Connect with us

Kerala assembly

ഭരണ- പ്രതിപക്ഷ ഭിന്നതക്കിടെ നിയമസഭ അല്പ സമയത്തിനകം ചേരും

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയേക്കും.

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. പ്രതിപക്ഷ ബഹളം കാരണം തുടർച്ചയായി മൂന്ന് ദിവസം സമ്മേളനം വേഗത്തിൽ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. വെള്ളിയാഴ്ച ഒമ്പത് മിനുട്ട് മാത്രമാണ് സഭ സമ്മേളിച്ചത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് പരാതികളും കേസുകളും നിൽക്കുമ്പോൾ നടപടികളുമായി മുന്നോട്ടുപോകുക എന്നത് സ്പീക്കർ എ എൻ ഷംസീറിന് വലിയ വെല്ലുവിളിയാകും. സഭാസ്തംഭനം നീക്കുന്നതിനാണ് സ്പീക്കറും ഭരണപക്ഷവും പ്രഥമ പരിഗണന നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പാർലിമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി.

പ്രതിപക്ഷ എം എൽ എമാർക്കെതിരെയുള്ള കേസ് പിൻവലിക്കുക, അടിയന്തര പ്രമേയ നോട്ടീസുകൾ തുടർച്ചയായി നിഷേധിക്കുന്ന രീതി പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ കൂടിക്കാഴ്ചയിൽ വി ഡി സതീശൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ ആവശ്യങ്ങളിൽ തീർപ്പുണ്ടായില്ലെങ്കിൽ സഹകരിക്കില്ലെന്ന് അദ്ദേഹം ഇന്നലെ ആവർത്തിക്കുകയും ചെയ്തു.
സംഘർഷ സാഹചര്യത്തിൽ സഭയിലെ ഭരണ- പ്രതിപക്ഷ തർക്കം തീർപ്പാക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയേക്കും. മുഖ്യമന്ത്രിയുമായി ചർച്ചക്ക് തയ്യാറാണെന്ന് സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പാകും ചർച്ച നടക്കുക.

നേരത്തേ, കക്ഷി നേതാക്കളുടെ യോഗം ചേർന്നെങ്കിലും, എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് പറ്റില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതോടെ യോഗം അലസിപ്പിരിയുകയായിരുന്നു. ഇന്ന് സഭ ചേരുമ്പോഴും, മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രി മറുപടി പറയേണ്ടുന്ന അടിയന്തര പ്രമേയങ്ങളിൽ സ്പീക്കർ അനുമതി നൽകുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഈ ആക്ഷേപം കൂടുതൽ ശക്തിപ്പെടുത്തുകയാകും ലക്ഷ്യം. കെ കെ രമക്കെതിരായ സൈബർ ആക്രമണങ്ങളടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം അടിയന്തര പ്രമേയമായി പരിഗണിക്കുന്നുണ്ട്.

കൈക്ക് പരുക്കേറ്റതിനെ അപഹസിച്ച് പോസ്റ്റിട്ടുവെന്ന് ആരോപിച്ച് കെ കെ രമ നൽകിയ പരാതിയിൽ സച്ചിൻദേവ് എം എൽ എക്കെതിരെ ഇതുവരെ പോലീസ് നടപടിയെടുത്തിട്ടില്ല.
രമയെ കൊണ്ടുവരുന്നതിലൂടെ സർക്കാറിനെ കൂടുതൽ പ്രതിരോധത്തിലാക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. അതേസമയം, പ്രതിരോധ ജാഥ പൂർത്തിയാക്കിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇടവേളക്ക് ശേഷം ഇന്ന് സഭയിലെത്തും.

Latest