Connect with us

UP Election 2022

യു പിയിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വൈകിട്ട് മുതല്‍

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഒമ്പത് ജില്ലകളിലെ 54 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്ന വൈകുന്നേരത്തോടെ വിവിധ ചാനലുകളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ഇതിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ നേതാക്കള്‍.

രണ്ടു കോടിയില്‍ അധികം വോട്ടര്‍മാരുള്ള 54 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 13 സംവരണ മണ്ഡലങ്ങളും ഉള്‍പ്പെടുന്നു. അന്തിമ ഘട്ടത്തില്‍ 613 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

പ്രമുഖ കക്ഷികളായ ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സമാജ്വാദി പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന കിഴക്കന്‍ യുപിയില്‍ 29 സീറ്റുകളാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളുടെ സഹായത്തോടെ ബി ജെ പി സ്വന്തമാക്കിയത്. 11 സീറ്റുകള്‍ നേടിയ സമാജ്വാദി പാര്‍ട്ടി രണ്ടാം സ്ഥാനത്തും ആറ് സീറ്റുകളുമായി ബി എസ് പി മൂന്നാം സ്ഥാനത്തും എത്തി. ഇവര്‍ക്ക് പുറമേ അപ്നാ ദള്‍ നാല് സീറ്റുകളും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) മൂന്നു സീറ്റുകളും സ്വന്തമാക്കി.

ബിജെപി നേതാക്കളായ നീല്‍കാന്ത് തിവാരി, അനില്‍ രാജ്ബര്‍, രവീന്ദ്ര ജയ്‌സ്വാല്‍, ഗിരീഷ് യാദവ്, രാമശങ്കര്‍ സിംഗ് പട്ടേല്‍ തുടങ്ങിയവര്‍ കിഴക്കന്‍ യു പിയില്‍ നിന്ന് മത്സരിക്കും.

യോഗി സര്‍ക്കാറിന്റെ മന്ത്രിസഭയില്‍നിന്നു രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന ദാരാ സിംഗ് ചൗഹാന്‍, എസ്ബിഎസ്പി പ്രസിഡന്റ് ഓം പ്രകാശ് രാജ്ബര്‍, ധനഞ്ജയ് സിംഗ്, ജെഡിയു നേതാവ് അബ്ബാസ് അന്‍സാരി തുടങ്ങിയവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.

 

Latest