപ പ്രദേശമാണിത്. മയക്കുവെടിവച്ചു തണ്ണീര്‍ കൊമ്പനെ പിടിച്ചെങ്കിലും പിന്നീട് ചരിഞ്ഞിരുന്നു.

സംഭവത്തെ തുടര്‍ന്നു പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തുവന്നു. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായുള്ള പ്രതിഷേധം മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ തുടരുകയാണ്. കടകള്‍ സ്വമേധയാ അടച്ചിട്ടു. മാനന്തവാടിയില്‍ നാട്ടുകാര്‍ വാഹനം തടഞ്ഞു പ്രതിഷേധിക്കുകയാണ്. കാട്ടാന ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ മാനന്തവാടി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി മുൻസിപ്പാലിറ്റിയിലെ നാല് വാർഡുകളിലാണ് 144 പ്രഖ്യാപിച്ചത്.

ഒ ഐര്‍ കേളു എം എല്‍ എയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറിങ്ങിയത്. ഈ ആന അതിര്‍ത്തി കടന്ന വിവരം വനം വകുപ്പ് അറിഞ്ഞില്ലേയെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. ആനയുടെ സാന്നിധ്യം അറിഞ്ഞ നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചിട്ടും ജനങ്ങള്‍ക്കു ജാഗ്രത നല്‍കാന്‍ അനൗണ്‍സ്മെന്റ് നടത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നാണ് ആരോപണം. ആനയെ കാട് ഇറങ്ങും മുന്നേ തുരത്താനായില്ലെന്നത് അധികൃതരുടെ വീഴ്ചയാണെന്നു നാട്ടുകാര്‍ പറയുന്നു.

അതേസമയം കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ നല്‍കാന്‍ കര്‍ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് പറയുന്നു. പലതവണ കത്തയച്ചിട്ടും ആന്റിനയും റിസീവറും ലഭ്യമാക്കിയില്ല. എന്നാല്‍ റേഡിയോ കോളര്‍ സിഗ്നല്‍ കിട്ടാന്‍ ആന്റിനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കര്‍ണാടക വനംവകുപ്പ് വ്യക്തമാക്കി. സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നല്‍ നല്‍കാനാകുന്ന റേഡിയോ കോളര്‍ ആണ് മാനന്തവാടിയില്‍ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നതെന്നും കര്‍ണാടക വനം വകുപ്പ് പറയുന്നു.

 

 

 

Latest