Connect with us

india post

കത്ത് മേൽവിലാസക്കാരന് നൽകിയില്ല; പോസ്റ്റ്മാനും സൂപ്രണ്ടിനും ഒരു ലക്ഷം പിഴ

കത്ത് പൊട്ടിച്ചു വായിച്ച് ഉള്ളടക്കം പറഞ്ഞുകൊടുത്തു. കത്തയച്ചത് 2008 ജൂൺ 30ന്

Published

|

Last Updated

കണ്ണൂർ | രജിസ്‌ട്രേഡ് കത്ത് മേൽവിലാസക്കാരന് നൽകാതെ പൊട്ടിച്ചു വായിച്ച് കത്തിലെ ഉള്ളടക്കം പറഞ്ഞുകൊടുത്തെന്ന പരാതിയിൽ പോസ്റ്റ്മാനും പോസ്റ്റൽ സൂപ്രണ്ടും കൂടി പരാതിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്.

ആർട്ടിസ്റ്റ് ശശികലയുടെ പരാതിയിലാണ് ഉത്തരവ്. രജിസ്‌ട്രേഡായി 2008 ജൂൺ 30ന് ചിറക്കൽ പുതിയ തെരുവിലുള്ള കൊല്ലറത്തിക്കൽ പുതിയപുരയിൽ ഹംസക്കുട്ടി എന്നയാൾക്ക് കണ്ണൂർ സിവിൽ സ്‌റ്റേഷൻ പോസ്റ്റ് ഓഫീസിൽ നിന്ന് അയച്ച കത്ത് ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാൻ ഹംസക്കുട്ടിക്ക് വേണ്ടി പൊളിച്ചു വായിച്ച് ഉള്ളടക്കം പറഞ്ഞുകൊടുത്ത ശേഷം മേൽവിലാസക്കാരനില്ലെന്ന് കാണിച്ച് തിരിച്ചയച്ചുവെന്നായിരുന്നു പരാതി. ഇതിന് അന്നത്തെ പോസ്റ്റൽ സൂപ്രണ്ട് ബാലകൃഷ്ണൻ കൂട്ടുനിന്നെന്നും പരാതിയിൽ പറഞ്ഞിരുന്നു.

വീട് നിർമിച്ചു നൽകാമെന്ന് പറഞ്ഞ് ഹംസക്കുട്ടി തന്റെ പക്കൽ നിന്ന് അഡ്വാൻസ് വാങ്ങുകയും എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും വീടോ പണമോ നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു രജിസ്‌ട്രേഡ് കത്തയച്ചത്.

എന്നാൽ കത്ത് കൈപ്പറ്റാതെ പോസ്റ്റ്മാനെ സ്വാധീനിച്ച് കത്ത് പൊളിച്ച് വായിച്ച് ഉള്ളടക്കം മനസിലാക്കിയ ശേഷം നിയമ നടപടി ഭയന്ന് ഹംസക്കുട്ടി സ്ഥലവും വീടും മറ്റൊരാൾക്ക് മറിച്ചു വിറ്റതിനാൽ തനിക്ക് വലിയ സാന്പത്തിക നഷ്ടമുണ്ടായെന്നും പരാതിക്കാരൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ അറിയിച്ചു.

ഇതിനുള്ള നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. വകുപ്പുതല അന്വേഷണത്തിൽ പോസ്റ്റ്മാൻ കൃത്യവിലോപം ചെയ്തതായി കണ്ടെത്തിയിരുന്നു.
എന്നാൽ സാങ്കേതിക തടസ്സങ്ങൾ രേഖപ്പെടുത്തി കണ്ണൂർ ഉപഭോക്തൃ കമ്മീഷൻ നേരത്തേ കേസ് തള്ളുകയും ഇതിനെതിരെ പരാതിക്കാരൻ സംസ്ഥാന കമ്മീഷനിൽ സമർപ്പിച്ച അപ്പീൽ ഹരജിയിലൂടെ നേടിയെടുത്ത വിധിയിലൂടെ വീണ്ടും കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ എത്തിയ കേസിലാണ് പരാതിക്കാരന് അനുകൂലമായ വിധിയുണ്ടായത്.

പ്രസിഡന്റ് രവി സുഷ, മെമ്പർമാരായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങുന്ന ബഞ്ചാണ് പരാതിക്കാന് അനുകൂലമായ വിധി പ്രസ്താവിച്ചത്. പോസ്റ്റ്മാൻ, പോസ്റ്റൽ സൂപ്രണ്ട് എന്നിവർ ചേർന്ന് 50,000 രൂപ വീതം ഒരു ലക്ഷംരൂപ പരാതിക്കാരനായ ആർട്ടിസ്റ്റ് ശശികലക്ക് നൽകണമെന്നാണ് വിധി. രണ്ട് മാസത്തിനകം തുക നൽകണമെന്നും വീഴ്ചവരുത്തിയാൽ പലിശ കൂടി നൽകണമെന്നും ഉത്തരവിൽ പറഞ്ഞു.

Latest