Connect with us

Kerala

അവകാശങ്ങൾക്ക് വേണ്ടി പ്രയത്നിച്ച നേതാവെന്ന് പ്രതിപക്ഷ നേതാവ്; അനുസ്മരിച്ച് പ്രമുഖർ

എക്കാലവും പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹമെന്ന് മന്ത്രി വി ശിവൻകുട്ടി

Published

|

Last Updated

തിരുവനന്തപുരം | തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്നിച്ച മികച്ച ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു. തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലെല്ലാം അവരുടെ ശബ്ദമായി അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആനത്തലവട്ടത്തിന് സാധിച്ചു.

അദ്ദേഹത്തിന്റെ നിര്യാണം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്ക്‌ചേരുന്നുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

മന്ത്രി കെ. രാധാകൃഷ്ണന്‍

തൊഴിലാളി വര്‍ഗ്ഗ താല്‍പര്യത്തിനായി മാത്രം ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയന്‍ നേതാവായിരുന്നു ആനത്തലവട്ടമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.

ജനങ്ങളെയും തൊഴിലാളികളേയും എന്നും ഇഷ്ടപ്പെട്ട മനുഷ്യസ്നേഹിയായിരുന്നു. പരിചയപ്പെട്ട നാള്‍ മുതല്‍ അദ്ദേഹവുമായി വലിയ അടുപ്പം പുലർത്തിയിരുന്നു. 1996 – ല്‍ മന്ത്രിയായപ്പോഴും 2006 – ല്‍ സ്പീക്കറായപ്പോഴും തൊഴിലാളികളുടെ ഉറച്ച ശബ്ദമായി നിയമസഭയിൽ ആനത്തലവട്ടമുണ്ടായിരുന്നു. കഴിഞ്ഞ ഓണത്തിനുമുന്‍പ് വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. ചികിത്സാ വിവരങ്ങളേക്കാളുപരി തൊഴില്‍ രംഗത്തെ കാര്യങ്ങളാണ് അന്നും ആനത്തലവട്ടം കൂടുതല്‍ പറഞ്ഞതെന്നും കെ. രാധാകൃഷ്ണന്‍ അനുസ്മരിച്ചു.

മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു

തൊഴിലാളി വർഗത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദനെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എക്കാലവും പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു അദ്ദേഹം.

സി പി ഐ എമ്മിന്റെയും സി ഐ ടി യുവിന്റെയും സമുന്നത നേതാവെന്ന നിലയ്ക്ക് തൊഴിലാളികൾക്കും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുമായി അദ്ദേഹം ജീവിതം സമർപ്പിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുഖവും നാവുമായിരുന്നു അദ്ദേഹം.

ടെലിവിഷൻ ചർച്ചകളിൽ അടക്കം അദ്ദേഹം തിളങ്ങാൻ കാരണം ജീവിതഗന്ധിയായ വാദഗതികൾ യുക്തിസഹമായി അവതരിപ്പിച്ചത് കൊണ്ടാണ്. വ്യക്തിപരമായി ഏറ്റവും പ്രിയപ്പെട്ട ജ്യേഷ്ഠസഹോദരനെ ആണ് നഷ്ടമായത് എന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രമേശ് ചെന്നിത്തല

മുതിർന്ന സി.പി.എം.നേതാവും സി.ഐ.റ്റി.യു. സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റെ ദേഹവിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.

എം.എൽ.എ. എന്ന നിലയിലും ട്രേഡ് യൂണിയൻനേതാവ് എന്ന നിലയിലും അദ്ദേഹം മികച്ച സേവനം കാഴ്ചവച്ചിരുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കാനം രാജേന്ദ്രന്‍

ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുശോചിച്ചു. കേരളത്തിലെ പരമ്പരാഗത വ്യവസായത്തെ കുറിച്ച് ആഴത്തിൽ പഠിക്കുകയും പരിഹാരമാർഗങ്ങൾ നിർദേശിക്കുകയും ചെയ്ത തൊഴിലാളി നേതാവായിരുന്നു അദ്ദേഹമെന്ന് കാനം അനുസ്മരിച്ചു.

സിഐടിയു

യൗവനകാലത്ത്‌ ഇഎംഎസിന്റെയും എകെജിയുടെയും നേതൃപാടവത്തിൽ ആകൃഷ്‌ടനായി തൊഴിലാളി സമരങ്ങളുടെ ഭാഗമായ സ. ആനത്തലവട്ടം ആനന്ദൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിലൂടെ ഉയർന്നുവന്ന ഉജ്വലനായ നേതാവായിരുന്നുവെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. ഒരു തൊഴിലാളി പ്രവർത്തകൻ അനുഭവത്തിലൂടെ സംഘടനാ നേതൃത്വത്തിലേക്ക്‌ ഉയരുകയെന്നത്‌ അസാമാന്യമായ അനുഭവമാണ്‌.

ആനത്തലവട്ടം ആനന്ദനോളം തൊഴിലാളികൾക്ക്‌ വേണ്ടി ജീവിതം സമർപ്പിച്ച അപൂർവം ചിലരേയുണ്ടാവുകയുള്ളൂ. കയർതൊഴിലാളികളെ സംഘടിപ്പിച്ചും കശുവണ്ടി, തോട്ടം തുടങ്ങി അനൗപചാരിക, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സ്നേഹനിധിയായും വളരാൻ അദ്ദേഹത്തിനായി. തൊഴിലാളികളുടെ ജീവനോപാധികൾ സംരക്ഷിക്കാനായുള്ള പോരാട്ടത്തിൽ അവസാന ശ്വാസം വരെ അദ്ദേഹം മനസർപ്പിച്ചു. അസുഖബാധിതനായി തിരുവനന്തപുരം മെഡി. കോളേജ്‌ ആശുപത്രിയിൽ കഴിയുമ്പോഴും തൊഴിൽ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സിഐടിയു നേതാക്കളുടെയും ശ്രദ്ധയിൽപ്പെടുത്താനായിരുന്നു സഖാവ്‌ താൽപര്യം കാണിച്ചത്‌. സ്വന്തം അസുഖത്തെക്കുറിച്ച്‌ ആരോടും പറയാതെ വേദന കടിച്ചമർത്തി തൊഴിലാളികളുടെ പ്രശ്‌നം മാത്രം ചിന്തിക്കുകയും അതിനായി കാതോർക്കുകയും ചെയ്യുന്ന അത്യപുർവമായ സ്വഭാവ സവിശേഷത അദ്ദേഹത്തിന്‌ കൈമുതലായിരുന്നു.

ട്രാൻസ്‌പോർട്ട്‌ തൊഴിലാളികളുടെ സംഘടനാ നേതാവെന്ന നിലയിൽ ഗതാഗത സംവിധാനത്തെ സംരക്ഷിക്കാനും തൊഴിലാളികളുടെ താൽപര്യം ഉയർത്തിപ്പിടിക്കാനും സ. ആനത്തലവട്ടത്തിനായി. ഭരിക്കുന്ന സർക്കാരേതെന്ന്‌ നോക്കാതെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ സധൈര്യം ഉയർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിന്‌ മടിയുണ്ടായിരുന്നില്ലെന്നും പാർട്ടി അനുസ്മരിച്ചു.

എ ഐ ടി യു സി

മുതിർന്ന തൊഴിലാളി നേതാവ്, സി ഐ ടി യു സംസ്ഥാന പ്രസിഡന്റ്‌ സഖാവ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി KP രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. കയർ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് ട്രേഡ് യൂണിയൻ പ്രവർത്തനം തുടങ്ങിയ സഖാവ് എല്ലാ മേഖലകളിലും തൊഴിലാളി സംഘടിപ്പിക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും എന്നും മുന്നിൽ നിന്നു പ്രവർത്തിച്ച നേതാവാണ്.

സംയുക്ത ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ ശക്തമായി വളർത്തികൊണ്ടുവരുന്നതിൽ സഖാവ് നൽകിയ സംഭാവന വളരെ വിലപ്പെട്ടതാണെന്നും എ.ഐ.റ്റി.യു.സി. സംസ്ഥാന കൗൺസിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വി ആർ പ്രതാപൻ

സിഐടിയു സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായ ആനത്തലവട്ടം ആനന്ദൻ്റെ വേർപാട് കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളി സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണ് വരുത്തിവച്ചതെന്ന് ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ വി.ആർ.പ്രതാപൻ പറഞ്ഞു.

അനി യന്ത്രിതമായ കോർപ്പറേറ്റുവൽക്കര ണത്തിനെതിരെ സംയുക്ത തൊഴിലാളി ഐക്യം ശക്തിപ്പെടുത്തുന്നതിൽ ആനത്തലവട്ടം വഹിച്ച പങ്ക് നിസ്തൂലമാനെന്നും അദ്ദേഹത്തിൻ്റെ വേർപാടിൽ ഐ എൻ ടി യു സി യുടെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

കെ.സുരേന്ദ്രൻ

സിഐടിയു സംസ്ഥാന പ്രസിഡന്റെ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. സംശുദ്ധ രാഷ്ട്രീയത്തിൻ്റെ പ്രതീകമായിരുന്നു അദ്ദേഹം. തന്റെ ജീവിതം മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച നേതാവായിരുന്നു ആനത്തലവട്ടം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാൻ ജീവിതം മുഴുവൻ പോരാട്ടം നടത്തിയ തൊഴിലാളി നേതാവായിരുന്നു അദ്ദേഹമെന്നും സുരേന്ദ്രൻ അനുസ്മരിച്ചു.

എതിർ രാഷ്ട്രീയ ചേരിയിലായിരുന്നിട്ട് കൂടി ഏറെ സ്നേഹത്തോടെയായിരുന്നു അദ്ദേഹം പെരുമാറിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന ആനത്തലവട്ടത്തിൻ്റെ വിയോഗം തൊഴിലാളികൾക്ക് വലിയ നഷ്ടമാണ്. കേരള രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻ്റെ അസാനിധ്യം പ്രതിഫലിക്കും. ആനത്തലവട്ടം ആനന്ദന്റെ കുടുംബത്തിന്റെയും പാർട്ടിയുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

Latest