Connect with us

iuml- welfare party

ജമാഅത്ത് സഖ്യത്തിലൂടെ നഷ്ടപ്പെട്ട തീവ്രവാദ വിരുദ്ധ മുഖം വീണ്ടെടുക്കാന്‍ ലീഗിന്റെ നീക്കം

തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ മാധ്യമ മേധാവിത്വം ഉപയോഗിച്ച് ഇസ്ലാമിനെതിരായ ആക്രമണം എന്ന ലേബല്‍ ചാര്‍ത്തി ജമാഅത്തെ ഇസ്ലാമി മറികടക്കാന്‍  ശ്രമിക്കുമ്പോള്‍ ലീഗ് ആ വലയില്‍ വീഴുന്നതായി അണികള്‍ തിരിച്ചറിയുന്നു.

Published

|

Last Updated

കോഴിക്കോട്  | തീവ്രവാദത്തിനെതിരായി നേരത്തേയുണ്ടായിരുന്ന പോരാട്ടവീറും നിലപാടും വീണ്ടെടുക്കാന്‍ മുസ്ലിം ലീഗ് ശ്രമങ്ങള്‍ ആരംഭിക്കുന്നു. സമുദായത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദ ആശയങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതില്‍  നിര്‍ണായക പങ്കുവഹിച്ചത് തങ്ങളാണെന്ന് നേരത്തേ ലീഗ് അവകാശപ്പെടാറുണ്ടായിരുന്നു. എന്നാൽ, ജമാഅത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പു സഖ്യങ്ങള്‍ ഉണ്ടാക്കിയതോടെ ലീഗിന്റെ വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരായ നിലപാട് ചോദ്യം ചെയ്യപ്പെട്ടു. സമൂഹത്തില്‍ വീണ്ടും വര്‍ഗീയ- തീവ്രവാദ ചര്‍ച്ചകള്‍ ഉയരുമ്പോള്‍ പഴയ നിലപാട് കൈമോശം വന്നതിലുള്ള ആശങ്ക ലീഗിനെ പിടികൂടിയിട്ടുണ്ട്. നാര്‍കോട്ടിക് ജിഹാദും ലൗ ജിഹാദും സംബന്ധിച്ച് മുഖ്യമന്ത്രി തെളിവു നിരത്തിയാല്‍ പിന്തുണക്കാമെന്ന നിലപാടുമായി  എം കെ മുനീര്‍ രംഗത്തുവന്നത് ഈ പശ്ചാത്തലത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.

ലീഗിലെ തീവ്രവാദ വിരുദ്ധ പോരാളികള്‍ എന്ന പ്രതിച്ഛായ ഉണ്ടായിരുന്ന നേതാക്കളായിരുന്നു എം കെ മുനീറും കെ എം ഷാജിയും. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ട്  നേതാക്കളുമായി ചര്‍ച്ച നടത്തിയ വിവരങ്ങള്‍ പുറത്തുവന്നപ്പോഴും ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായ സഖ്യം ഉണ്ടാക്കിയപ്പോഴും ഈ നേതാക്കൾ മൗനം പാലിക്കുകയായിരുന്നു. ഇതോടെയാണ് ലീഗിന്റെ തീവ്രവാദ വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേറ്റത്. ക്യാമ്പസില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന സി പി എം റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്നും ഏത് ക്യാമ്പസിലാണെന്നു തെളിവ് നല്‍കിയാല്‍ അതിനെ ചെറുക്കാന്‍ ലീഗ് ഒപ്പം നില്‍ക്കുമെന്നുമാണു എം കെ മുനീര്‍ ഇപ്പോള്‍ പറയുന്നത്. ‘തീവ്രവാദത്തെ എതിര്‍ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമായി പരിശ്രമിക്കുന്ന പ്രസ്ഥാനമാണ് ലീഗ്. അങ്ങനെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ കൂടി അത് തടയാന്‍ സഹായിക്കും. സർക്കാറിന്റെ കൂടെ നിന്ന് അതിനെ തുരത്തുന്നതിന് ലീഗ് കൂടെയുണ്ടാകും’ എന്നാണു മുനീര്‍ പ്രസ്താവിച്ചത്.

വര്‍ഗീയ- തീവ്രവാദ ആശയങ്ങളുമായി സന്ധി ചെയ്യുന്നതിനെതിരെ, ലീഗിനെ അനുകൂലിക്കുന്ന വിവിധ ജന വിഭാഗങ്ങള്‍ക്കിടിയില്‍ നിന്ന് ശക്തമായ സമ്മര്‍ദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുനീറിന്റെ ഈ പ്രതികണം എന്നാണു വിലയിരുത്തപ്പെടുന്നത്. സി പി എം ബ്രാഞ്ച്  സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗകര്‍ക്കുള്ള മാര്‍ഗ രേഖയില്‍, ക്യാമ്പസ്സുകള്‍ കേന്ദ്രീകരിച്ചു ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രവര്‍ത്തനങ്ങളെയും മറ്റെല്ലാ വര്‍ഗീയ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, ചില സലഫി ഗ്രൂപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടേണ്ടതിനെക്കുറിച്ച് ലീഗിലും ആവശ്യം ശക്തമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയെ തള്ളിക്കളയാന്‍ പറ്റാത്തതുപോലെ, പരമ്പരാഗത വോട്ടുബാങ്കായ സലഫി നിലപാടുകളേയും എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലീഗ്. എങ്കിലും ലീഗിലെ പുതു തലമുറ ഇത്തരം ഉരുണ്ടുകളികളെ ചോദ്യം ചെയ്യുന്നുണ്ട്.

തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് എന്ന് അവകാശപ്പെട്ടായിരുന്നു അബ്ദുന്നാസര്‍ മഅ്ദനിയുടെ മനുഷ്യാവകാശത്തെക്കുറിച്ചുപോലും ലീഗ് വൈകി മാത്രം സംസാരിച്ചത്. പിന്നീട് കേരളത്തില്‍ നിന്ന് ഐ എസ് റിക്രൂട്ട്‌മെന്റ് വാര്‍ത്തകള്‍ വന്നപ്പോള്‍, തീവ്രവാദ വിരുദ്ധ നിലപാടില്‍ ശക്തമായി നില്‍ക്കാന്‍ ലീഗിനായില്ല. കോഴിക്കോട് വേളത്ത് ഏതാനും വര്‍ഷം മുമ്പ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് മറന്നാണ് തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ലീഗിന്റെ  വര്‍ഗീയ- തീവ്രവാദ വിരുദ്ധ പോരാളികളായി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാറുള്ള കെ എം ഷാജിയും എം കെ മുനീറും നിശബ്ദരായതാണു പിന്നീടു കണ്ടത്. പോപ്പുലര്‍ ഫ്രണ്ടിനു കീഴില്‍ എസ് ഡി പി ഐയുടെ ആവിര്‍ഭാവ കാലത്ത് തീവ്ര പക്ഷത്തേക്ക് പുതു തലമുറ ഒഴുകിപ്പോകാതിരിക്കാന്‍ ശക്തമായ നിലപാടു സ്വീകരിച്ച ലീഗ്, നിലപാടില്‍ വെള്ളം ചേര്‍ത്താണ്  മതരാഷ്ട്രം വാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ചേര്‍ന്നത്. ഇതോടെ, സമുദായത്തിനു മേല്‍ ലീഗിന് ഉണ്ടായിരുന്ന മേധാവിത്വം ചോദ്യം ചെയ്യപ്പെട്ടു. തീവ്രവാദത്തോടുള്ള ലീഗിന്റെ ഇരട്ടത്താപ്പില്‍ പ്രതിഷേധിച്ച് എക്കാലവും പിന്തുണച്ച വിവിധ വിഭാഗങ്ങള്‍  അകന്നത് തിരഞ്ഞെടുപ്പുകളില്‍ വല്ലാതെ ബാധിച്ചു.

ഏതാനും വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അസാധാരണ സാഹചര്യമാണ് ഇപ്പോള്‍ ലീഗിനെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിക്കുന്നത്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മതത്തെയും സമുദായത്തെയും പരിചയാക്കി തടയാന്‍ ശ്രമിക്കുന്നത് ജമാഅത്തെ ഇസ്ലാമി നിരന്തരം ആവര്‍ത്തിക്കുകയാണ്. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ മാധ്യമ മേധാവിത്വം ഉപയോഗിച്ച് ഇസ്ലാമിനെതിരായ ആക്രമണം എന്ന ലേബല്‍ ചാര്‍ത്തി ജമാഅത്തെ ഇസ്ലാമി മറികടക്കാന്‍  ശ്രമിക്കുമ്പോള്‍ ലീഗ് ആ വലയില്‍ വീഴുന്നതായി അണികള്‍ തിരിച്ചറിയുന്നു. പൊതു സമൂഹത്തില്‍ വര്‍ഗീയ പ്രതിച്ഛായയുള്ള ജമാഅത്തെ ഇസ്ലാമി ലീഗിനെ ഉപയോഗിച്ച് പൊതുസമൂഹത്തില്‍ മാന്യത നേടാന്‍ ശ്രമിക്കുന്നതിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ ചോദ്യങ്ങള്‍ ഉയരുന്നു. ഈ പശ്ചാത്തലത്തിലാണ് വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ പഴയ നിലപാട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

---- facebook comment plugin here -----

Latest