Kerala
നിയമം നിയമത്തിന്റെ വഴിക്ക് പോകും, വിചാരണ നേരിടാന്‍ ഒരുക്കം; ആന്റണി രാജു
തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം| വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി വിധിയെങ്കില്‍ അതിന് തയ്യാറാണെന്ന് മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജു. തൊണ്ടിമുതല്‍ കേസിലെ ക്രിമിനല്‍ നടപടി സുപ്രീംകോടതി പുനഃസ്ഥാപിച്ചതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഒരു ഭയവുമില്ല. ഇതുപോലെയുള്ള പ്രതിസന്ധികളാണ് എന്നെ കൂടുതല്‍ കരുത്തനാക്കിയിട്ടുള്ളതെന്നും ആന്റണി രാജു പറഞ്ഞു. വിചാരണ നേരിടാന്‍ പറഞ്ഞാല്‍ നേരിടും. അതിലൊന്നും പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിധി പകര്‍പ്പിന്റെ പൂര്‍ണ വിവരം ലഭിച്ചിട്ടില്ല. വിധിപകര്‍പ്പ് ലഭിച്ചശേഷം അപ്പീല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു വ്യക്തമാക്കി.
തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു പുനരന്വേഷണം നേരിടണമെന്നും ഒരു വര്‍ഷത്തിനകം വിചാരണ നടത്തണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. കേസില്‍ പുനരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവില്‍ പിഴവില്ലെന്നും ജസ്റ്റിസ് സി ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്.
തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഗുരുതരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു കൃത്രിമം നടത്തിയെന്നായിരുന്നു കേസ്. ഈ കേസില്‍ രണ്ടാം പ്രതിയായ ആന്റണി രാജു കുറ്റം ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.