Kerala
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ലീഗും കാണിച്ചിരുന്നു ചില തരികിടകള്‍; തുറന്നു പറച്ചിലുമായി പി എം എ സലാം
'മുസ്ലിം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, വിദ്യാഭ്യാസ മന്ത്രി മുസ്ലിം ലീഗുകാരനാകുമ്പോള്‍ നമുക്ക് ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്സിറ്റി യൂണിയനും കോളജുകളുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ട്.'
മങ്കട | മുസ്ലിം ലീഗിന് ഭരണമുണ്ടായിരുന്ന കാലത്ത് സര്‍വകലാശാല, കോളജ് യൂണിയനുകള്‍ പിടിച്ചടക്കാന്‍ ചില തരികിടകള്‍ കാണിച്ചിരുന്നുവെന്ന കാര്യം തുറന്നു പറഞ്ഞ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി എം എ സലാം. മലപ്പുറം മങ്കട പഞ്ചായത്തിലെ മൂര്‍ക്കനാട് വാര്‍ഡ് മുസ്ലിം ലീഗ് കുടുംബ സംഗമത്തില്‍ പ്രസംഗിക്കവേയാണ് സലാം ഇക്കാര്യം വെളിപ്പെടുത്തിയത്. കോളജ്, സര്‍വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ എം എസ് എഫ് നടത്തുന്ന പ്രകടനത്തെ പ്രകീര്‍ത്തിക്കുന്നതിനിടെയായിരുന്നു സലാമിന്റെ പരാമര്‍ശം.
സാധാരണ നിലയില്‍ മുസ്ലിം ലീഗിന് ഭരണമുണ്ടാകുമ്പോള്‍, വിദ്യാഭ്യാസ മന്ത്രി മുസ്ലിം ലീഗുകാരനാകുമ്പോള്‍ നമുക്ക് ചില തരികിടകളൊക്കെ നടത്തി യൂണിവേഴ്സിറ്റി യൂണിയനും കോളജുകളുമൊക്കെ പിടിച്ചെടുക്കാന്‍ സാധിക്കാറുണ്ടെന്നായിരുന്നു മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പറഞ്ഞത്.
എന്നാല്‍, ഇപ്പോള്‍ ആ തരികിടകള്‍ സി പി എമ്മിന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകുന്നതെന്ന് സലാം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെ ഉപയോഗിച്ച് സര്‍വകലാശാല, കോളജ് ഭരണങ്ങളും സ്‌കൂളുമൊക്കെ അവര്‍ തകിടം മറിക്കുകയാണ്. അങ്ങനെയുള്ള തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തിലാണ് സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടാന്‍ എം എസ് എഫിന് നേടാന്‍ കഴിഞ്ഞത്. ചിന്തിക്കുന്ന, വിവരമുള്ള, വിദ്യാഭ്യാസമുള്ള പുതിയ തലമുറ മുസ്ലിം ലീഗിനോടൊപ്പം ചേരാന്‍ നിശ്ചയിച്ചിരിക്കുന്നു എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും സലാം വ്യക്തമാക്കി.