From the print
ഇ കെ വിഭാഗത്തിലെ ഭിന്നത അതിരൂക്ഷം: ലീഗ് വിരുദ്ധരെ കടന്നാക്രമിച്ച് ജാമിഅ സമ്മേളനം
മഹല്ല് നേതൃത്വം മറുപക്ഷത്തെ നിലക്കുനിര്‍ത്തണമെന്ന് പ്രമേയം

മലപ്പുറം | ഇ കെ വിഭാഗത്തിലെ ഭിന്നത കൂടുതല്‍ രൂക്ഷമായി പുതിയ തലത്തിലേക്ക്. സമസ്ത സ്ഥാപിച്ചതും എന്നാല്‍, നിലവില്‍ മുസ്്‌ലിം ലീഗ് നിയന്ത്രണത്തിലുള്ളതുമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ കഴിഞ്ഞ ദിവസം പൈതൃക സമ്മേളനം നടന്നതോടെ ഭിന്നത പൊട്ടിത്തെറിയുടെ വക്കിലെത്തി. ഇ കെ വിഭാഗം മുശാവറ അംഗം അസ്ഗറലി ഫൈസിയെ ജാമിഅയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയില്‍ ലീഗ് വിരുദ്ധര്‍ പ്രതിഷേധ സമ്മേളനം നടത്തിയിരുന്നു. ഇതിന് മറുപടിയായി ലീഗ് അനുകൂലര്‍ നടത്തിയ ജാമിഅ പൈതൃക സമ്മേളനം മറുവിഭാഗത്തെ കടന്നാക്രമിക്കുന്നതായിരുന്നു.
‘സമസ്ത’യുടെ പണ്ഡിതര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയും അധികാരവും വകവെച്ചു നല്‍കാതെ ‘സൂപര്‍ സമസ്ത’ ചമഞ്ഞ് പക വീട്ടാനും ദുര്‍വാശി അടിച്ചേല്‍പ്പിക്കാനുമായി ഇറങ്ങിത്തിരിച്ചവരെ നിലക്കുനിര്‍ത്താന്‍ ‘സമസ്ത – മഹല്ല്’ നേതൃത്വം തയ്യാറാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മഹല്ലുകളില്‍ ലീഗ് വിരുദ്ധരെ വിലക്കണമെന്നും ഇതിന് മഹല്ല് കമ്മിറ്റികള്‍ തയ്യറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ലീഗിന് വേണ്ടിയുള്ള രാഷ്ട്രീയ മറുപടിയുടെ സ്വരത്തിലായിരുന്നു പരിപാടിയിലെ പ്രസംഗങ്ങളെല്ലാം. ലീഗും സമസ്തയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി വാചാലനായത്. ലീഗുകാര്‍ പണ്ട് മുതലേ ‘സമസ്ത’യിലുള്ളവരാണെന്നും ലീഗ് ആയതുകൊണ്ട് ‘സമസ്ത’യില്‍ നിന്ന് മാറ്റി നിര്‍ത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്്‌ലിംകളുടെ ഐക്യം തകര്‍ക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റിപ്പെടുത്തി.
പക വീട്ടാന്‍ ഇറങ്ങിത്തിരിച്ചവരെ നിലക്ക് നിര്‍ത്തണമെന്നും പാണക്കാട് തങ്ങളോട് വിരോധം വെച്ച് ജാമിഅയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. പാണക്കാട് തങ്ങന്മാര്‍ക്കെതിരെ ആരും ശബ്ദിക്കരുതെന്ന താക്കീതുമായി മറ്റ് പ്രാസംഗികരും രംഗത്തെത്തി. എന്നാല്‍, അസ്ഗറലിയെ ഫൈസിയെ പുറത്താക്കിയതിന്റെ കാരണത്തെ സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നുമുണ്ടായില്ല.
ലീഗ് വിരുദ്ധ നേതാക്കളായ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മുണ്ടുപ്പാറ എന്നിവര്‍ ആദ്യം നടന്ന പ്രതിഷേധ സമ്മേളനത്തില്‍ മുഖ്യപ്രഭാഷകരായപ്പോള്‍ മറുപടിയായി നടത്തിയ ലീഗ് അനുകൂലരുടെ സമ്മേളനത്തില്‍ ഈ ചേരിയെ നയിക്കുന്ന മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്്വി, സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, സലീം എടക്കര എന്നിവരാണ് പ്രാസംഗികരായത്.
ലീഗ്- ഇ കെ വിഭാഗം ഭിന്നത കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ കടുത്ത വിമര്‍ശനമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ലീഗ് വിരുദ്ധര്‍ക്ക് മറുപടി പറയുന്നതിനൊപ്പം സംഘടനയിലെ ലീഗ് അനുകൂലരുടെ ശക്തി തെളിയിക്കല്‍ കൂടി ലക്ഷ്യമിട്ടായിരുന്നു പൈതൃക സമ്മേളനം. അതിനാല്‍ ലീഗിന്റെ സഹായത്തോടെ താഴെ തട്ടില്‍ വലിയ തോതിലുള്ള പ്രചാരണം നടത്തി ആളുകളെ കൂട്ടാനും ഇക്കൂട്ടര്‍ക്കായി.
ഇ കെ വിഭാഗത്തിനകത്ത് രൂക്ഷമായിരുന്ന ഭിന്നതക്ക് റമസാന് മുമ്പ് നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് ശമനമുണ്ടായിരുന്നു. എന്നാല്‍, ലീഗ് പക്ഷം അസ്ഗറലി ഫൈസിയെ ജാമിഅയില്‍ നിന്ന് പുറത്താക്കിയതോടെ വീണ്ടും രൂക്ഷമായി. എല്ലാം ലംഘിച്ച് ഇരു വിഭാഗവും പരസ്യപ്പോര് തുടങ്ങി.
അതേസമയം, 1989ന് സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വിലയിരുത്തുന്നുണ്ട്. മുസ്്‌ലിം ലീഗിന്റെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഒരു വിഭാഗം ശ്രമം നടത്തുകയും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ലീഗില്‍ നിന്ന് അകലം പാലിച്ച് ‘സമസ്ത’യുടെ ആദര്‍ശവും ആശയവും സംരക്ഷിക്കാനാണ് മറുവിഭാഗം ശ്രമം നടത്തുന്നതെന്നാണ് സംഘടനക്കകത്തെ ലീഗ് അനുകൂലര്‍ പറയുന്നത്.
ജാമിഅ പൈതൃക സമ്മേളനം ജനറല്‍ സെക്രട്ടറി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി സംസാരിച്ചു. ലീഗ് അനുകൂല നേതാക്കളായ ശാഫി ഹാജി ചെമ്മാട്, എം സി മായിന്‍ ഹാജി, അബ്ദുര്‍റഹ്്മാന്‍ കല്ലായി, ക എ റഹ്്മാന്‍ ഫൈസി കാവനൂര്‍, പി എ ജബ്ബാര്‍ ഹാജി തടങ്ങിയവരും വേദിയിലുണ്ടായിരുന്നു.