Connect with us

Articles

അനന്ത സാധ്യതകളുടെ ഭാഷ

ലോക ഭാഷകളിലും ആഗോള മേഖലകളിലുമുള്ള അറബി ഭാഷയുടെ അനന്ത സാധ്യതകളും സ്വാധീനവും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നിദാനമാകുന്ന ശ്രമങ്ങള്‍ക്ക് ഭരണാധികാരികള്‍ നേതൃത്വം കൊടുക്കണം. പാലോളി കമ്മീഷന്റെ ശിപാര്‍ശയില്‍ നിര്‍ദേശിക്കപ്പെട്ട, കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിന് നയപരമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകിക്കൂടാ.

Published

|

Last Updated

സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും മരണമോ ബലക്ഷയമോ അപകട ഭീഷണിയോ ഇല്ലാതെ ക്ലാസ്സിക്കല്‍ ഭാഷകളില്‍ അദ്വിതീയ സ്ഥാനമലങ്കരിക്കുന്ന അറബി ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും അനന്ത സാധ്യതകളും അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. മധ്യ പൗരസ്ത്യ ദേശങ്ങളിലെ ഉന്നത കലാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഐക്യരാഷ്ട്ര സഭയുടെ വിവിധ ഏജന്‍സികള്‍, വാര്‍ത്താ മാധ്യമങ്ങള്‍, പെട്രോളിയം മേഖലകള്‍, ഐ ടി കമ്പനികള്‍, ആതുരാലയങ്ങള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, വിവരസാങ്കേതിക കേന്ദ്രങ്ങള്‍, ടൂറിസം, കായിക വിനോദ രംഗങ്ങള്‍ തുടങ്ങിയവയിലെല്ലാം അറബി ഭാഷ സജീവ സാന്നിധ്യമാണ്.

വിശ്വോത്തര ഭാഷകളായ ഇംഗ്ലീഷ്, ഫ്രഞ്ച്, ചൈനീസ്, റഷ്യന്‍, സ്പാനിഷ് എന്നീ ഭാഷകള്‍ക്കൊപ്പം അറബി ഭാഷക്ക് ഐക്യരാഷ്ട്ര സഭയുടെ ബഹുമതിയും അംഗീകാരവും ലഭിച്ചത് അതിന്റെ എഴുത്തിലെ സൗന്ദര്യവും ഉച്ചാരണത്തിലെ വശ്യതയും സ്ഫുടതയും ആശയഗ്രാഹ്യതയും വിദ്യാഭ്യാസ, വാണിജ്യ മേഖലകളിലെ സ്വാധീനവും സ്വീകാര്യതയും പരിഗണിച്ചാണ്. 28 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയും 40 കോടിയിലേറെ ജനങ്ങളുടെ സംസാര ഭാഷയും 140 കോടി ജനങ്ങളുടെ ആരാധനാ ഭാഷയുമാണത്.

അന്താരാഷ്ട്ര ഭാഷയായ അറബി ഭാഷക്ക് ഇന്ത്യയുമായി നൂറ്റാണ്ടുകളുടെ വാണിജ്യ, സാംസ്‌കാരിക വിനിമയ ബന്ധമുണ്ട്. മധ്യ കാലഘട്ടങ്ങളില്‍ സുഗന്ധ ദ്രവ്യങ്ങളുടെ കേന്ദ്രമായിരുന്ന മലബാറില്‍ വ്യാപാരാവശ്യാര്‍ഥം അനേകം അറബികള്‍ വരികയും തദ്ദേശീയരുമായി ഇണങ്ങിച്ചേരുകയും ചെയ്തിരുന്നു. കച്ചവടത്തോടൊപ്പം ഭാഷാ വിനിമയവും സാംസ്‌കാരിക കൈമാറ്റവും നടന്നു. തത്ഫലമായി പ്രാചീന അറബി കവിതകളില്‍ കേരളത്തെ കുറിച്ചുള്ള ധാരാളം പരാമര്‍ശങ്ങള്‍ വന്നു. വിശുദ്ധ ഇസ്‌ലാമിന്റെ വ്യാപനത്തോടെ അറബി ഭാഷ കേരളത്തില്‍ ജനപ്രീതി നേടി. കേരളം എന്ന നാമകരണത്തില്‍ തന്നെ അറബിയുടെ സ്വാധീനമുണ്ടെന്ന് ചരിത്ര ഗ്രന്ഥങ്ങളിലുണ്ട്. കേരളത്തിലെ വിഭവസമൃദ്ധിയും ഹരിതാഭവും പ്രകൃതിരമണീയതയും കണ്ട് ആശ്ചര്യപ്പെട്ട് അറബികള്‍ പറഞ്ഞ “ഖൈറല്ലാഹ്’ എന്നത് ലോപിച്ചാണ് കേരളം എന്ന പേര് വന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്‌നു ബത്തൂത്ത തന്റെ രിഹ്‌ല എന്ന കൃതിയില്‍ കേരളത്തിലെ അറബി ഭാഷയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. അറബി ഭാഷയുമായുള്ള നിരന്തര ബന്ധത്തിലൂടെയാണ് അറബി ലിപിയില്‍ മലയാളമെഴുതുന്ന അറബി മലയാളമെന്ന ഭാഷാ സംജ്ഞ ഉടലെടുത്തത്. ഇന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക്, ഉറുദു, ഹിന്ദി, ബ്യാരി, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകളില്‍ അറബി ഭാഷയുടെ സ്വാധീനം വളരെ വലുതാണ്. ഈ ഭാഷകളിലെല്ലാം തന്നെ അറബി ഭാഷയില്‍ നിന്ന് വന്ന ധാരാളം പദങ്ങള്‍ കാണാവുന്നതാണ്. ജാതി, മതഭേദമന്യേ നിത്യോ പയോഗങ്ങളിലും അച്ചടി ഭാഷയിലും ഇന്നും അറബി പദങ്ങള്‍ ഉപയോഗിക്കുന്നു.

ഹിജ്‌റ 850ല്‍ വഫാത്തായ ഖാളി സൈനുദ്ദീന്‍ റമളാന്‍ ശാലിയാത്തിയാണ് അറബി ഭാഷയില്‍ രചന നടത്തിയ ആദ്യത്തെ കേരളീയ പണ്ഡിതന്‍. ലോകപ്രശസ്ത പണ്ഡിതനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന ഗ്രന്ഥവും ലോക ശ്രദ്ധ പിടിച്ചുപറ്റിയ ചരിത്ര പുസ്തകങ്ങളാണ്. നിയമ ശാസ്ത്രം, വ്യാകരണ ശാസ്ത്രം, ആധ്യാത്മിക ശാസ്ത്രം, കാവ്യ മീമാംസ എന്നിവയില്‍ അഗാധമായ അവഗാഹമുള്ള ശൈഖ് മഖ്ദൂം രണ്ടാമന്റെ ഫത്ഹുല്‍ മുഈന്‍ എന്ന ഗ്രന്ഥം ശാഫിഈ മദ്ഹബിലെ ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥമായി ഗണിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ ഈജിപ്ത്, യമന്‍, ഏതോപ്യ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഉന്നത കലാലയങ്ങളില്‍ പാഠ്യവിഷയമായി ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലബാറിന്റെ മുഖ്യധാരാ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്ന സാഹിത്യ കൃതികളില്‍ പ്രധാനപ്പെട്ടതാണ് കവിയും ഗ്രന്ഥകാരനുമായ ഖാസി മുഹമ്മദ് ബ്‌നു അബ്ദുല്‍ അസീസ്(റ) (1572-1617) രചിച്ച മുഹ്്യിദ്ദീന്‍ മാല. അറബി സാഹിത്യത്തില്‍ അഗ്രഗണ്യനായിരുന്ന ഖാസിക്ക് നിരവധി കൃതികളുണ്ട്. അതില്‍ അമ്പതില്‍പരം രചനകള്‍ അറബിയിലാണ്. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ചന്‍ എഴുതിത്തുടങ്ങുന്നതിന് മുമ്പ് രചിക്കപ്പെട്ട അറബി മലയാള സാഹിത്യത്തിലെ അറിയപ്പെട്ട പ്രഥമ കാവ്യമാണ് ഖാസി മുഹമ്മദിന്റെ മുഹ്്യിദ്ദീന്‍ മാല. മുഹ്്യിദ്ദീന്‍ മാലയും സമാനമായ സാഹിത്യ കൃതികളും പ്രധാനമായും അടയാളപ്പെടുത്തുന്നത് കേരളീയ മുസ്‌ലിംകളുടെ അതാതു കാലങ്ങളിലെ ആത്മീയ, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ വളര്‍ച്ചയും വികാസവുമാണ്.

1980ന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പത്രമാധ്യമങ്ങള്‍, പെട്രോളിയം കമ്പനികള്‍, മസ്ജിദുകള്‍, മതസ്ഥാപനങ്ങള്‍, നിര്‍മാണ മേഖലകള്‍ എന്നിവിടങ്ങളിലെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന കേരളീയര്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. സഞ്ചാരികളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ടൂറിസം മേഖല മെച്ചപ്പെട്ടതോടെ അറബികളുടെ ഉല്ലാസ കേന്ദ്രമായി മാറി കേരളം. പുതിയ കാലത്ത് വാണിജ്യ, വ്യാവസായിക മേഖലയിലും തൊഴില്‍ രംഗത്തും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമാണ്. ജാതി, മത, വര്‍ഗ, വര്‍ണ വൈജാത്യമില്ലാതെ അറബി പഠനം ജീവിത മാര്‍ഗമായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്ത് അറബി, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമുള്ളവര്‍ക്ക് വിവിധ മേഖലയില്‍ തൊഴില്‍ സാധ്യതകളുണ്ട്. തൊഴില്‍, വാണിജ്യ മേഖലകളിലെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ മനസ്സിലാക്കി അമേരിക്ക, ജപ്പാന്‍, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ അറബി ഭാഷ മുഖ്യപഠന വിഷയമാണ്. സുഗമമായ ഭരണക്രമത്തിന്റെ ഭാഗമായ ഈസി ഗവേര്‍ണിംഗ് സിസ്റ്റം മിക്ക ഗള്‍ഫ് രാജ്യങ്ങളും പ്രാവര്‍ത്തികമാക്കിത്തുടങ്ങി. ട്രാന്‍സ്്ലേഷന്‍, ട്രാന്‍സ്ലിറ്ററേഷന്‍, ട്രാന്‍സ്‌ക്രിപ്ഷന്‍, ഫംഗ്ഷണല്‍ അറബിക്, അറബിക് വെബ് എഡിറ്റിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ ധാരാളം പുതിയ കവാടങ്ങളാണ് അറബി പഠിതാക്കളെ കാത്തിരിക്കുന്നത്.
കേരളത്തില്‍ അറബി ഭാഷയുടെ സംരക്ഷണത്തിനും വ്യാപനത്തിനും ബോധപൂര്‍വമായ ശ്രമങ്ങളും ഇടപെടലുകളും ക്രിയാത്മകമായി നടക്കേണ്ടതുണ്ട്. ഭാഷാനൈപുണ്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്നതിന് അറബി കലാസാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അറബി ഭാഷയില്‍ സംസാരവും പ്രയോഗവും മെച്ചപ്പെടുത്തുകയും അറബി പ്രയോഗങ്ങളെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും വേണം. നൈപുണ്യവും മികവും നിറഞ്ഞ ഭാഷാവിദഗ്ധരെ സൃഷ്ടിക്കുന്നതിനും വിവര സാങ്കേതിക മേഖലകള്‍ ഉപയോഗപ്പെടുത്തി പഠനം എളുപ്പമാക്കുന്നതിനും വിദ്യാര്‍ഥികളെ അറബിയില്‍ സംസാരിപ്പിക്കുന്നതിനും അറേബ്യന്‍ ശൈലിയില്‍ പരിശീലിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്ന പാഠ്യപദ്ധതികള്‍ രൂപപ്പെടുത്തല്‍ അനിവാര്യമാണ്. പഠന, ഗവേഷണ മേഖലകള്‍ വികസിപ്പിക്കുന്നതിനും കലാരൂപങ്ങള്‍ സംരക്ഷിക്കുന്നതിനും റഫറന്‍സ് ലൈബ്രറികളും സാംസ്‌കാരിക കേന്ദ്രങ്ങളും ആരംഭിക്കേണ്ടതുണ്ട്. ലോകഭാഷകളിലും ആഗോള മേഖലകളിലുമുള്ള അറബി ഭാഷയുടെ അനന്ത സാധ്യതകളും സ്വാധീനവും പ്രാധാന്യവും കണക്കിലെടുത്ത് രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നിദാനമാകുന്ന ശ്രമങ്ങള്‍ക്ക് ഭരണാധികാരികള്‍ നേതൃത്വം കൊടുക്കണം. പാലോളി കമ്മീഷന്റെ ശിപാര്‍ശയില്‍ നിര്‍ദേശിക്കപ്പെട്ട, കേരളത്തില്‍ ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിന് നയപരമായ തീരുമാനമെടുക്കാന്‍ ഇനിയും വൈകിക്കൂടാ.

Latest