Connect with us

Kerala

ലീഗ് ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ല; സി പി എം ചര്‍ച്ച ചെയ്യുന്നത് അവരുടെ അജണ്ട: പി കെ കുഞ്ഞാലിക്കുട്ടി

യു ഡി എഫ് ഭദ്രമായി കെട്ടുറപ്പോടെ അച്ചടക്കത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്

Published

|

Last Updated

മലപ്പുറം | മതരാഷ്ട്ര വാദികളുമായി ലീഗ് സഖ്യം ചേരുന്നുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരമാര്‍ശത്തെ തള്ളി മുസ്്‌ലിം ലീഗ്. ലീഗ് ഒരു വര്‍ഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ലെന്നും സി പി എം ചര്‍ച്ച ചെയ്യുന്നത് അവരുടെ അജണ്ടയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാര്‍ട്ടി സമ്മേളനത്തില്‍ പലതും ചര്‍ച്ച ചെയ്യും. അവരുടെ ചര്‍ച്ചയ്ക്ക് അഭിപ്രായം പറയേണ്ട കാര്യം ഞങ്ങള്‍ക്ക് ഇല്ല. യു ഡി എഫ് ഭദ്രമായി കെട്ടുറപ്പോടെ അച്ചടക്കത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. പത്ത് വര്‍ഷം ഭരിച്ചിട്ട് ഇടതുപക്ഷത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യ രാജ്യത്ത് സി പി എം ഇല്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസ് മാത്രമാണ് ബദലെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും പിന്തുണ വാങ്ങി കേരളത്തില്‍ അധികാരം നിലനിര്‍ത്താനാണ് സി പി എം ശ്രമമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പ്രതികരിച്ചു. മൂന്നാം പിണറായി സര്‍ക്കാര്‍ വരില്ലെന്നതിന്റെ തെളിവാണ് ലീഗിന്റെ പിന്നാലെയുള്ള സി പി എം നീക്കമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

ആരുടെയും പിന്തുണ വാങ്ങി അധികാരത്തില്‍ എത്താനാണ് സി പി എം ശ്രമം. ബി ജെ പിയെ വിമര്‍ശിക്കാന്‍ ഭയക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് ബി ജെ പിയെ വളര്‍ത്തുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നത്. ബംഗാളില്‍ ബി ജെ പിയെ വളര്‍ത്തിയതാരെന്ന് സി പി എം വ്യക്തമാക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

 

Latest