Uae
അവസാന തറാവീഹ്; കണ്ണീരോടെ വിട ചൊല്ലി വിശ്വാസികള്‍
പാപപങ്കിലമായ ഇന്നലെകളെ ഓര്‍ത്തും തുടര്‍ന്നുള്ള ജീവിതം പരിശുദ്ധമാകണമെന്നുമുള്ള പ്രാര്‍ഥനയോടെയുമാണ് വിശ്വാസികള്‍ ഇന്നലെ പള്ളിയങ്കണങ്ങള്‍ വിട്ടത്.
ദുബൈ | പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ മാസത്തിലെ അവസാന രാത്രിയില്‍ ഇന്നലെ പള്ളികള്‍ ഭക്തിസാന്ദ്രമായി. രാത്രി നിസ്‌കാരങ്ങള്‍ക്കും പ്രാര്‍ഥനക്കും അണിനിരന്ന വിശ്വാസികള്‍ പ്രാര്‍ഥനയോടെയും കണ്ണീരോടെയുമാണ് വിശുദ്ധ മാസത്തിലെ അവസാന തറാവീഹിന് വിടചൊല്ലിയത്. മനമുരുകി പ്രാര്‍ഥനയില്‍ മുഴുകി ആളുകള്‍ പള്ളികളില്‍ ഏറെ നേരം ചെലവഴിച്ചു.
ഇരുള്‍വീണ ജീവിതത്തിന്റെ ഇടനാഴിയില്‍ പാപക്കറകള്‍ കഴുകിക്കളയാനുള്ള അമൂല്യ അവസരമായിരുന്നു വിശുദ്ധ റമസാന്‍. തിന്മകളും ദോഷങ്ങളും വര്‍ധിച്ച് മനസ്സും ശരീരവും പാപപങ്കിലമായിക്കഴിഞ്ഞാല്‍ നന്മയുടെ അടയാളങ്ങള്‍ പാടെ മാഞ്ഞുപോകുമെന്ന് കരുതുന്നവരാണ് വിശ്വാസികള്‍. അതിനാല്‍ പാപക്കറകള്‍ മനസ്സിലും ശരീരത്തിലും ഒട്ടിപ്പിടിക്കാതിരിക്കാന്‍ ലഭിക്കുന്ന ഒരു വേളയെ നന്നായി വിനിയോഗിക്കാന്‍ തയ്യാറായാണ് പലരും റമസാനെ വരവേറ്റത്. മാസത്തിന്റെ അവസാന പത്തില്‍ അത് കൂടുതല്‍ കരുത്തു നേടുന്നു. അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് അടക്കം രാജ്യത്തെ എല്ലാ പള്ളികളിലും വന്‍ ജനാവലിയാണ് ആരാധനകള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത്. പള്ളികളില്‍ ഏറെ നേരം ചെലവഴിച്ചാണ് പലരും പിരിയുന്നത്.
അതിനു പുറമെ ദാന ധര്‍മങ്ങള്‍ക്കും സക്കാത്ത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ മുന്നിട്ടിറങ്ങി. രാജ്യത്തെ പരിമിത വരുമാനക്കാരായ ആളുകളെ സഹായിക്കാന്‍ വിശ്വാസികള്‍ മുന്നോട്ട് വന്നു. അധികൃതര്‍ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കി.
പാപപങ്കിലമായ ഇന്നലെകളെ ഓര്‍ത്തും തുടര്‍ന്നുള്ള ജീവിതം പരിശുദ്ധമാകണമെന്നുമുള്ള പ്രാര്‍ഥനയോടെയുമാണ് വിശ്വാസികള്‍ ഇന്നലെ പള്ളിയങ്കണങ്ങള്‍ വിട്ടത്. നാളെ രാജ്യം ഈദ് ആഘോഷത്തിലേക്ക് പ്രവേശിക്കും. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിവ്യസന്ദേശമാണ് ഈദ് വിളിച്ചോതുന്നത്. തന്നെപ്പോലെ മറ്റുള്ളവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും വകവെച്ചുകൊടുക്കാനും എല്ലാവരെയും പരിഗണിക്കാനുമുള്ള സന്ദേശമാണ് ഈദ് മുന്നോട്ടുവെക്കുന്നത്. അതിനു വേണ്ടിയാണ് ഫിത്ര്‍ സക്കാത്ത്. നാളെ ഈദ് നിസ്‌കാരത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഫിത്ര്‍ സക്കാത്ത് നല്‍കി പരിശുദ്ധി നേടിയാണ് ആഘോഷത്തിലേക്ക് വിശ്വാസികള്‍ കാലെടുത്തുവെക്കുന്നത്.