National
വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ചര്‍ച്ചയില്ലാതെ ലോക്‌സഭ പാസാക്കി
ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കണക്കിലെടുക്കാതെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്
ന്യൂഡല്‍ഹി | പ്രതിപക്ഷ ആവശ്യം തള്ളി വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം കണക്കിലെടുക്കാതെയാണ് ബില്‍ പാസാക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവന്നത്.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ രാജ്യത്തെ കര്‍ഷകരില്‍ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബില്‍ വിശദീകരിച്ചു. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബില്‍ പിന്‍വലിക്കുകയാണ്. നാമമാത്ര, ചെറുകിടക്കാര്‍ അടക്കം കര്‍ഷകരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് പിന്‍വലിക്കല്‍ ബില്ലില്‍ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്.
ബില്ലിന്‍രെ പേരില്‍ ലോക്‌സഭ പ്രതിപക്ഷ ബഹളത്തില്‍ മുങ്ങിയിരുന്നു.
ലോക്സഭ സഭ സമ്മേളിച്ച ഉടന്‍ തന്നെ പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. ഇതിന് ശേഷം സ്പീക്കര്‍ സഭാ നടപടികളിലേക്ക് കടന്നതോടെയാണ് ബഹളം തുടങ്ങിയത്. കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ത്രിപുരയിലെ ബി ജെ പി അക്രമങ്ങളിലും തിരഞ്ഞെടുപ്പ് അട്ടിമറിയും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി പി എം അംഗം എളമരം കരീം രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.നേരത്തെ സഭാ സമ്മേളനത്തിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഈ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഏത് വിഷയത്തിലും ചര്‍ച്ചക്ക് തയ്യാറാണെന്നും എല്ലാത്തിനും ഉത്തരമുണ്ടെന്നും സഭ ചേരുന്നതിന് മുമ്പായി പ്രധാനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.