Connect with us

MT VASUDEVAN NAIR

എം ടി എന്ന ഇതിഹാസം

നാട്ടിന്‍പുറമായിരുന്നു എം ടി യുടെ എഴുത്തിന്റെ കാതല്‍. ഗ്രാമ്യഭാഷയുടെ സൗരഭ്യവും പ്രകൃതിയുടെ ഭാവാന്തരങ്ങളും എം ടി കുറിച്ചിട്ടപ്പോള്‍ അത് മറ്റൊന്നായി മാറുമെന്ന് വായനക്കാര്‍ അനുഭവിച്ചറിഞ്ഞു. കഥയും നോവലും സിനിമയും യാത്രാവിവരണങ്ങളും ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളും നാടകവും ബാലസാഹിത്യവും എന്നിങ്ങനെ എഴുത്തിന്റെ ഏതാണ്ടെല്ലാ കൈവഴിയിലും എംടി എന്ന രണ്ടക്ഷരം സഞ്ചരിച്ചു.

Published

|

Last Updated

കാലത്തിന്റെ സങ്കീര്‍ണതകളും ജീവിതത്തിന്റെ സമസ്യകളും എഴുത്തില്‍ പകര്‍ത്തി മലയാളത്തെ വായിക്കാന്‍ പഠിപ്പിച്ച മലയാളിയുടെ അഭിമാനം ഇനി ഒളിമങ്ങാത്ത ഓര്‍മ്മ. ഒരു ജനതയുടെ മനസിന്റെ നാലുകെട്ടില്‍ സൂര്യശോഭയോടെ ഇക്കാലമത്രയും തിളങ്ങി നിന്ന, വാക്കും വരയും കൊണ്ട് കൊണ്ട് അമ്പരപ്പിച്ച മറ്റൊരാള്‍ ഇനിയുണ്ടാവില്ല. മനസ്സിന്റെ ആഴക്കയങ്ങളില്‍ അപൂര്‍വമായ തിരച്ചില്‍ നടത്തി, സ്വയം കഥാപാത്രമായി രൂപാന്തരപ്പെട്ട് എഴുതിയ കഥകളെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ സുകൃതം തട്ടും തടവുമില്ലാതെ ഒഴുകുന്ന നിളാ നദിപോലെ ശാന്തമായി ഇനി മലയാളിയുടെ ഓര്‍മ്മകളില്‍ ഒഴുകിപ്പരക്കും.

ആശയങ്ങളുടെ ലാളിത്യവും ഭാഷയുടെ സൗന്ദര്യവും കൊണ്ട് വായനക്കാരെ അമ്പരപ്പിച്ച കര്‍മനിരതമായ ആ ജീവിതം, ഹൃദയഹാരിയായ കഥാകാലത്തിന്റെയും നക്ഷത്രദീപ്തമായ സര്‍ഗവീര്യത്തിന്റെയും സുവര്‍ണ രേഖയാണ് വരച്ചിട്ടത്. വായനക്കാരെ ഒരുമിപ്പിക്കുന്ന ഭാഷയും അതിന്റെ മെയ് വഴക്കവുമായിരുന്നു എം ടിയുടെ മൗലികത. ആസ്വാദന പ്രധാനമായ കഥകളില്‍ നിന്ന് സങ്കീര്‍ണ്ണമായ മാനവീകതയുടെ മിന്നലാട്ടമുള്ള കഥകളിലേക്കുള്ള മാറ്റത്തിന് എം ടി യുടെ ജീവിതകാലം സാക്ഷ്യം വഹിച്ചു. മനുഷ്യബന്ധങ്ങളുടെ സവിശേഷമായ ഘടനക്കുള്ളില്‍ നിന്നുകൊണ്ട് മലയാളിയുടെ മനസ്സറിഞ്ഞ മാന്ത്രികത്തൂലികയില്‍ നിന്ന് പിറന്നതെന്നതെല്ലാം സവിശേഷമായ കഥാരത്‌നങ്ങള്‍ തന്നെ.

നാട്ടിന്‍പുറമായിരുന്നു എം ടി യുടെ എഴുത്തിന്റെ കാതല്‍. ഗ്രാമ്യഭാഷയുടെ സൗരഭ്യവും പ്രകൃതിയുടെ ഭാവാന്തരങ്ങളും എം ടി കുറിച്ചിട്ടപ്പോള്‍ അത് മറ്റൊന്നായി മാറുമെന്ന് വായനക്കാര്‍ അനുഭവിച്ചറിഞ്ഞു. കഥയും നോവലും സിനിമയും യാത്രാവിവരണങ്ങളും ലേഖനങ്ങളും ഓര്‍മക്കുറിപ്പുകളും നാടകവും ബാലസാഹിത്യവും എന്നിങ്ങനെ എഴുത്തിന്റെ ഏതാണ്ടെല്ലാ കൈവഴിയിലും എംടി എന്ന രണ്ടക്ഷരം സഞ്ചരിച്ചു. എഴുത്തിന്റെ പുഴയൊഴുകിയ ആ വഴിയിലെല്ലാം വായന പൂത്തു തളിര്‍ത്തു. മനുഷ്യമനസിന്റെ മേളപ്പെരുക്കങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന വിധം ആഖ്യാനം ചെയ്തുകൊണ്ടാണ് മലയാളകഥാസാഹിത്യത്തില്‍ എം ടി വാസുദേവന്‍ നായര്‍ അംഗീകാരം നേടിയത്.

കണ്ടതിനും കേട്ടതിനും അറിഞ്ഞതിനുമപ്പുറമുള്ള സൂക്ഷ്മാനുഭവങ്ങളെ യാഥാര്‍ഥ്യപ്രതീതിയുള്ള കഥാപാത്രങ്ങളിലൂടെ, കാവ്യാത്മകമായി അദ്ദേഹം അവതരിപ്പിച്ചു. എഴുത്തിലെ കയ്യടക്കം അവയെ ആകര്‍ഷകമാക്കി. അതുകൊണ്ടുതന്നെ തലമുറകളുടെ ഭേദമില്ലാതെ വായനക്കാര്‍ എം ടിയുടെ രചനകളെ ഏറ്റെടുത്തു. മുക്കാലണയുടെ സ്റ്റാമ്പൊട്ടിക്കാന്‍ തരമില്ലാതെ താനെഴുതിയ കഥ എങ്ങോട്ടയക്കുമെന്ന് പരിഭ്രമിച്ച കുട്ടിയില്‍നിന്നാണ് പരീക്ഷണങ്ങളെ അതിജീവിച്ച് എം ടി എന്ന പ്രതിഭ വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചത്. ‘കേരളക്ഷേമം’ മാസികയില്‍ ആദ്യമായി ഒരു ലേഖനം അച്ചടിച്ചുവരുമ്പോള്‍ കുമരനെല്ലൂര്‍ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് എം ടി. മദ്രാസില്‍ നിന്നിറങ്ങുന്ന കേരളോദയത്തില്‍, തന്റെ പതിനാലാം വയസ്സില്‍ വി എന്‍ തെക്കേപ്പാട്ട്, കൂടല്ലൂര്‍ വാസുദേവന്‍ നായര്‍, എം ടി വാസുദേവന്‍ നായര്‍ എന്നീ മൂന്ന് പേരുകളില്‍ രത്‌നങ്ങളെ കുറിച്ചുള്ളതായിരുന്നു ലേഖനം. രാജാജിയുടെ ജീവചരിത്രം, പൊറ്റക്കാടിന്റെ കഥകളെ കുറിച്ച് അവലോകനം എന്നിവ പ്രസിദ്ധീകരിച്ചു.

ചക്രവാതം എന്ന പത്രത്തില്‍ വന്ന ഉന്തുവണ്ടിയാണ് ആദ്യം വെളിച്ചം കണ്ട കഥ. പാലക്കാട് വിക്ടോറിയയില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ എം ടിയുടെ ആദ്യ സമാഹാരം പുറത്തിറക്കി. പിന്നീടിങ്ങോട്ട് എഴുത്തിന്റെ മഹാപ്രവാഹമായിരുന്നു. എം ടി എന്ന അക്ഷരമുദ്ര മലയാളിയുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു തുടങ്ങിയിരുന്നു.ആ എഴുത്തിന്റെ, ഭാഷയുടെ താളം ക്രമേണ മലയാളിയുടെ ഹൃദയ താളമായി മാറി.
നൈനിത്താളിലെ കുളിരിലും ഏകാന്തതയിലും ആരെയോ കാത്തിരിക്കുന്ന വിമലയിലും ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ യുധിഷ്ഠിരന്റെയും അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമനിലും സ്വതന്ത്രവ്യക്തി എന്ന നിലയില്‍ മനുഷ്യന്‍ ഉയര്‍ന്നുവരുന്നതിന്റെ പ്രതീകമായി അവതരിപ്പിച്ച ‘നാലുകെട്ടി’ലെ അപ്പുണ്ണിയിലും അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടിയിലും കുഞ്ഞരയ്ക്കരിലും കുഞ്ഞിക്കുട്ടിയോപ്പോളിലും ചമയങ്ങളില്ലാത്ത മനുഷ്യാവസ്ഥയുടെ ദാരുണമായ പകര്‍ന്നാട്ടങ്ങള്‍ ഒളിമിന്നി.

വ്യാസനില്‍നിന്ന് എം ടി കണ്ടെടുത്ത, ഒരു ജന്മം മുഴുവന്‍ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമനിലൂടെ ഇതുവരെ ചുരുളഴിയാത്ത ഒരു പ്രണയ കാവ്യമാണ് മലയാളിക്ക് സമ്മാനിച്ചത്. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് ജീവിതത്തില്‍ സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ച മഞ്ഞ് പോലൊരു നോവല്‍ എം ടിക്ക് മുന്നിലോ പിന്നിലോ പിറന്നിട്ടില്ല. നിരാശകളില്‍ മനസ്സ് മടുക്കാതെ കാത്തിരിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് മലയാളിയെ മഞ്ഞ് ഓര്‍മ്മിപ്പിച്ചു. 1965ല്‍ ല്‍ മുറപ്പെണ്ണ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിക്കൊണ്ടാണ് എം ടി മലയാള സിനിമയുടെ ‘നാലുകെട്ടിലേ’ക്ക് രംഗപ്രവേശം ചെയ്തത്. ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്,അസുരവിത്ത്,ഓപ്പോള്‍, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, വൈശാലി, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ,പഴശ്ശിരാജ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് അദ്ദേഹം തിരക്കഥയൊരുക്കി. വെള്ളിത്തിരയിലും എം ടിയുടെ ആഖ്യാനങ്ങള്‍ പരാജയപ്പെട്ടില്ല. അരനൂറ്റാണ്ട് പിന്നിട്ടിട്ടും എം ടിയുടെ നിര്‍മാല്യം അതേ പുതുമയോടെ ഇപ്പോഴും നില്‍ക്കുന്നു.

ഓരോ എം ടി കഥയും ഒരു ചരിത്രം കൂടിയാണ്. യാഥാസ്ഥിതിക നായര്‍ തറവാടും, മരുമക്കത്തായവും ജന്മിത്വത്തിന്റെഅവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യവ്യവസ്ഥിതിയെപ്പറ്റിയുള്ള ചരിത്രം. തികച്ചും കറയറ്റ ജനാധിപത്യബോധത്തിന്റെയും നിര്‍ഭയനായ സാമൂഹ്യനിരീക്ഷകന്റെയും പ്രലോഭനങ്ങളിലുലയാത്ത ധൈഷണികതയുടേയും സര്‍ഗാത്മക സാഫല്യമായും എം ടിയുടെ കഥാലോകത്തെ കാണാം. അന്നും ഇന്നും എന്നും അതൊരു വിളക്കുമരവും കൈചൂണ്ടിയുമായി കാലത്തെ അതിജീവിച്ച് നില്‍ക്കുമെന്ന് ഉറപ്പിക്കാം.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest