സാഹിത്യം
മരണം കെടുത്താത്ത കഥയിലെ വിളക്കുമാടം
ആന്‍ ലെയ്ഡ്ലോയുടെയും റോബര്‍ട് എറിക്കിന്റെയും മകളായി 1931 ജൂലൈ പത്തിന് കാനഡയിലെ വിങ്ഹാമിലാണ് ആലീസ് മണ്‍റോ ജനിച്ചത്. അധ്യാപികയായിരുന്ന അമ്മയാണ് വായനയുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും പഠനം തുടരുന്ന കാലത്താണ് ആദ്യകഥയായ ദ ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ പ്രസിദ്ധീകരിക്കുന്നത്.
കനേഡിയന്‍ ചെക്കോവ് ആയി വാഴ്ത്തപ്പെടുന്ന ലോകപ്രശസ്ത ചെറുകഥാകൃത്തും നൊബേല്‍ ജേതാവുമായ ആലീസ് മണ്‍റോ 92 വയസ്സില്‍ വിടവാങ്ങുമ്പോള്‍ ലോക ചെറുകഥാ സാഹിത്യത്തിലെ വിളക്കുമാടമാണു പൊലിഞ്ഞത്.
നിത്യജീവിതത്തിന്റെ അനുഭവ തീക്ഷ്ണതകളെ ചെറുകഥകളില്‍ ആവാഹിക്കുന്നതിന്റെ വഴികാട്ടിയായി അവര്‍ കഥാ ലോകത്ത് നീണ്ട ആറുപതിറ്റാണ്ട് നിലനിന്നു. പതിവ് സാഹിത്യലോകം അവഗണിച്ച വിഷയങ്ങളെയാണ് അവര്‍ കഥകള്‍ക്കു വിഷയമാക്കിയത്. നൊബേല്‍ പുരസ്‌കാരത്തിനു പുറമെ ബുക്കര്‍ സമ്മാനം, കാനഡയിലെ പരമോന്നത പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍സ് പുരസ്‌കാരം എന്നിവ നേടിയ അവര്‍ ഒരു പതിറ്റാണ്ടിലേറെ മറവിരോഗത്തിന്റെ പിടിയിലായിരുന്നു.
പതിനേഴാം വയസ്സിലാണ് ആലീസ് ആദ്യകഥയെഴുതുന്നത്. മുപ്പത്തിയേഴാം വയസ്സില്‍ ആദ്യ കഥാസമാഹാരം പുറത്തിറങ്ങി. ആദ്യ സമാഹാരത്തിനു തന്നെ കനേഡിയന്‍ പരമോന്നത പുരസ്‌കാരമായ ഗവര്‍ണര്‍ ജനറല്‍സ് പുരസ്‌കാരം ലഭിച്ചതോടെ കഥാലോകത്ത് അവര്‍ ഒരു താരോദയമായി.
ആലീസ് മണ്‍റോ എന്ന എഴുത്തുകാരി പിന്നീടങ്ങോട്ട് ലോക സാഹിത്യത്തില്‍ വാഴ്ത്തപ്പെടുന്ന കാഴ്ചയാണു കണ്ടത്. ഹോട്ടലുകളിലെ വെയ്ട്രസ്സായും പുകയില പാടത്തും ലൈബ്രറി ക്ലര്‍ക്കായും ജീവിതം നയിച്ച ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു അവര്‍. കാനഡയുടെ അപ്രധാനമായ തെരുവുകളില്‍ ജീവിതത്തോട് നേര്‍ക്കുനേര്‍ നിന്ന കാലത്തിന്റെ അനുഭവം തന്നെയാണ് അവരിലെ അക്ഷരത്തിന്റെ അഗ്നിയായി തീര്‍ന്നത്.
എല്ലാ എഴുത്തുകാരികളോടും വായനക്കാരോടും സമൂഹത്തോടും അവരുടെ എഴുത്ത് സംവദിച്ചു. തന്റെ നിലപാടുകള്‍ അക്ഷര രൂപം പൂണ്ട് കഥകളായി പരിണമിക്കുകയായിരുന്നു.ലൈവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വിമിന്‍, മാര്‍ത്ത, റൂത്ത് ആന്‍ഡ് ഈഡീ, എഡ്ജ് ഓഫ് മാഡ്നസ്, എവേ ഫ്രം ഹെര്‍, ഹേറ്റ്ഷിപ്, ലവ്ഷിപ്, ജൂലിയറ്റ തുടങ്ങിയ സൃഷ്ടികളിലെല്ലാം ഈ ജീവിത വീക്ഷണം തിളങ്ങിനിന്നു.
ജീവിതത്തില്‍ നിന്നു പറിച്ചെടുത്ത കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ തിളങ്ങാനായി. ആലീസിന്റെ കഥാപാത്രങ്ങള്‍ ലോക ചലച്ചിത്രങ്ങളിലും പ്രാധാന്യം നേടി.
എഴുത്തിന്റെ വളര്‍ച്ചയിലെല്ലാം തലമുറമാറ്റത്തോടൊപ്പം നിലപാടുകളുടെ കാന്തിയും നിറഞ്ഞുനിന്നു.ആന്‍ ലെയ്ഡ്ലോയുടെയും റോബര്‍ട് എറിക്കിന്റെയും മകളായി 1931 ജൂലൈ പത്തിന് കാനഡയിലെ വിങ്ഹാമിലാണ് ആലീസ് മണ്‍റോ ജനിച്ചത്. അധ്യാപികയായിരുന്ന അമ്മയാണ് വായനയുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയത്. ഇംഗ്ലീഷ് സാഹിത്യത്തിലും പത്രപ്രവർത്തനത്തിലും പഠനം തുടരുന്ന കാലത്താണ് ആദ്യകഥയായ ദ ഡയമെന്‍ഷന്‍സ് ഓഫ് എ ഷാഡോ പ്രസിദ്ധീകരിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നതിനു മുമ്പുതന്നെ സഹപാഠിയായ ജെയിംസ് മണ്‍റോയെ വിവാഹം ചെയ്തു. ജെയിംസിന്റെ ജോലികൊണ്ടു ജീവിതം മുന്നോട്ടു പോയപ്പോള്‍ ആലീസിന് എഴുത്തില്‍ മുഴുകുന്‍ അവസരം ലഭിച്ചു.
രണ്ട് പതിറ്റാണ്ടോളം അധ്വാനിച്ചാണ് ആദ്യകഥാസമാഹാരം പുറത്തിറക്കിയതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ രണ്ട് പതിറ്റാണ്ടുകാലം പ്രിയതമയുടെ എഴുത്തിനുവേണ്ടി വിയര്‍പ്പൊഴുക്കിയ ജീവിത പങ്കാളി ജെയിംസ് മണ്‍റോ 1972 ല്‍ ആ ദാമ്പത്യ ബന്ധത്തില്‍ നിന്നു വേര്‍പിരിഞ്ഞു.
അപ്പോഴേക്കും മൂന്ന് പെണ്‍കുഞ്ഞുങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് ആലീസ് കുഞ്ഞുങ്ങളും കഥകളുമായി നാടുചുറ്റി. ആ കാലത്തെ അനുഭവങ്ങള്‍ ആലീസിന്റെ മകളായ ഷൈല മണ്‍റോ പുസ്തകമാക്കിയിട്ടുണ്ട്.
ആസ്ത്രേലിയയിലും ചൈനയിലും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും താമസിച്ചതിലൂടെ അനുഭവങ്ങളുടെ വൈവിധ്യങ്ങളെ അവര്‍ നേരിട്ടു. അതെല്ലാം കഥകളില്‍ ആവിഷ്‌കരിക്കുകയും ചെയ്തു. കാനഡയിലെ സാധാരണക്കാരുടെ കഥകളാണ് അവര്‍ എന്നും പറഞ്ഞത്. 1968ല്‍ പുറത്തിറങ്ങിയ ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് എന്ന ആദ്യ ചെറുകഥാ സമാഹാരം ആ വര്‍ഷം കനേഡിയന്‍ സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയതോടെതന്നെ അവര്‍ ആഘോഷിക്കപ്പെട്ടു.
2009ല്‍ മാന്‍ ബുക്കര്‍ സമ്മാനവും 2013ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനവും നേടിയതോടെ മാധ്യമങ്ങളുടെ പ്രിയപ്പെട്ടവളായി.
ഡാന്‍സ് ഓഫ് ദി ഹാപ്പി ഷെയ്ഡ്സ് (1968), ലിവ്സ് ഓഫ് ഗേള്‍സ് ആന്‍ഡ് വുമണ്‍ (1971), ഹൂ ഡു യു തിങ്ക് യു ആര്‍ ? (1978), ദി മൂണ്‍സ് ഓഫ് ജൂപ്പിറ്റര്‍ (1982), റണ്ണവേ (2004), ദി വ്യൂ ഫ്രം കാസില്‍ റോക്ക് (2006), റ്റൂ മച്ച് ഹാപ്പിനെസ് (2009) എന്നീ പ്രധാന കൃതികളെക്കുറിച്ചുള്ള വിശകലനങ്ങള്‍ കാലങ്ങളോളം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. വലിയ മാധ്യമ ശ്രദ്ധ കിട്ടിയതോടെ അവരുടെ എഴുത്ത് നിരൂപകരും ആഘോഷിച്ചു. പ്രസിദ്ധീകരണങ്ങളും മാഗസിനുകളും ആലീസിന് വലിയ ഇടം നല്‍കി. പ്രശസ്തയായതോടെ കഥകള്‍ അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
എഴുത്തിലെ ആലീസ് ടെക്‌നിക് എന്നത് ലോകത്ത് എന്നും ചര്‍ച്ചാ വിഷയമായിരുന്നു. എഴുത്തുകാരി തന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മറവിയുടെ ലോകത്ത് ഒന്നുമറിയാതെ കഴിഞ്ഞപ്പോഴും ലോകം ആ എഴുത്തു വിദ്യയെക്കുറിച്ച് ആഴത്തില്‍ പഠിച്ചുകൊണ്ടിരുന്നു. ഓരോ കഥയിലും ഒരു നോവലില്‍ ഉള്‍ക്കൊള്ളാവുന്ന അത്രയും ആന്തരിക വിക്ഷോഭങ്ങള്‍ ഒതുക്കിവെച്ചതായിരുന്നു അവരുടെ രചനാ തന്ത്രം.ആ ജീവിതം തിരശ്ശീലക്കുള്ളില്‍ മറഞ്ഞെങ്കിലും അക്ഷരങ്ങളില്‍ അവര്‍ കരുതിവെച്ച അവാച്യമായ അനുഭൂതികള്‍ തലമുറകള്‍ കൈമാറി ആസ്വാദകര്‍ തേടിക്കൊണ്ടിരിക്കുമെന്ന് ഉറപ്പാണ്.