editorial
"ഇന്ത്യ' സഖ്യത്തിലെ നേതൃതര്‍ക്കം
ദേശീയാടിസ്ഥാനത്തിലെ സ്വാധീനവും ബലവും മാനദണ്ഡമാക്കിയാണ് സഖ്യത്തിന്റെ നേതൃസ്ഥാനം ആര് വഹിക്കണമെന്ന് നിശ്ചയിക്കേണ്ടത്. മതേതര പാര്‍ട്ടികള്‍ "ഇന്ത്യ' സഖ്യത്തിനു കീഴില്‍ ഒന്നിച്ചു അണിനിരന്നതാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വര്‍ഗീയ ഫാസിസ്റ്റ് സഖ്യത്തെ കേവല ഭൂരിപക്ഷത്തില്‍ പിടിച്ചു കെട്ടാനായതെന്ന വസ്തുത വിസ്മരിക്കരുത്.
നേതൃസ്ഥാനത്തെച്ചൊല്ലി ഭിന്നത ഉടലെടുത്തിരിക്കുകയാണ് “ഇന്ത്യ’ സഖ്യത്തില്‍. രാഹുല്‍ ഗാന്ധിക്കു പകരം തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് “ഇന്ത്യ’യുടെ നേതൃസ്ഥാനത്ത് വരണമെന്ന ആവശ്യവുമായി സഖ്യത്തിലെ ചില കക്ഷികള്‍ രംഗത്ത് വന്നിരിക്കുന്നു.
“ഇന്ത്യ’ സഖ്യം രൂപവത്കരിച്ചത് താനാണെന്നും സഖ്യത്തെ നയിക്കാന്‍ തയ്യാറാണെന്നും കൊല്‍ക്കത്തയില്‍ ശനിയാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മമതാ ബാനര്‍ജി പ്രസ്താവിച്ചതോടെയാണ് അവരുടെ നേതൃമോഹം പുറത്തുവന്നത്. ഈ മാസം രണ്ടിന് ചേര്‍ന്ന “ഇന്ത്യ’ സഖ്യം പാര്‍ലിമെന്റ് പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു തൃണമൂല്‍ എം പിമാര്‍. അദാനി വിഷയം ഉയര്‍ത്തി പാര്‍ലിമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്ന കോണ്‍ഗ്രസ്സ് നിലപാടിനോടുള്ള വിയോജിപ്പാണ് ഇതിനു കാരണമായി പറഞ്ഞത്.
വിലക്കയറ്റം, തൊഴില്‍രാഹിത്യം, മണിപ്പൂര്‍ സംഘര്‍ഷം, കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിക്കാതിരിക്കുക തുടങ്ങി രാജ്യത്തെയും ജനങ്ങളെയും ബാധിക്കുന്ന മറ്റു നിരവധി വിഷയങ്ങളുണ്ടായിരിക്കെ അദാനി വിഷയത്തില്‍ മാത്രം കടിച്ചു തൂങ്ങിയത് ശരിയല്ലെന്ന് തൃണമൂല്‍ പറയുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പങ്കാളിയല്ലാത്ത തൃണമൂലിന്, കോണ്‍ഗ്രസ്സ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ബാധ്യതയില്ലെന്നും ബഹിഷ്‌കരണത്തെ ന്യായീകരിച്ച് നേതാക്കള്‍ വ്യക്തമാക്കി.
“രാഹുല്‍ ഗാന്ധിയാണ് പാര്‍ലിമെന്റ് പ്രതിപക്ഷ നേതാവ്. “ഇന്ത്യ’ സഖ്യത്തിന് തത്കാലം വേറെ നേതാവിനെ തിരയേണ്ടതില്ലെ’ന്നാണ് നേതൃമാറ്റം സംബന്ധിച്ച കോണ്‍ഗ്രസ്സിന്റെ പ്രതികരണം. അതേസമയം മമത നേതൃസ്ഥാനത്ത് വരുന്നതിനോട് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും അനുകൂലഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ “ഇന്ത്യ’ സഖ്യത്തിന് നേതൃത്വം നല്‍കേണ്ടത് മമതയാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പ് പരിഗണിക്കേണ്ടതില്ലെന്നുമാണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് ലാലു പ്രസാദ് പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ലെങ്കിലും മറ്റാരെങ്കിലും സഖ്യത്തെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പിന്തുണക്കുമെന്ന് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. സമാജ് വാദി പാര്‍ട്ടിക്കും എന്‍ സി പിക്കും മമത നേതൃസ്ഥാനത്ത് വരുന്നതിനോട് യോജിപ്പാണ്.
സഖ്യത്തിലെ മറ്റൊരു കക്ഷിയായ എ എ പിക്കും കോണ്‍ഗ്രസ്സിനോട് അത്ര താത്പര്യമില്ല. അതേസമയം ഇടതുകക്ഷികള്‍ക്കും ഡി എം കെക്കും നേതൃമാറ്റത്തോട് യോജിപ്പില്ല. എങ്കിലും ചെറുപാര്‍ട്ടികള്‍ക്ക് പരിഗണന നല്‍കാത്ത കോണ്‍ഗ്രസ്സിന്റെ വല്യേട്ടന്‍ മനോഭാവത്തില്‍ സി പി ഐ ജന. സെക്രട്ടറി ഡി രാജ അതൃപ്തി പ്രകടിപ്പിക്കുകയുണ്ടായി കഴിഞ്ഞ ദിവസം. സഖ്യത്തിലെ അനൈക്യത്തിലും അദ്ദേഹം നീരസം പ്രകടിപ്പിച്ചു.
ലേക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സിന്റെ പ്രകടനം പാടേ മോശമായതാണ് നേതൃസ്ഥാനത്തെച്ചൊല്ലി ചര്‍ച്ചയും അവകാശവാദവും ഉയര്‍ന്നു വരാനിടയാക്കിയത്. വിശിഷ്യാ മഹാരാഷ്ട്രയിലെ ദയനീയ തോല്‍വി. സംസ്ഥാനത്ത് 288 മണ്ഡലങ്ങളില്‍ 16 ഇടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ്സ് വിജയിച്ചത്. ഝാര്‍ഖണ്ഡില്‍ 30 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് ലഭിച്ചത് 16 സീറ്റ്. 34 സീറ്റ് നേടിയ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ബലത്തിലാണ് അവിടെ “ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയത്. ജമ്മു കശ്മീരില്‍ ആറ് സീറ്റാണ് 32 സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് ലഭിച്ചത്.
അതും പ്രാദേശിക പാര്‍ട്ടിയായ നാഷനല്‍ കോണ്‍ഫറന്‍സിന്റെ കാരുണ്യത്തില്‍. തിരിച്ചുവരവ് പ്രതീക്ഷിച്ച ഹരിയാനയിലും കോണ്‍ഗ്രസ്സിന് അടിപതറി. ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടിയ മിക്ക മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സിന് പരാജയമായിരുന്നു.
എങ്കിലും ഏതെങ്കിലുമൊരു തിരഞ്ഞെടുപ്പിലെ ഒരു പാര്‍ട്ടിയുടെ ജയപരാജയങ്ങളെ മുന്‍നിര്‍ത്തി തീരുമാനിക്കേണ്ടതല്ല “ഇന്ത്യ’ സഖ്യത്തിന്റെ നേതൃസ്ഥാനം. മാത്രമല്ല, മഹാരാഷ്ട്രയിലെ “ഇന്ത്യ’ മുന്നണിയുടെ ദയനീയ പരാജയം അട്ടിമറിയാണെന്ന സംശയവും ശക്തം. മെയ് മാസത്തില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളില്‍ 13 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ്സ്, നാല് മാസത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 288ല്‍ 16 സീറ്റില്‍ ഒതുങ്ങിയതും, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റില്‍ ഒതുങ്ങിയ ബി ജെ പി നിയമസഭാ തിരഞ്ഞെടുപ്പില്‍ 132 സീറ്റിലേക്ക് കുതിച്ചുയര്‍ന്നതും തീര്‍ത്തും അവിശ്വസനീയമായിരുന്നു.
സംസ്ഥാനത്ത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തല്‍. ഈ പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയുമാണ്.
ദേശീയാടിസ്ഥാനത്തിലെ സ്വാധീനവും ബലവും മാനദണ്ഡമാക്കിയാണ് സഖ്യത്തിന്റെ നേതൃസ്ഥാനം ആര് വഹിക്കണമെന്ന് നിശ്ചയിക്കേണ്ടത്. പ്രാദേശിക പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ്. ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവന്‍ അഭിപ്രായപ്പെട്ടത് പോലെ പശ്ചിമ ബംഗാളിനു പുറത്ത് പല സംസ്ഥാനങ്ങളിലും അത്ര പരിചിതമല്ല തൃണമൂല്‍. അതേസമയം പല സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പിന്തള്ളപ്പെട്ടെങ്കിലും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇപ്പോഴും അടിത്തറയുണ്ട് കോണ്‍ഗ്രസ്സിന്. മാസങ്ങള്‍ക്കകം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഒന്നിച്ചു നിന്നില്ലെങ്കില്‍ ഇവിടെയും മതേതര സഖ്യം കൂപ്പുകുത്തും.
ഇടയ്ക്കിടെ അപശബ്ദങ്ങളുണ്ടായെങ്കിലും മതേതര പാര്‍ട്ടികള്‍ “ഇന്ത്യ’ സഖ്യത്തിനു കീഴില്‍ ഒന്നിച്ചു അണിനിരന്നതാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി രാജ്യത്തിന്റെ ജനാധിപത്യ, മതേതരത്വ സ്വഭാവം അട്ടിമറിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട വര്‍ഗീയ ഫാസിസ്റ്റ് സഖ്യത്തെ കേവല ഭൂരിപക്ഷത്തില്‍ പിടിച്ചു കെട്ടാനായതെന്ന വസ്തുത വിസ്മരിക്കരുത്.