Connect with us

Story

താരകങ്ങളുടെ നാട്

ആ മാതാവിന്റെ കരച്ചിൽ രക്ഷാപ്രവർത്തനത്തിന്റെ കോലാഹലത്തിനിടയിൽ അലിഞ്ഞില്ലാതായി.

Published

|

Last Updated

ഖാൻ യൂനുസിലെ അനേകം ടെന്റുകൾക്കിടയിലെ ഇടുങ്ങിയ നിരത്തിലിരുന്ന് കൈയിലെ കമ്പു കൊണ്ട് നിലത്ത് ചിത്രങ്ങൾ കോറിയിട്ട് സൈത്തൂൻ തന്റെ മനോഹരമായ കുഞ്ഞുശബ്ദത്തിൽ പാട്ട് പാടിക്കൊണ്ടിരുന്നു.
“വത്തനീ ഫലസ്തീൻ..
അന ഫലസ്തീനി…
ഫീ ഖൽബീ ലാ യൂജദുഹൗഫ്…’

രക്ത മണമുള്ള കാറ്റിൽ അവളുടെ ചെമ്പൻ നിറമുള്ള മുടികൾ പതിയെ ഊയലാടി.
“സൈത്തീ… ഫറാഹിന്റെ ഉമ്മി പുതിയ കുഞ്ഞിനെ പ്രസവിച്ചു കാണും… നമുക്ക് പോയി നോക്കിയാലോ…’
കൂടാരത്തിനകത്ത് നിന്ന് പുറത്തേക്ക് വന്ന അയ്യൂബി പഴയൊരു ചാർട്ടിൽ അവൻ വരച്ച ചിത്രം തന്റെ സഹോദരിയെ കാണിച്ചു.

സൈത്തൂൻ കൈയിലെ കമ്പു വലിച്ചെറിഞ്ഞു ചിത്രത്തിലേക്ക് ഉറ്റുനോക്കി. ചിറകു വിരിച്ച് ആകാശത്തേക്ക് പറന്നുയരുന്ന ഒരു വെള്ളപ്രാവ്. അതിന്റെ ചിറകുകൾക്ക് ഫലസ്തീൻ പതാകയുടെ വർണം. ആകാശത്ത് തിളങ്ങി നിൽക്കുന്ന അനേകം നക്ഷത്രങ്ങൾ.
“ഇതെന്തിനാ അയ്യൂബി ഇത്രയധികം നക്ഷത്രങ്ങൾ…’
നെറ്റിയിലേക്ക് വീണ മുടി മാടിയൊതുക്കി അയ്യൂബി അകലേക്ക് നോക്കി. അവന്റെ മിഴികൾ നിറഞ്ഞു വന്നു.
“ഒരിക്കൽ നമ്മൾ ജയിക്കും… അപ്പോൾ സ്വർഗത്തിലിരുന്ന് മാലിക്കും സാറയും തമീമും ബാക്കിയുള്ളവരോടൊത്ത് ഇങ്ങോട്ട് നോക്കി സന്തോഷത്തോടെ പുഞ്ചിരിക്കും… അവരാണ് ആ നക്ഷത്രങ്ങൾ…’

വിശന്ന വയറിൽ നിന്നും ഒരു ഗദ്ഗദം തൊണ്ടയിൽ വന്നു തിങ്ങിനിറഞ്ഞപ്പോൾ അവൾ സഹോദരന്റെ തലയിൽ അരുമയോടെ തലോടി. ഉറ്റ കൂട്ടുകാരുടെ ഓർമയിൽ അയ്യൂബിയുടെ കുഞ്ഞധരങ്ങൾ വിറച്ചു.

“വാ ഉമ്മിയോടും അബ്ബയോടും ചോദിച്ച് നമുക്ക് ഫറാഹിന്റെ കുഞ്ഞിനെ കാണാൻ പോവ്വാം…’
അൽപ്പം കുനിഞ്ഞ് ടെന്റിനകത്തേക്കവർ കയറിയപ്പോൾ ഉമ്മി അബ്ബയുടെ മുറിവിൽ മരുന്നു വച്ചു കെട്ടുന്നതാണ് കണ്ടത്.ദിവസങ്ങൾക്കു മുമ്പാണ് തലനാരിഴക്ക് അവരുടെ പിതാവ് ഹമ്മൂദി ഇസ്്റാഈൽ പട്ടാളക്കാരുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത്.
മക്കളെ കണ്ടതും ഹമ്മൂദി തന്റെ വേദന മറച്ചുവെച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“അബ്ബാന്റെ മക്കളെവിടെയായിരുന്നു… ഉമ്മി അരി വേവിക്കുന്നുണ്ട്… മക്കൾക്ക് വെന്തിട്ട് കഴിക്കാട്ടോ…’

അയാൾ സ്‌നേഹത്തോടെ ഇരുകൈകൾ കൊണ്ടും മക്കളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
സൈത്തൂൻ അയ്യൂബിയെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചപ്പോൾ അവൻ ഫറാഹിന്റെ വീട്ടിലേക്ക് പോകാനുള്ള അനുമതി അബ്ബയിൽ നിന്നും നേടിയെടുത്തു.
“വേഗം വരണേ…’
ഉമ്മിയുടെ ഓർമപ്പെടുത്തലിന് തിരികെയൊരു പുഞ്ചിരി സമ്മാനിച്ച് രണ്ടുപേരും കൈകൾ കോർത്തു പിടിച്ച് തകർന്ന കെട്ടിടങ്ങൾക്കിടയിലൂടെ ഓടിപ്പോയി.
“സാറാ… നമ്മുടെ അയ്യൂബി മിടുക്കനാണ്. ഏഴ് വയസ്സുകാരന്റെ ബുദ്ധിയും പക്വതയുമല്ല ഞാനവനിൽ കാണുന്നത്.

സുൽത്താൻ സ്വലാഹുദ്ദീൻ അയ്യൂബിയെപ്പോൽ ചിലപ്പോൾ ഇവനും നമ്മുടെ ബൈത്തുൽ മുഖദ്ദസ് ജൂതന്മാരിൽ നിന്നും വീണ്ടും പിടിച്ചെടുക്കുമെന്ന് എന്റെ മനസ്സ് പറയുന്നു… നീ കേൾക്കുന്നുണ്ടോ സാറാ… അയ്യൂബി ഒരു ധീരനാണ്… മാലിക്കിന്റെ നെറ്റിയിലവൻ അവസാനമായി ചുംബിക്കുമ്പോൾ ഞാനോർത്തത് അവന്റെ മനോധൈര്യമാണ്… അവൻ ജെറുസലേം നമ്മിലേക്ക് തിരികെ കൊണ്ട് വരും…എനിക്കുറപ്പാണ്…’

അകന്നു പോവുന്ന കുട്ടികളെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ കണ്ണുകളിലെ പ്രതീക്ഷ കണ്ട് സാറയുടെ ഉള്ളം നല്ലൊരു നാളിനായി നാഥനോടായ് തേടി.
ഭൂമിയെ പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദം കേട്ടാണ് സാറയും ഹമ്മൂദിയും ഉണർന്നത്. ആകെയുള്ള ഭക്ഷണം മക്കൾക്കായി നീക്കിവെച്ച് അവരെ കാത്തിരുന്ന് വിശപ്പുകൊണ്ടവർ ഉറങ്ങിപ്പോയിരുന്നു.
“സാറാ… മക്കളെത്തിയോ…’

ഭർത്താവിന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ പരിഭ്രമത്തോടെ സാറ മക്കളെത്തിരഞ്ഞു ടെന്റിനു പുറത്തേക്കോടി. അവൾക്ക് പിറകെ ഹമ്മൂദി വേദനിക്കുന്ന കാലിനാൽ വേച്ചു വേച്ച് നടക്കാൻ ശ്രമിച്ചു.
“സ്‌കൂളിനടുത്തുള്ള ടെന്റുകൾക്ക് മേലാണ് ബോംബ് വീണത്… കുറേ പേർ മരിച്ചിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞത്… ‘
ആരിൽനിന്നൊക്കെയോ അറിഞ്ഞ വാർത്തയിൽ സാറ അലമുറയിട്ടു കരഞ്ഞു.
“സൈത്തൂൻ… അയ്യൂബീ…’

ആ മാതാവിന്റെ കരച്ചിൽ രക്ഷാപ്രവർത്തനത്തിന്റെ കോലാഹലത്തിനിടയിൽ അലിഞ്ഞില്ലാതായി.രാത്രിയോടെയാണ് രണ്ട് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്. പരസ്പരം ചേർത്തുപിടിച്ചു നിൽക്കുന്ന ആ കുഞ്ഞ് ശരീരങ്ങൾ കണ്ട് അന്തരീക്ഷം പോലും വിറങ്ങലിച്ചുപോയി. ആകാശത്തിലെ താരകങ്ങളപ്പോൾ ആ കാഴ്ചകൾ കാണാനാകാതെ മേഘക്കീറിന് പിന്നിലൊളിച്ചു .
“യാ അല്ലാഹ്…’
ഹമ്മൂദി ദൈന്യതയോടെ തന്റെ മക്കളുടെ മയ്യിത്തുകൾക്കരികിലേക്കിരുന്ന് ഇനി തന്റെ സ്വപ്നങ്ങൾ പങ്കിടാൻ അവരില്ലെന്ന സത്യം ഉൾക്കൊണ്ടവരോട് നെഞ്ചു പൊട്ടി അവസാനമായി സംസാരിച്ചുകൊണ്ടേയിരുന്നു.

ഉയരുന്ന നിലവിളികൾക്കും തേങ്ങലുകൾക്കുമിടയിൽ ചോര മണം മാറാത്ത ഫറാഹിന്റെ കുഞ്ഞനിയത്തിയോടൊപ്പം അയ്യൂബിയും സൈത്തൂനും ഏഴാനാകാശവും കടന്ന് വേദനകളില്ലാത്ത ലോകത്തേക്ക് മരണ മാലാഖയ്‌ക്കൊപ്പം പറന്നുയരുമ്പോൾ ഭൂമിയിൽ നിന്നും വരുന്ന തങ്ങളുടെ കൂട്ടുകാരെ സ്വീകരിക്കാൻ സ്വർഗത്തിലപ്പോൾ തമീമും മാലിക്കും മറ്റനേകം കുട്ടികളോടൊപ്പം സ്വർഗീയ ഫലസ്തീനിന്റെ കവാടത്തിനരികിൽ കാത്തുനിൽക്കുന്നുണ്ടാകണം.

Latest