Kerala
രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് നാളെ
ബജറ്റിൽ ക്ഷേമ പദ്ധതികള്‍ക്ക് മുൻതൂക്കമുണ്ടാകുമെന്ന് പ്രതീക്ഷ
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ധന മന്ത്രി കെ എൻ ബാലഗോപാൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം. 2024-2025 സാമ്പത്തിക വർഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യർത്ഥനകളുടെ അന്തിമ സ്റ്റേറ്റ്മെന്റും 2024-25 സാമ്പത്തിക വർഷത്തെ ഇടക്കാല സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയുടെ മേശപ്പുറത്തുവയ്ക്കും.
ബജറ്റിൽ ക്ഷേമ പദ്ധതികള്‍ക്ക് മുൻതൂക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരള ജനത. സംസ്ഥാനവും സര്‍ക്കാറും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷമാദ്യം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പുള്ള അവസാന സമ്പൂര്‍ണ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളെ ആകര്‍ഷിക്കുന്ന ക്ഷേമ പെന്‍ഷന്‍ വര്‍ധനയും മധ്യവര്‍ത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മെഡിസെപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി പരിഷ്‌കരണവും കര്‍ഷര്‍ക്കായി റബ്ബര്‍, നെല്ല്, നാളികേരം എന്നിവയുടെ സംഭരണ വില പരിഷ്‌കരണവും ബജറ്റില്‍ ഇടം പിടിച്ചേക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേരളം 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജുള്‍പ്പെടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പാലക്കാട് ഐ ഐ ടിയുടെ നവീകരണത്തിനായി ഫണ്ട് അനുവദിക്കുമെന്ന ഒറ്റ വാചകത്തില്‍ കേരളത്തെ അവഗണിച്ചതിന്റെ നിരാശയെ മറികടക്കുന്നതാകും സംസ്ഥാന ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബി റോഡില്‍ ടോള്‍ പിരിക്കുമെന്നതുള്‍പ്പെടെയുള്ള നീക്കം പ്രതിഷേധങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് ബജറ്റവതരണമെന്നത് ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ ക്ഷേമ പെന്‍ഷന്‍ അടക്കം പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന സേവനങ്ങള്‍ക്ക് പണം വകയിരുത്തിയും, വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണനയുടെകുമെന്നുമുള്ള സൂചന ധനമന്ത്രി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. മൂന്നു വര്‍ഷം കൊണ്ട് മുഴുവനായും പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ വരുമാനമാണ് നിലവില്‍ കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികള്‍ പരിഗണനയിലുണ്ട്.