Kuwait
കറന്‍സികളില്‍ ഒന്നാമന്‍ കുവൈത്ത് ദിനാര്‍ തന്നെ

കുവൈത്ത് സിറ്റി | ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ കുവൈത്ത് ദിനാര്‍ മുന്‍നിരയില്‍ തന്നെ. പൊതു കരുതല്‍ നിക്ഷേപം, ദീര്‍ഘകാല ഫണ്ട് മുതലായ ഘടകങ്ങളാണ് കുവൈത്ത് ദിനാറിനെ ആഗോള കറന്‍സികളില്‍ മുന്‍നിരയില്‍ തന്നെ നിലനിര്‍ത്തുന്നത്. ഇത് കാരണം റേറ്റിംഗുകളോ പണപ്പെരുപ്പമോ കുവൈത്ത് ദിനാറിന്റെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഏകദേശം ഒരു ട്രില്യണ്‍ ഡോളര്‍ കരുതല്‍ ശേഖരം, ആസ്തികള്‍, സ്വര്‍ണം എന്നിവയുടെ കരുത്തിലാണ് കുവൈത്ത് ദിനാര്‍ ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയായി തുടരുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കുവൈത്ത് ദിനാര്‍ കൂടുതല്‍ സുസ്ഥിരവും ശക്തവുമാണ്. ഇതിനു പുറമെ വലിയ സാമ്പത്തിക വകയിരുത്തലുകളും കുവൈത്തിന്റെ ബേങ്കിംഗ് മേഖലയുടെ കരുത്തും ദിനാറിന്റെ മൂല്യം നിലനിര്‍ത്തുന്നതിനു കാരണമാകുന്നുവെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.