world arabic day
മഹാജനസഞ്ചയത്തിന്റെ ഭാഷ
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ കരിക്കുലം പരിഷ്‌കരണ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരേണ്ട മുഖ്യവിഷയമാണ് കേരളത്തിലെ അറബി ഭാഷാ പഠനാവസരങ്ങള്‍. ഉന്നതമായ സാംസ്‌കാരിക വിനിമയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അറബി ഭാഷക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ വലിയൊരു സമൂഹത്തിന്റെ ജീവിത പ്രശ്‌നങ്ങളെ നമുക്ക് അഡ്രസ്സ് ചെയ്യാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല.
പൗരാണികവും സമകാലികവുമായ ഭാഷാവ്യവഹാര മേഖലകളെക്കുറിച്ച് അന്വേഷണാത്മക പഠനം നിര്‍വഹിക്കുന്ന ഏതൊരാള്‍ക്കും അന്യംനിര്‍ത്താനാകാത്ത ഭാഷയാണ് അറബി. ഭാഷയുടെയും സാഹിത്യത്തിന്റെയും പരിണാമദശകള്‍ അറബി ഭാഷയെ അത്രമേല്‍ സമ്പന്നമാക്കിയിട്ടുണ്ട്. സാഹിത്യം, തത്ത്വശാസ്ത്രം, വൈദ്യശാസ്ത്രം, ചരിത്രം, ഗണിതം, ആത്മീയം തുടങ്ങിയ വൈജ്ഞാനിക മേഖലകളുടെ ഉത്തുംഗതകളിലെത്തിച്ചേര്‍ന്നിരിക്കുന്നു ഈ ഭാഷ. ഒരു മഹാജനസഞ്ചയത്തിന്റെ മജ്ജയിലും രക്തത്തിലും വികാരങ്ങളിലും നിറഞ്ഞുതുളുമ്പുന്ന സഞ്ജീവനിയായി ഈ ഭാഷ നിലകൊള്ളുന്നു. ഖുര്‍ആന്‍ സൂക്തങ്ങളുടെ കാലാതിവര്‍ത്തിത്വവും നൂതനത്വവും അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും ഉജ്വലമായ പ്രഭാവത്തെ നിത്യനൂതനമാക്കി.
ഭാഷാ സ്വത്വത്തിലേക്ക്
23 കോടി ജനതയുടെ സംസാരഭാഷ, ലോക മുസ്‌ലിംകളുടെ മതഭാഷ, 22 രാഷ്ട്രങ്ങളുടെ ഭരണ, വാണിജ്യ, വിദ്യാഭ്യാസ, നയതന്ത്ര ഭാഷ, ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളിലൊന്ന് എന്നീ നിലകളില്‍ ലോകത്ത് സാര്‍വത്രികാംഗീകാരം നേടിയ അറബി ഭാഷ ഇന്ന് ആശയ സംവേദനക്ഷമതയിലും ഘടനയിലും ഉന്നത സ്ഥാനം വഹിക്കുന്നുണ്ട്. അറേബ്യയുടെ പുരോഗതിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഉക്കാദിലെയും മജ്നയിലെയും ഉത്സവച്ചന്തകളില്‍ ആലപിച്ച് അംഗീകാരം നേടിയ കവിതകള്‍ അറേബ്യയുടെ സംസ്‌കാരത്തെ അനാവരണം ചെയ്യുന്നുണ്ട്. മരുഭൂമിയുടെ ഊഷരതയില്‍ നിന്ന് പച്ചപ്പു തേടി അലയുന്ന കവികള്‍ പ്രണയത്തിന്റെയും പ്രകൃതിഭംഗിയുടെയും ജീവിതഗന്ധിയായ പ്രമേയങ്ങളിലൂടെ ഭാവനയുടെ കൊടുമുടി ചൂടി. ആറാം നൂറ്റാണ്ടിന്റെ ആദ്യാര്‍ധത്തില്‍ അറേബ്യയില്‍ പ്രചാരം കൊണ്ട ഇത്തരം കവിതകള്‍ കഅ്ബാലയത്തില്‍ കെട്ടിത്തൂക്കുകയും മുഅല്ലഖകള്‍ എന്ന പേരില്‍ വിഖ്യാതമാകുകയും ചെയ്തു. അനശ്വരവും ഭാവനാത്മകവുമായ കവിതകളുടെ പുഷ്പവൃഷ്ടിക്ക് അറേബ്യ സാക്ഷ്യംവഹിച്ചു. മണലാരണ്യ ജീവിതത്തിന് അനുപേക്ഷണീയമായ സഹനശക്തിയെ വിളംബരപ്പെടുത്തുന്ന ഹമാസകളും ഗോത്രമഹിമ പ്രതിഫലിപ്പിക്കുന്ന ആക്ഷേപഹാസ്യങ്ങളും പ്രകീര്‍ത്തന ഗാനങ്ങളും പ്രചുരപ്രചാരം നേടി. ആതിഥേയ മര്യാദയുടെയും ഔദാര്യത്തിന്റെയും മഹിത മുദ്രകള്‍ ആ കവിതകളിലുടനീളം ദൃശ്യമായി. പ്രതികാരം ആളിപ്പടര്‍ത്താനും പ്രണയ വികാരങ്ങളെ ഉദ്ദീപിപ്പിക്കാനും വിരഹവേദനയില്‍ വിലപിക്കാനും ഭരണാധികാരികളുടെ ആനുകൂല്യങ്ങള്‍ക്കുമായി അറബി സാഹിത്യത്തിലെ കാവ്യശാഖ പടര്‍ന്നു പന്തലിച്ചു. സാഹസങ്ങള്‍ തേടി സര്‍വായുധ സജ്ജരായി അശ്വമേധത്തെ നയിക്കുന്നതും പ്രതികൂല സാഹചര്യങ്ങളില്‍ അകപ്പെട്ട സ്ത്രീകളെ സാഹസികമായി രക്ഷിക്കുന്നതും ധീരതയുടെ ലക്ഷണങ്ങളായി ഗണിച്ചിരുന്ന അറബികള്‍ ഗദ്യ പദ്യ സാഹിത്യങ്ങളിലൂടെ അവ അനശ്വരങ്ങളാക്കി. അത്തരം കവിതകളുടെ പാരായണം തൊഴിലാക്കിയ ഒരു വിഭാഗം “റാവികള്‍’ എന്ന പേരില്‍ വിശ്രുതരായിത്തീര്‍ന്നു. പില്‍ക്കാലത്ത് വിവിധ ശാസ്ത്രശാഖകളും കലാ സാഹിത്യ മേഖലകളിലെ ചിന്താധാരകളും ജന്മമെടുക്കാന്‍ നിമിത്തമായത്, വായനക്കും പാരായണത്തിനും ഖുര്‍ആന്‍ നല്‍കിയ പ്രാധാന്യവും ധാര്‍മികബോധത്തിലധിഷ്ഠിതമായ അധ്യാപനങ്ങളുമായിരുന്നു. സൂഫി സാഹിത്യകാരന്മാരും അറബി ദാര്‍ശനിക സാഹിത്യശാഖയെ സമ്പന്നമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. ഇബ്നുല്‍ അറബിയും ജമാലുദ്ദീന്‍ റൂമിയും ആ ഗണത്തില്‍ പെടുന്നു. വിശ്വവിഖ്യാതങ്ങളായ പഞ്ചതന്ത്രവും അലിഫ് ലൈലയും ഇബ്നു ഖല്‍ദൂന്റെ മുഖദ്ദിമയും അവിസെന്നയുടെ അല്‍ഖാനൂനും അബ്ബാസി കാലഘട്ടത്തിലെ എടുത്തുപറയേണ്ടുന്ന സംഭാവനകളാണ്. ഖുര്‍ആന്‍, ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പ്രചുരപ്രചാരം നേടുകയും പ്രവാചക പ്രകീര്‍ത്തന കവിതകളായ ബുര്‍ദയും ബാനത്ത് സുആദും അറബി ഭാഷയില്‍ അനശ്വരങ്ങളായി നിലകൊള്ളുകയും ചെയ്തു. അറബി ഭാഷയും സംസ്‌കാരവും സ്പെയിനില്‍ ആഴത്തില്‍വേ രോടിയത് അമവി ഭരണകാലത്താണ്. അത്യപൂര്‍വമായ ഭാഷാ വളര്‍ച്ചക്കാണ് ഇക്കാലം സാക്ഷ്യം വഹിച്ചത്. ഭരണാധികാരി അബ്ദുല്‍ മലിക്ക് ആണ് തങ്ങളുടെ സാമ്രാജ്യം മുഴുവന്‍ അറബി ഔദ്യോഗിക ഭാഷയാക്കി മാറ്റിയത്. ലിപി പരിഷ്‌കരണത്തിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലും ഗുണപരമായ മാറ്റങ്ങള്‍ നടപ്പാക്കി. ഗ്രന്ഥ രചനയില്‍ സുവര്‍ണ അധ്യായം രചിച്ചു. അബ്ബാസി ഭരണകാലത്ത് ബാഗ്ദാദില്‍ മാത്രം മൂവായിരം പള്ളികളും അതിലുപരി പ്രൈമറി വിദ്യാലയങ്ങളും പ്രവര്‍ത്തിച്ചിരുന്നതായി ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കുന്നു. ഗ്രീക്ക്, സംസ്‌കൃതം, പേര്‍ഷ്യന്‍ രചനകള്‍ അറബീകരിച്ചത് ഹാറൂണ്‍ റശീദിന്റെ ഭരണകാലത്താണ്. തുടര്‍ന്ന് ഭരണമേറ്റെടുത്ത മകന്‍ മഅ്മൂന്‍ സ്ഥാപിച്ച “ബൈത്തുല്‍ ഹിക്മ’ ഭാഷാ അക്കാദമിയും ലൈബ്രറിയും പരിഭാഷാ കേന്ദ്രവുമായി നിലകൊണ്ടു.
ആധുനിക അറബി സാഹിത്യം
പത്തൊമ്പതാം നൂറ്റാണ്ടില്‍ അറബി ഭാഷയുടെ ശക്തമായ മുന്നേറ്റത്തിന് ലോകം സാക്ഷിയായി. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഈജിപ്തിലെയും സിറിയയിലെയും സാഹിത്യ കുതുകികള്‍ പുതിയ പ്രവണതകള്‍ക്ക് നാന്ദി കുറിച്ചു. കഥ, നാടകം, ആഖ്യായിക തുടങ്ങിയ പുതിയ കലാരൂപങ്ങള്‍ അറബി ഭാഷാ സാഹിത്യത്തില്‍ പിറവിയെടുത്തു. ഈജിപ്തില്‍ അഹമ്മദ് ശൗഖിയും നൈലിന്റെ കവി ഹാഫിസും വിപ്ലവ കവിതകള്‍ രചിച്ചു. തൂലികാ പ്രസ്ഥാനങ്ങളുടെ സംഭാവനകള്‍ അറബി ഭാഷയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ചു. നിരവധി അറബി ഭാഷാ അക്കാദമികളും പത്രമാസികകളും ഭാഷാ പ്രചാരം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്നു.
മഹ്ജര്‍ സാഹിത്യവും വിപ്ലവ കവികളും
പട്ടിണിയിലും ദുരിതത്തിലുമായിരുന്ന ചില അറബി കവികള്‍ അമേരിക്കന്‍ നാടുകളിലേക്ക് തൊഴില്‍ തേടി യാത്രയാകുകയും ചെറിയ തൊഴിലുകളിലേര്‍പ്പെട്ട് കവിതാ സാഹിത്യത്തെ സമ്പന്നമാക്കുകയും ചെയ്തു. ഖലീല്‍ ജിബ്രാന്‍, മീക്കാഈല്‍ നുഐമ തുടങ്ങിയവര്‍ മഹ്ജര്‍ സാഹിത്യത്തിലെ മുടിചൂടാമന്നരാണ്. ഇറാഖ്, ലബനാന്‍, അള്‍ജീരിയ, മൊറോക്കോ തുടങ്ങിയ നിരവധി അറബി നാടുകളില്‍ കവികള്‍ ജന്മമെടുത്തു. രാഷ്ട്രീയ സാമൂഹിക വ്യവസ്ഥിതികളും വൈകാരികാഭിനിവേശവും കവികളുടെ ഭാവനകളെ ഇളക്കി മറിച്ചു. നിരൂപണങ്ങളും ഗദ്യ പദ്യ വ്യവഹാരങ്ങളുമായി അറബി സാഹിത്യം പുഷ്‌കലമാകുന്നതിന് പത്രമാധ്യമങ്ങള്‍ മഷി പകര്‍ന്നു. കുടിയിറക്കപ്പെട്ട കര്‍ഷകരുടെ വികാര വിക്ഷോഭങ്ങള്‍ പ്രതിഫലിച്ച കവികളില്‍ ഫലസ്തീനിലെ മഹ്‌മൂദ് ദര്‍വീശ്, ഇബ്റാഹീം ത്വൂഖാന്‍, സ്വാമിത ഖാസിം തുടങ്ങിയവര്‍ ശ്രദ്ധേയരാണ്.
അറേബ്യന്‍ നാടുകളും അറബി പഠനാവസരങ്ങളും ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും അതിന്റെ പ്രചാരണത്തിന് ആക്കം കൂട്ടി. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സില്‍ എണ്ണയും അറബിപ്പണവും ചെലുത്തിയ സ്വാധീനം വിസ്മരിക്കാനാകില്ല. അറേബ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങളുമായി ഇന്ത്യ ബന്ധം കൂടുതല്‍ സുദൃഢമാക്കിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ നാടിന് വലിയ തോതിലുള്ള വരുമാനം സമ്മാനിക്കുന്ന അറേബ്യന്‍ ഗള്‍ഫിനെ ആശ്രയിച്ച് അനുദിനം തൊഴില്‍ തേടിപ്പോകുന്നവരുടെ എണ്ണം നാൾ തോറും കൂടിവരികയാണ്. കേരളത്തിലെ പ്രൈമറി വിദ്യാലയങ്ങളില്‍ 1956 മുതല്‍ പഠിപ്പിച്ചു തുടങ്ങിയിരുന്ന അറബി ഭാഷ ഇന്ന് സര്‍വകലാശാല തലം വരെ മുഖ്യ പാഠ്യവിഷയമായി അഭ്യസിച്ചു വരുന്നു. ഗവേഷണങ്ങളും സംവാദങ്ങളും ഇതിന്റെ പ്രൗഢിയെ സമ്പന്നമാക്കുന്നു. കാലികമായ അറബിക് കോഴ്സുകളുടെ അഭാവം നാമിന്ന് അഭിമുഖീകരിക്കുന്നുണ്ട്. ലക്ഷക്കണക്കിന് പഠിതാക്കളും പതിനായിരക്കണക്കിന് അധ്യാപകരും ഔദ്യോഗിക പഠന ഏജന്‍സികളും ഗവേഷണ സ്ഥാപനങ്ങളുമായി എല്ലാമുണ്ടായിട്ടും ആലസ്യത്തിന്റെ ഗര്‍ത്തത്തില്‍ താഴ്ന്നു കൊണ്ടിരിക്കുന്നതിന് തെളിവായി കാല്‍ നൂറ്റാണ്ടുകാലത്തെ അറബിക് പാഠ്യപദ്ധതിയെ വിലയിരുത്താനാകും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് രൂപംകൊടുക്കുകയും അറബി ഭാഷാ വികസനത്തിന് പുതിയ വഴിതേടുകയും ചെയ്യേണ്ടതുണ്ട്. സര്‍ക്കാര്‍ തലത്തില്‍ ഒരുഅറബി ഭാഷാ അക്കാദമിയും വിപുലമായ ഗ്രന്ഥശേഖരമുള്ള പഠന ഗവേഷണ കേന്ദ്രവും മികച്ച തൊഴില്‍ പരിശീലന കേന്ദ്രവും കൂടി സംവിധാനിച്ചാല്‍ കിതപ്പിന് ആശ്വാസം ലഭിക്കുകയും കുതിപ്പിന് ആക്കം കൂടുകയും ചെയ്യും.
മലയാളം അറബി വിവര്‍ത്തനങ്ങള്‍
എണ്ണത്തില്‍ കുറവാണെങ്കിലും മൂല്യവത്തായ കൃതികളുടെ വിവര്‍ത്തനത്താല്‍ മലയാളം അറബി വിവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിന് അറേബ്യന്‍ നാടുകളുമായും അറബി ഭാഷയുമായും ചിരപുരാതന കാലം മുതലുള്ള ബന്ധം വെച്ച് വിലയിരുത്തുമ്പോഴും, അറബി ഭാഷാ പഠന മേഖലയില്‍ കേരളത്തിന്റെ സംഭാവനകള്‍ വിലയിരുത്തുമ്പോഴും ശുഷ്‌കമായ വിവര്‍ത്തനങ്ങള്‍ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ അറബിയില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത കൃതികള്‍ നിരവധിയാണ്. നോവലുകളും ചെറുകഥകളും കവിതകളും ലേഖനങ്ങളും അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1956ല്‍ പുറത്തിറങ്ങിയ തകഴി ശിവശങ്കരപ്പിള്ളയുടെ നോവല്‍ “ചെമ്മീന്‍’ വശ്യമായ അവതരണം കൊണ്ടും മൂര്‍ത്തമായ ആവിഷ്‌കാരം കൊണ്ടും ശ്രദ്ധേയമാണ്. മലയാള നോവലിനുള്ള ആദ്യ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി അറബിയിലേക്ക് മൊഴിമാറ്റം നിര്‍വഹിച്ചത് അറബി ഭാഷാ പണ്ഡിതനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. മുഹ‌്യുദ്ദീന്‍ ആലുവായിയാണ്. പ്രവാസത്തിലെ ജീവിതകാല യാതനകളുടെ കഥ പറയുന്ന് “ആടുജീവിതം’ സുഹൈല്‍ വാഫി ആദൃശ്ശേരി “അയ്യാമുല്‍ മാഇസ്’ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തു. നജീബ് മഹ്ഫൂസിന്റെ കൊട്ടാരത്തെരുവ് മലയാളത്തിലേക്ക് വിവര്‍ത്തനം നിര്‍വഹിച്ചത് ബി എം സുഹറയാണ്.
മലയാള പദ്യ സാഹിത്യം അറബിയിലേക്ക്
മഹാകവി കുമാരനാശാന്റെ “വീണപൂവ്’ അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത് നന്മണ്ട അബൂബക്കര്‍ മൗലവിയാണ്. അടുത്തിടെ നിരവധി മലയാള കവിതകളാണ് അറബിയിലേക്ക് തര്‍ജുമ ചെയ്യപ്പെട്ടത്. സച്ചിദാനന്ദന്‍, ഡോ. സുഗതകുമാരി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബാലാമണിയമ്മ തുടങ്ങിയവരുടെ കവിതകള്‍ ഡോ. ശിഹാബ് ഗാനി അറബീകരിച്ചു. “രാത്രിമഴ’ തികഞ്ഞ കാല്‍പ്പനിക കവിതകളിലൊന്നാണ്. “മത്വറുല്ലൈല്‍’ എന്നാണ് വിവര്‍ത്തന കൃതിക്ക് നല്‍കിയ നാമകരണം. സമകാലിക മലയാള കവിതകളുടെയും ഗദ്യങ്ങളുടെയും വിവര്‍ത്തനത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് അടുത്ത കാലത്ത് കാണാന്‍ കഴിയുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ കരിക്കുലം പരിഷ്‌കരണ ചര്‍ച്ചകളില്‍ ഉയര്‍ന്നു വരേണ്ട മുഖ്യവിഷയമാണ് കേരളത്തിലെ അറബി ഭാഷാ പഠനാവസരങ്ങള്‍. ഉന്നതമായ സാംസ്‌കാരിക വിനിമയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അറബി ഭാഷക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയാല്‍ വലിയൊരു സമൂഹത്തിന്റെ ജീവിത പ്രശ്‌നങ്ങളെ നമുക്ക് അഡ്രസ്സ് ചെയ്യാന്‍ കഴിയുമെന്നതില്‍ തര്‍ക്കമില്ല.