Kerala
പറയുന്നത് മുഴുവനും പ്രാവർത്തികമാക്കാൻ ശ്രമിച്ച നേതാവ്: കാന്തപുരം
മർകസിന്റെയും സുന്നി സംഘടനകളുടെയും പ്രവർത്തനത്തിലും മുന്നേറ്റത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും തന്നാലാവുന്ന പിന്തുണയും സഹായങ്ങളും നൽകുകയും ചെയ്തിരുന്നുവെന്നും കാന്തപുരം അനുസ്മരിച്ചു

കോഴിക്കോട് | ഒരു മികച്ച രാഷ്ട്രീയ പ്രവർത്തകനും പറയുന്നത് മുഴുവനും പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുന്ന ആളുമായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. മർകസിന്റെയും സുന്നി സംഘടനകളുടെയും പ്രവർത്തനത്തിലും മുന്നേറ്റത്തിലും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും തന്നാലാവുന്ന പിന്തുണയും സഹായങ്ങളും നൽകുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അനുസ്മരിച്ചു.
മർകസ് സമ്മേളന വേദികളിലും കേരള യാത്രാ വേദികളിലും അദ്ദേഹം ഉത്സാഹത്തോടെ പങ്കെടുക്കുകയും പ്രസ്ഥാനത്തിന് തന്റെ പിന്തുണയുണ്ടെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിവിധ ചടങ്ങുകളിലേക്ക് ക്ഷണിക്കുമ്പോഴും പലവിധ ആവശ്യങ്ങളുമായി സമീപിക്കുമ്പോഴുമെല്ലാം അനുകൂല സമീപനമാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്. ഏതാനും നാളുകളായി രോഗാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തിന്റെ വിശേഷങ്ങൾ ബന്ധപ്പെട്ടവരോട് അന്വേഷിക്കുകയും കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിലമ്പൂരിലെ വസതിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തിരുന്നു – കാന്തപുരം അനുസ്മരിച്ചു.
നിയമസഭാ സാമാജികനായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും മറ്റെല്ലാ സമയത്തും പാവപ്പെട്ടവർക്ക് ഗുണങ്ങൾ ചെയ്തുകൊടുക്കുന്നതിൽ വളരെയധികം ഉത്സാഹിച്ചിരുന്നുവെന്നും കാന്തപുരം ഓർമിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എന്റെ അനുശോചനം അറിയിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.