Connect with us

National

ശിവകുമാറിനെതിരെയെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് തന്റേതല്ല; പിന്നില്‍ ബിജെപി: സിദ്ധരാമയ്യ

പാര്‍ട്ടിയേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു |  കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനെതിരെ താന്‍ എഴുതിയതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിന് പിന്നില്‍ ബിജെപിയാണ്. പാര്‍ട്ടിയേയും തന്നെയും അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും സിദ്ധരാമയ്യ ആരോപിച്ചു.

തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലമാണ് ബിജെപി ഇങ്ങനെ ചെയ്യുന്നത്. ഇത്തരം കിംവദന്തികള്‍ കണ്ട് വഞ്ചിതരാകരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയാണ്.
ഡി കെ ശിവകുമാറുമായി തനിക്കുള്ള ബന്ധം സൗഹാര്‍ദ്ദപരമാണ്. തങ്ങളുടെ സൗഹൃദം തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കില്ല. വ്യാജക്കത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.

ശിവകുമാര്‍ സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുകയാണെന്നും കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സിദ്ധരാമയ്യ അയച്ചതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ കത്ത് പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് സിദ്ധരാമയ്യ രംഗത്തുവന്നത്.

 

Latest