From the print
ഉമർ ഫൈസിക്കെതിരെ പട ശക്തമാക്കി ലീഗ്
ലീഗിനെ സി പി എമ്മിലേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട
കോഴിക്കോട് | ഇ കെ വിഭാഗം സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ പട ശക്തമാക്കി ലീഗ്. പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിവെച്ച വിമർശം കെ എം ഷാജിയും ടി വി ഇബ്‌റാഹീം എം എൽ എയും പി കെ ഫിറോസും കഴിഞ്ഞ ദിവസങ്ങളിൽ തരാതരം അഴിച്ചുവിട്ടു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും എം കെ മുനീർ എം എൽ എയും നേരത്തേ തന്നെ വിമർശമുയർത്തിയിരുന്നു.
ഉമർ ഫൈസിയെ അനുകൂലിക്കുന്ന വിഭാഗം വാർത്താകുറിപ്പുകളിലൂടെയാണ് മറുപടി പറയുന്നതെങ്കിലും ലീഗ് അനുകൂല പക്ഷവും മുസ്‌ലിം ലീഗ് നേതാക്കളും പ്രസ്താവനകളിലൂടെയും പൊതുയോഗങ്ങളിലുടെയും ശക്തമായി തിരിച്ചടിക്കുകയാണ്.
മുസ്‌ലിം സമുദായത്തിൽ സി പി എമ്മിന്റെ സ്ലീപ്പിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുവെന്ന് ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. അവരെ തിരിച്ചറിഞ്ഞ് പുറത്തിടേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. അത് അങ്ങനെത്തന്നെ ചെയ്യും.
പാണക്കാട് തങ്ങളെ ഏകപക്ഷീയമായി അങ്ങനെ പറഞ്ഞ് പോകാമെന്ന് കരുതേണ്ട. സി പി എം നന്നെങ്കിൽ അങ്ങട്ട് പൊയ്‌ക്കോ. പക്ഷേ, ഈ സമുദായത്തെ അങ്ങോട്ട് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട. ഞങ്ങൾ ഇവിടെ പോരാളികളായി നിലകൊള്ളും- കെ എം ഷാജി പ്രതികരിച്ചു. പാണക്കാട് തങ്ങൾക്കെതിരെ നടക്കുന്ന വിമർശം ജനങ്ങൾ സ്വീകരിക്കില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് വ്യക്തമാക്കി. ഉമർ ഫൈസി നേരത്തേയും വിമർശമുന്നയിച്ചിട്ടുണ്ട്. ഇതിന് ശേഷവും മുസ്‌ലിം ലീഗിന് വോട്ട് ശതമാനം വർധിക്കുകയാണുണ്ടായതെന്നും ഫിറോസ് പ്രതികരിച്ചു. ടി വി ഇബ്‌റാഹീം എം എൽ എയും ഉമർ ഫൈസിയെ വിമർശിച്ച് രംഗത്തെത്തി.
അതേസമയം, വഖ്ഫ് ഭേദഗതിക്കെതിരെയും മദ്‌റസകൾക്കെതിരായ കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെയും അടുത്ത ദിവസം കോഴിക്കോട്ട് പ്രക്ഷോഭ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്.
നാസർ ഫൈസി കൂടത്തായിയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ പുരോഗമിക്കുന്നത്.