National
സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത; ഭിന്ന വിധികളുമായി സുപ്രീം കോടതി
സ്വവര്‍ഗ വിവാഹമെന്നത് നഗര സങ്കല്‍പ്പമോ വരേണ്യവര്‍ഗ സങ്കല്‍പ്പമോ അല്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്വവര്‍ഗ വിവാഹത്തെ ശരിവെക്കുന്നതായും വിധിയില്‍ പറഞ്ഞു
ന്യൂഡല്‍ഹി | സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളില്‍ ഭിന്ന വിധികളുമായി സുപ്രീം കോടതി ബെഞ്ച് . ഹരജികളില്‍ നാല് വിധികളുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്വവര്‍ഗ വിവാഹമെന്നത് നഗര സങ്കല്‍പ്പമോ വരേണ്യവര്‍ഗ സങ്കല്‍പ്പമോ അല്ലെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് സ്വവര്‍ഗ വിവാഹത്തെ ശരിവെക്കുന്നതായും വിധിയില്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹം അസംബന്ധമോ വിഡ്ഢിത്തമോ അല്ല. സ്വവര്‍ഗ വിവാഹത്തിനെതിരായ സ്‌പെഷല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാ വിരുദ്ധമാണ്, എന്നാല്‍ പ്രത്യേക വിവാഹനിയമം കോടതിക്കു റദ്ദാക്കാന്‍ കഴിയില്ലെന്നും അക്കാര്യം തീരുമാനിക്കേണ്ടതു പാര്‍ലമെന്റ് ആണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീം കോടതിക്ക് നിയമം ഉണ്ടാക്കാന്‍ കഴിയില്ലെന്നും, അത് വ്യാഖ്യാനിക്കാനും പ്രാബല്യത്തില്‍ വരുത്താനും മാത്രമേ കഴിയൂ എന്നും വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ ഒരു കാര്യമാണെന്ന അഭിപ്രായം ശരിയല്ലെന്ന് വിധി വായിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമനിര്‍മ്മാണ നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സ്‌പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്തണോ എന്നത് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ പതിനൊന്നോടെ വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എസ്ആര്‍ ഭട്ട്, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഇവരുടെ വിധി പ്രസ്താവം വരാനിരിക്കുന്നതെ ഉള്ളു
സ്വവര്‍ഗാനുരാഗികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍, എല്‍ജിബിടിക്യു പ്ലസ് ആക്ടിവിസ്റ്റുകള്‍, വിവിധ സംഘടനകള്‍ തുടങ്ങിയവര്‍ നല്‍കിയ 20 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണിച്ചത്.
വിഷയത്തില്‍ കോടതി കേന്ദ്ര സര്‍ക്കാറിനോടും, കേന്ദ്രം സംസ്ഥാനങ്ങളോടും അഭിപ്രായം തേടിയിരുന്നു. സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കുന്നതിനെതിരായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പാര്‍ലമെന്റാണ് ഈ വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് എന്നാണ് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. അതേസമയം, നിയമസാധുത നല്‍കാതെ തന്നെ ഏതാനും അവകാശങ്ങള്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് നല്‍കാന്‍ തയാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.