Sports
ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ നായകന് ഇന്ന് പടിയിറക്കം
ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ കുവൈത്തിനെതിരെ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയുടെയും കണ്ഠമിടറും.
കൊല്‍ക്കത്ത | എന്നത്തെയും പരിശീലനം പോലെയായിരുന്നില്ല ഇന്നലെ ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ദേശീയക്കുപ്പായത്തിലെ തന്റെ അവസാന മത്സരത്തിന് ഇന്നിറങ്ങുന്നതിന് മുമ്പ് പരിശീലനത്തിലെ ഓരോ ഷോട്ടിന് ശേഷവും ഛേത്രിയുടെ മുഖത്ത് ചിരി തെളിഞ്ഞു. ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന വിശാല്‍ കൈതിന് നേരെ ഉതിര്‍ത്ത നാല് ഷോട്ടുകളും ഗോളാക്കി മാറ്റിയ ഛേത്രി, തന്റെ കരിയറിലെ അവസാന നിമിഷങ്ങള്‍ വൈകാരികമാക്കി മാറ്റുകയായിരുന്നു.
ലോകകപ്പ് യോഗ്യതക്കായുള്ള മൂന്നാം റൗണ്ടിലേക്ക് മുന്നേറാന്‍ കുവൈത്തിനെതിരെ ഇന്ന് ഇന്ത്യ ഇറങ്ങുമ്പോള്‍ ഓരോ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമിയുടെയും കണ്ഠമിടറും.
19 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ഫുട്ബോളിലെ അതികായന്‍, നീലക്കടുവകളുടെ നായകന്‍ സുനില്‍ ഛേത്രി ദേശീയ ജഴ്സിയഴിക്കുകയാണ്.2005ലാണ് ഛേത്രി ദേശീയ ടീമിലേക്കെത്തുന്നത്.
2005ല്‍ പാകിസ്താനെതിരെയാണ് സുനില്‍ ഛേത്രി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്.
അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് 39 ആം വയസ്സില്‍ ബൂട്ടഴിക്കുമ്പോള്‍, ഇന്ത്യന്‍ ഫുട്ബാളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം.ഇന്ത്യന്‍ ഫുട്ബോളിനെ വലിയ സ്വപ്നങ്ങളിലേക്ക് നയിച്ച നായകന്റെ വിടവാങ്ങല്‍ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലൂ ടൈഗേര്‍സ് ആഗ്രഹിക്കുന്നില്ല.
ലോക ഫുട്ബോളില്‍ ഇന്ത്യക്ക് പറയാന്‍ വലിയ ചരിത്രമില്ലെങ്കിലും ഇന്നും ഫുട്ബോളില്‍ സജീവമായി തുടരുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് സുനില്‍ ഛേത്രി. പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയും മാത്രമാണ് ഛേത്രിക്ക് മുന്നിലുള്ളവര്‍. 150 മത്സരങ്ങളില്‍ നിന്ന് 94 ഗോളുകളാണ് ഛേത്രി ഇന്ത്യക്കായി നേടിയത്.
ഇന്ത്യന്‍ ഫുട്‌ബോളിന്റെ പരിമിതി കാരണം സുനില്‍ ഛേത്രിക്ക് കരിയറില്‍ വലിയ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.
2009 ല്‍ ഇംഗ്ലീഷ് ലീഗ് ചാംപ്യന്‍ഷിപ്പ് ക്ളബ്ബ് ക്യൂന്‍സ് പാര്‍ക്ക് റെഞ്ചേഴ്സിന് വേണ്ടി മൂന്നു വര്‍ഷത്തേക്കുള്ള കരാറില്‍ ഛേത്രി ഒപ്പിട്ടിരുന്നു. എന്നാല്‍ ഇന്ത്യ ഫിഫയുടെ ആദ്യ 70 റാങ്കില്‍ പെടാത്തത് കൊണ്ട് മാത്രം വര്‍ക്ക് പെര്‍മിറ്റ് കിട്ടിയിരുന്നില്ല.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ച താരവും നയിച്ച താരവും ഛേത്രി തന്നെ. വിജയത്തോടെ നായകന് ഉജ്ജ്വല യാത്രയയപ്പ് നല്‍കാനുള്ള കഠിന ശ്രമത്തിലാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ മാസം 16നാണ് ഛേത്രി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സാള്‍ട്ട് ലേക്കില്‍ ഛേത്രി ഇന്ന് ബൂട്ടഴിക്കുന്നതോടെ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഒരു യുഗപ്പിറവി അന്ത്യമാകുകയാണ്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഛേത്രി സ്വന്തമാക്കിയ ഗോളുകളുടെ റെക്കോര്‍ഡ് മറ്റൊരു ഇന്ത്യന്‍ താരത്തിന് തിരുത്തിക്കുറിക്കാനാകുമോ എന്നു പോലും സംശയമാണ്.
കുവൈത്തിനെതിരെ ഇന്ത്യ ഇന്ന് ജയിച്ചാല്‍ ലോകകപ്പിന്റെ യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കാം.
ഏഷ്യയിലെ അവസാന 18 ടീമുകളില്‍ ഒന്നാവാനുള്ള സുവര്‍ണാവസരമാണ് ഇന്ത്യക്ക് മുന്നില്‍ തുറന്നു കിടക്കുന്നത്. 2026 ലോകകപ്പില്‍ 48 ടീമുകളാണ് ബൂട്ട് കെട്ടുക. അതിനാല്‍ ഏഷ്യയില്‍ നിന്ന് 8 ടീമുകള്‍ക്ക് യോഗ്യത കിട്ടും.
ഛേത്രി അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മത്സരത്തിലും ടീമിന് വേണ്ടി ഗോളുകള്‍ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍.