articles
ഒടുവിലവര്‍ വഖ്ഫില്‍ കൈയിട്ടുവാരുന്നു
കേന്ദ്രം കൊണ്ടുവന്ന വഖ്ഫ് ബില്ലിന് ഇന്ത്യയില്‍ സവിശേഷമായി നിര്‍വഹിക്കാനുള്ള ഒരു ധര്‍മമേയുള്ളൂ; പൗരാവകാശങ്ങളോ ന്യൂനപക്ഷാവകാശങ്ങളോ ഇല്ലാത്തവരാക്കി മുസ്‌ലിംകളെ അപരവത്കരിക്കുക എന്നതാണത്. വഖ്ഫുകളെ സംശയനിഴലില്‍ നിര്‍ത്തുകയാണ് പുതിയ ഭേദഗതികള്‍.

മുത്വലാഖ് നിയമം കൊണ്ടുവന്നപ്പോള്‍ അവര്‍ പറഞ്ഞത് ഇത് മുസ്‌ലിം സ്ത്രീകളെ രക്ഷിക്കാനാണെന്നാണ്. സി എ എ നിയമമാക്കിയപ്പോള്‍ വാദിച്ചത് ഇത് ഏതെങ്കിലും സമുദായത്തിനെതിരല്ല എന്നാണ്.
വിവിധ സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടുവന്നപ്പോള്‍ രാജ്യത്തിന്റെ ഐക്യം എന്നതായിരുന്നു അവരുടെ ന്യായം. ഇപ്പോള്‍ വഖ്ഫ് ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കുമ്പോള്‍ ബി ജെ പി പറയുന്നത് ഒരു മതത്തിന്റെയും സ്വാതന്ത്ര്യത്തില്‍ കടന്നുകയറില്ല എന്നാണ്. പക്ഷേ, സംഭവിക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്ര സര്‍ക്കാര്‍ എന്താണോ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് അതിന് നേര്‍വിപരീതമായതാണ് സംഭവിക്കുക. മുത്വലാഖിലും സി എ എയിലും അതാണനുഭവം. ഒരു മതത്തിന്റെയും സ്വാതന്ത്ര്യത്തെ വഖ്ഫ് ഭേദഗതി ബില്ല് ഹനിക്കില്ല എന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറയുന്നതില്‍ നിന്ന് വായിച്ചെടുക്കേണ്ടത് ഈ നിയമം ഒരു “പ്രത്യേക’ മതസമൂഹത്തിന്റെ സ്വാതന്ത്ര്യത്തിലും അവകാശത്തിലും പ്രതികാര ബുദ്ധിയോടെ കൈയിടുന്നു എന്നാണ്. സാഹചര്യവശാല്‍ ആ “പ്രത്യേക സമുദായം’ മുസ്‌ലിംകളാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ മുസ്‌ലിംകളെ “പ്രത്യേകമായി പരിഗണിക്കുന്ന’ ആദ്യത്തെ സന്ദര്‍ഭം അല്ല ഇതെന്നതിനാല്‍ മാത്രമാണ് കേന്ദ്ര മന്ത്രി എന്തിന് പാര്‍ലിമെന്റിനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന ചോദ്യം പോലും സമുദായം വഴിയിലുപേക്ഷിക്കുന്നത്.
വഖ്ഫ് ബില്ല് ഒരു തുടക്കമല്ല, അവസാനവുമല്ല. ഇതൊരു തുടര്‍ച്ചയാണ്. പതിറ്റാണ്ട് കാലമായി മുസ്‌ലിം സാമൂഹിക ജീവിതത്തെ അരക്ഷിതവും അസ്വസ്ഥഭരിതവുമാക്കി മാറ്റാനുള്ള സംഘ്പരിവാര്‍ പദ്ധതികളുടെ ഭാഗമായി ചുട്ടെടുക്കപ്പെട്ടതാണ് വഖ്ഫ് ഭേദഗതി നിയമം. ഹെക്ടര്‍ കണക്കിന് വഖ്ഫ് ഭൂമിയും കോടികള്‍ വിലമതിക്കുന്ന വഖ്ഫ് സ്വത്തുക്കളും കൈയേറ്റം ചെയ്യപ്പെടുകയോ അന്യാധീനപ്പെടുകയോ ചെയ്തിട്ടുണ്ട് നമ്മുടെ രാജ്യത്ത്. അവ വീണ്ടെടുക്കാനുള്ള അവകാശം പരിമിതമായെങ്കിലും വകവെച്ചുനല്‍കിയ, നിലവിലെ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടാന്‍ വഴിയൊരുക്കിയ ഒരു നിയമത്തെ വെട്ടിനുറുക്കി ഹിന്ദുത്വ ബുദ്ധികേന്ദ്രങ്ങള്‍ നിര്‍മിച്ചെടുത്ത ഭേദഗതി നിയമം ആത്യന്തികമായി സംരക്ഷിക്കുക കോര്‍പറേറ്റ്, ഭൂമാഫിയയുടെ കച്ചവട താത്പര്യങ്ങളെയാണ്. ഭരണകൂടവും കോര്‍പറേറ്റ് ശക്തികളും ലയിച്ചൊന്നാകുമ്പോള്‍ ദൃശ്യമാകുന്ന അശ്ലീല ആവിഷ്‌കാരങ്ങള്‍ക്കാണ് രാജ്യം സമീപ വര്‍ഷങ്ങളില്‍ സാക്ഷ്യം വഹിച്ചത്. അതിപ്പോള്‍ വഖ്ഫ് ഭേദഗതി ബില്ലിലെത്തി നില്‍ക്കുന്നു. നാളെ മറ്റേത് രൂപത്തിലും ഇതിന് തുടര്‍ച്ച സംഭവിക്കാം.
കേന്ദ്രം കൊണ്ടുവന്ന വഖ്ഫ് ബില്ലിന് ഇന്ത്യയില്‍ സവിശേഷമായി നിര്‍വഹിക്കാനുള്ള ഒരു ധര്‍മമേയുള്ളൂ; പൗരാവകാശങ്ങളോ ന്യൂനപക്ഷാവകാശങ്ങളോ ഇല്ലാത്തവരാക്കി മുസ്‌ലിംകളെ അപരവത്കരിക്കുക എന്നതാണത്. വഖ്ഫ് സ്വത്തുക്കളുടെ പൊതുവായ സ്വഭാവം അതിന്റെ വിശുദ്ധിയും ആത്മീയമായ സമര്‍പ്പണവുമാണ്. അത്തരം വഖ്ഫുകളെ സംശയനിഴലില്‍ നിര്‍ത്തുകയാണ് പുതിയ ഭേദഗതികള്‍. മുസ്‌ലിംകള്‍ മറ്റാർക്കോ അവകാശപ്പെട്ട സ്വത്തുക്കൾ അന്യായമായി കൈവശം വെച്ചിരിക്കുന്നു എന്ന തെറ്റിദ്ധാരണ പരത്തി സമൂഹത്തില്‍ ഭിന്നിപ്പും വിഭജനവും ഉണ്ടാക്കുകയാണ് ഇതുവഴി ബി ജെ പി ചെയ്യുന്നത്.
ദൈവിക മാര്‍ഗത്തിലുള്ള ഒരാളുടെ കലര്‍പ്പില്ലാത്ത സമ്പൂര്‍ണമായ സമര്‍പ്പണമാണ് വഖ്ഫില്‍ കാണുന്നത്. ആരുടെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നല്‍കിയതോ അന്യായമായ വഴിയില്‍ സമ്പാദിച്ചതോ ആയ ഒന്നും വഖ്ഫ് സ്വത്തിലുണ്ടാകില്ല. ഈ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഭേദഗതി. രാജ്യത്ത് നിലവിലുള്ള വഖ്ഫ് നിയമം ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയതാണ്. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വഖ്ഫ് ബോര്‍ഡും വഖ്ഫ് ട്രൈബ്യൂണലുമൊക്കെ നിലവില്‍ വന്നത്. സംഘ്പരിവാറും കത്തോലിക്കാ സഭയും പ്രചരിപ്പിക്കുന്നതുപോലെ വഖ്ഫ് നിയമം ഒരു മതനിയമമല്ല.
മറ്റേതൊരു നിയമവും പോലെ ഇന്ത്യന്‍ പാര്‍ലിമെന്റ് വിശദമായി ചര്‍ച്ച ചെയ്ത്, ഇരുസഭകളും പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ച് നിയമമാക്കിയ ഒരു നിയമത്തെയാണ് മതനിയമം എന്ന് വിശേഷിപ്പിക്കുന്നത്. വിശ്വാസി സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി, വിശാലമായ മതനിരപേക്ഷ താത്പര്യങ്ങളോടെ പാര്‍ലിമെന്റ് നിര്‍മിച്ച നിയമങ്ങളെ മുഴുവന്‍ മതനിയമങ്ങള്‍ എന്ന് ചാപ്പയടിച്ച് ഭേദഗതി ചെയ്യാനും എടുത്തുകളയാനും തുടങ്ങിയാല്‍ ഇവിടെ ഒരു മതസമൂഹത്തിനും നിലനില്‍പ്പുണ്ടാകില്ല. ക്രൈസ്തവ സഭകളുടെ കൈയിലുള്ള സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടുന്നതും ആരാധനാ സ്വാതന്ത്ര്യം നല്‍കപ്പെടുന്നതും സംഘ്പരിവാറിന്റെ ദാക്ഷിണ്യത്തിലല്ല, ഭരണഘടനയുടെയും പാര്‍ലിമെന്റ് വിവിധ കാലങ്ങളില്‍ നിര്‍മിച്ച നിയമങ്ങളുടെയും ബലത്തിലാണ്. അതേ സംരക്ഷണമാണ് വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തില്‍ മുസ്‌ലിംകള്‍ ആവശ്യപ്പെടുന്നത്.
വഖ്ഫ് ഭേദഗതികള്‍ക്ക് നിയമ പ്രാബല്യം കൈവരുന്നതോടെ വഖ്ഫ് ട്രൈബ്യൂണല്‍ അപ്രസക്തമാകും. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കാനുള്ള അധികാരം ഇതുവരേക്കും വഖ്ഫ് ട്രൈബ്യൂണലുകള്‍ക്കായിരുന്നു. ട്രൈബ്യൂണലിന്റെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാം എന്നതാണ് ഭേദഗതി നിയമത്തിലെ വ്യവസ്ഥകളിലൊന്ന്.
തര്‍ക്കത്തിലിരിക്കുന്ന വഖ്ഫ് സ്വത്തുക്കളില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന് തീരുമാനമെടുക്കാമെന്നതാണ് മറ്റൊരു വ്യവസ്ഥ. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭാവിയില്‍ വഖ്ഫ് സ്വത്തുക്കളിലുണ്ടാകുന്ന കേസുകളില്‍, ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ത് തീരുമാനമെടുക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. ബി ജെ പി ഇതരര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തന്നെയും ഹിന്ദുത്വ മനസ്സുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ മതി, ഒരു വഖ്ഫ് സ്വത്തിന്റെ സ്വഭാവം തന്നെ മാറ്റിമറിക്കാന്‍. തര്‍ക്കവസ്തുവില്‍ ഈ ഉദ്യോഗസ്ഥന്‍ തീരുമാനമെടുക്കുന്നത് വരെ ആ വസ്തു വഖ്ഫ് ആയി പരിഗണിക്കില്ല. എത്ര കാലയളവിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് വ്യവസ്ഥയില്ല. വഖ്ഫ് ആണ് എന്ന് കരുതപ്പെടുന്ന ഒരു സ്വത്തില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ടാല്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകാവുന്നതേയുള്ളൂ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്. എത്രകാലം നീളുന്നുവോ അത്രകാലം ആ സ്വത്തിന് വഖ്ഫ് പരിരക്ഷ ഉണ്ടാകില്ല.
വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശമുണ്ട്. വഖ്ഫ് വിശ്വാസപരമായി പ്രാധാന്യമുള്ള വിഷയമാണ്. അതേക്കുറിച്ച് സാമാന്യ ധാരണ പോലുമില്ലാത്ത വ്യക്തികള്‍ ബോര്‍ഡിന്റെ ഭാഗമാകുന്നു എന്നത് മാത്രമല്ല ഇതിലെ പ്രശ്നം. മതസ്വഭാവമുള്ള ഒരു സംവിധാനത്തെ പൂര്‍ണമായും രാഷ്ട്രീയവത്കരിക്കുന്നു എന്നതാണ്. വഖ്ഫ് ബോര്‍ഡ് സി ഇ ഒ ആയി മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരെ തന്നെ നിയമിക്കണമെന്ന വ്യവസ്ഥയും ഭേദഗതി ചെയ്യപ്പെടുകയാണ്. പുതിയ നിയമ പ്രകാരം ഏത് മതസ്ഥര്‍ക്കും ആ പദവിയില്‍ വരാം. വഖ്ഫ് ബോര്‍ഡ് സി ഇ ഒക്ക് സ്വതന്ത്രമായ അധികാരങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്.
അദ്ദേഹം അതെങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം. ദേവസ്വം ബോര്‍ഡില്‍ ഇതര സമുദായങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്താന്‍ നിയമം അനുവദിക്കുന്നില്ല. അതിന്റെ ആവശ്യവുമില്ല. പക്ഷേ, മുസ്‌ലിംകളുടെ മേല്‍ എപ്പോഴുമൊരു കണ്ണ് വേണം. അവരുടെ വിശ്വാസപരമായ കാര്യങ്ങളില്‍ പോലും ഭരണകൂടത്തിന് ഇടപെടാന്‍ കഴിയണം. അതിന് അവസരം കണ്ടെത്തുകയാണ് വഖ്ഫ് ഭേദഗതി ബില്ലിലൂടെ ബി ജെ പിയും സംഘ്പരിവാറും. ഇപ്പോള്‍ത്തന്നെ വന്‍കിടകള്‍ കൈയടക്കിവെച്ച വഖ്ഫ് സ്വത്തുക്കള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കാനും പുതിയ നിയമ നിര്‍മാണത്തിലൂടെ സാധിക്കുന്നു.
വഖ്ഫ് ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു കേരളത്തില്‍ നടക്കുന്ന മുനമ്പം സമരത്തെ പരാമര്‍ശിക്കുകയുണ്ടായി. മുനമ്പം നിവാസികളുടെ ആവശ്യം ഇതോടെ പരിഹരിക്കപ്പെടും എന്നാണ് അദ്ദേഹം സഭയില്‍ പറഞ്ഞത്. അതെങ്ങനെ എന്നദ്ദേഹം വിശദീകരിച്ചിട്ടില്ല. വഖ്ഫ് സ്വത്തായി വഖ്ഫ് ബോര്‍ഡില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂമിയിലെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് മുനമ്പത്ത് സമരം നടക്കുന്നത്. ഇന്നലെ സഭയില്‍ അവതരിപ്പിച്ച ബില്ല് നിയമമായി വന്നാല്‍പ്പോലും അതിന് മുന്‍കാല പ്രാബല്യമുണ്ടാകില്ല.
മുന്‍കാലങ്ങളില്‍ വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍/ വ്യവഹാരങ്ങള്‍ അവസാനിപ്പിക്കാനുള്ള വ്യവസ്ഥയും പുതിയ ബില്ലിലില്ല. ആ കേസുകള്‍ പഴയപടി നിലനില്‍ക്കും. സംഘ്പരിവാറും അവരെ പിന്തുണയ്ക്കുന്ന ക്രിസ്ത്യന്‍ പുരോഹിതരും പ്രചരിപ്പിക്കുന്നത് പോലെ മുനമ്പം പ്രശ്നം പരിഹരിക്കാനുള്ള മാന്ത്രിക വടിയല്ല ബി ജെ പിയുടെ വഖ്ഫ് ഭേദഗതി ബില്ല്. അതൊരു വര്‍ഗീയായുധമാണ്. ഇപ്പോള്‍ അതിന്റെ മുന മുസ്‌ലിംകള്‍ക്ക് നേരെയാണ്. നാളെയത് ക്രൈസ്തവര്‍ക്ക് നേരെ തിരിയുമെന്നതില്‍ സംശയമില്ല.
അങ്ങേയറ്റം അപകടകരമായ വര്‍ഗീയ ധ്രുവീകരണമാണ് ബില്ലിലൂടെ ബി ജെ പി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എം പിമാരുടെ ഓഫീസുകളിലേക്ക് ബി ജെ പി നടത്തിയ പ്രതിഷേധം. തങ്ങള്‍ കൊണ്ടുവരുന്ന നിയമത്തെ മറ്റു പാര്‍ട്ടിക്കാര്‍ പിന്തുണയ്ക്കണമെന്ന് വാശി പിടിക്കുന്നതില്‍ എവിടെയാണ് ജനാധിപത്യം? ഈ ആഭാസങ്ങള്‍ അവർ ആലോചിച്ചുതന്നെ അരങ്ങേറ്റുന്നതാണ്. ക്രൈസ്തവരെ ഒപ്പം നിര്‍ത്താനുള്ള ചൂണ്ടയായി ഇതിനെ ഉപയോഗിക്കുകയാണ്; ചില സഭാ പിതാക്കന്മാരാകട്ടെ ഞങ്ങളെയും കൊണ്ടുപോകൂ എന്ന് കരഞ്ഞ് ചൂണ്ടക്കൊളുത്തിലേക്ക് ഓടിയടുക്കുകയും.