National
അര്‍ജുനെ കാത്ത് നാട്; രക്ഷാദൗത്യത്തിനായി സൈന്യം ഷിരൂരില്‍, അപകടസ്ഥലം സന്ദര്‍ശിച്ച് കർണാടക മുഖ്യമന്ത്രി
അത്യാധുനിക സംവിധാനങ്ങളുമായാണ് സൈന്യം എത്തിയിരിക്കുന്നത്.
ബെംഗളൂരു | കര്‍ണാടകയിലെ ഷിരൂരിലെ അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ രക്ഷാദൗത്യത്തിനായി സൈന്യം സ്ഥലത്തെത്തി. ബെലഗാവിയില്‍ നിന്നുള്ള 40 അംഗം കരസേനസംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് മഴ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
തിരച്ചില്‍ ആറാം ദിനം പിന്നിടുമ്പോഴാണ് സൈന്യവും രക്ഷാപ്രവര്‍ത്തനത്തിനായി അത്യാധുനിക സംവിധാനങ്ങളുമായി അങ്കോളയില്‍ എത്തിയിരിക്കുന്നത്. രാവിലെ 11 മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞതോടെയാണ് സൈന്യം അപകടമേഖലയില്‍ എത്തിയത്. അപകടം നടന്ന് ആറാം നാൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടം നടന്ന സ്ഥലത്തെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും സംഘവും സ്ഥിതിഗതികൾ വിലയിരുത്തി.
കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലാവസ്ഥ സൃഷ്ടിക്കുന്നുണ്ടെങ്കിലും സൈന്യം ഇത്തരം പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷ. അതേസമയം എന്‍ഡിആര്‍ എഫ് പുഴയിലും തിരച്ചില്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച പരിശോധന എട്ടാം മണിക്കൂറിലേക്ക് എത്തിയിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്തുനിന്നും കൂടുതല്‍ മണ്ണ് മാറ്റിയുള്ള തിരിച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്.
അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു.അർജുനെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിക്കലിലെ നാട്ടുകാർ പ്രതിഷേധിച്ചു.
യുദ്ധകാലാടിസ്ഥാനത്തില്‍ മണ്ണ് നീക്കം ചെയ്ത് രക്ഷാപ്രവര്‍ത്തനം നടത്തണം. ഇതിനായി എല്ലാ സേനകളുടെയും അടിയന്തര ഇടപെടല്‍ ഉണ്ടാകണം. അതിനായി കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ സുപ്രീംകോടതിയില്‍ ഇന്ന് ഹരജി സമര്‍പ്പിച്ചിരുന്നു.