Kerala
ലോകായുക്തയെ ഉടന്‍ പിരിച്ചുവിടണം; കെ സുധാകരന്‍
ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്‍കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും വിനിയോഗിക്കണമെന്നും കെ. സുധാകരന്‍
തിരുവനന്തപുരം| മുഖ്യമന്ത്രി പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ ഉടന്‍ പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്‍കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ 2023 ല്‍ വെറും 197 ഹരജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണമെന്നും സുധാകരന്‍ പറഞ്ഞു.
ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ് ഇന്ന് ലോകായുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.