Connect with us

gaza ceasefire

നീണ്ട നടത്തം അവസാനിക്കുന്നത് കെട്ടിടാവശിഷ്ടങ്ങൾക്കും അതിൽ മറഞ്ഞുകിടക്കുന്ന ഉറ്റവരുടെ മയ്യിത്തുകൾക്കും മുന്നിൽ

തെക്കൻ ഗസ്സയിൽ നിന്നും വടക്കൻ ഗസ്സയിലേക്ക് ഒഴുകുന്നത് മൂന്ന് ലക്ഷത്തോളം ഫലസ്തീനികൾ

Published

|

Last Updated

ആയിരക്കണക്കിന് കാറുകൾ, നിരനിരയായി ട്രെക്കുകൾ, കിടക്കയും പാത്രങ്ങളും ചുമന്ന് നടക്കുന്ന പതിനായിരകണക്കിന് മനുഷ്യർ… തകർന്ന സ്വപ്നങ്ങൾ വീണ്ടെടുക്കാനുള്ള ഒരു പറ്റം മനുഷ്യരുടെ യാത്രയാണിത്. ഇസ്റാഈലിന്റെ കണ്ണില്ലാ ക്രൂരതയിൽ നാമാവശേഷമായ വടക്കൻ ഗസ്സയിലേക്ക് തിരിച്ചെത്തുന്ന ആ മനുഷ്യർക്ക് മുന്നിൽ എല്ലാം ശൂന്യമാണ്. തകർന്ന വീടിന്റെ അവശിഷ്ടങ്ങൾക്കും ആ അവശിഷ്ടങ്ങൾക്കിടയിൽ മറഞ്ഞുകിടക്കുന്ന ഉറ്റവരുടെ മയ്യിത്തുകളും മാത്രമാണ് ആ മണ്ണിൽ ഇനി ബാക്കിയുള്ളത്. തീർത്തും ശവപ്പറമ്പായി മാറിയ ആ നഗരത്തിൽ ഇതിലും അപ്പുറം മറ്റെന്താണ് ഉണ്ടാകുക?

അൽജസീറയുടെ റിപ്പോർട്ടറായ താരിഖ് അബൂ അസം ആ ഹൃദയഭേദകമായ കാഴ്ചകൾ വിവരിക്കുന്നത് ഇങ്ങനെയാണ്:

“നെറ്റ്സാരിം കൊറിഡോറിൽ നിന്ന് ഞാൻ ആർമി ചെക്കിങ്ങ് കഴിഞ്ഞ് ഗാസയിലേക്ക് പ്രവേശിക്കുമ്പോൾ കണ്ട കാഴ്ച എന്നെ തകർത്ത് കളഞ്ഞു. ഒരുപാട് കുടുംബങ്ങൾ വെള്ളമില്ലാതെ, ഭക്ഷണമില്ലാതെ ഇഴഞ്ഞു നീങ്ങുന്ന വരിയിൽ കാത്ത് നിൽക്കുകയാണ്. സുരക്ഷാ ചെക്കിങ് കഴിഞ്ഞു വടക്കേ ഗാസായിലെത്താൻ ദിവസങ്ങളെടുക്കും. വെടി നിർത്തൽ പ്രഖ്യാപനത്തിന് ശേഷം വടക്കേ ഗാസയിലേക്ക് തിരിച്ച് വരികയെന്നത് സന്തോഷമോ, ആശ്വാസമോ ആയിരിക്കില്ല, പഴക്കം ചെന്ന ദുഖത്തിലേക്കുള്ള കൂടിച്ചേരൽ മാത്രമായിരിക്കും. യുദ്ധ സമയത്ത് നഷ്ടപ്പെട്ട ഹാല സലീമിന്റെ പൂച്ചയെ തിരിച്ച് കിട്ടിയ വാർത്ത പങ്കുവെക്കുമ്പോൾ ഇനിയങ്ങോട്ട് തന്റെ വളർത്തു മൃഗത്തിന് ഇഷ്ടമുള്ളത് കൊടുക്കാൻ കഴിയുമെന്ന് ആത്മാവിശ്വാസത്തോടെ അവർ പറയുന്നത് മുന്നോട്ടുളള ജീവിതത്തിന്റെ പ്രതീക്ഷയിലാണ്”.

ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളാണ് വടക്കൻ ഗാസയിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്. നിലംപതിച്ച വീടുകൾക്ക് സമീപം ചെറിയ ഷെഡുകള് നിർമിച്ച് അവർ വീണ്ടും ജീവീതം തുടങ്ങുകയാണ്. അതേസമയം, ഇസ്റാഈൽ ഇപ്പോഴും വെസ്റ്റ്ബാങ്കിലെ തെരുവുകളിലും അഭയാർഥി ക്യാമ്പുകളിലും അക്രമം തുടരുകയാണ്, ബാക്കിയായ വീടുകൾ ബുൾഡോസർ കൊണ്ട് പൊളിക്കുകയും അടിസ്ഥാന സൌകര്യങ്ങൾ നശിപ്പിക്കുകയും ചെയ്ത് എല്ലാ കരാറുകളും നാമമാത്രമാക്കുകയാണ് ആ ക്രൂരഹൃദയർ.

കഴിഞ്ഞ 48 മണിക്കുറിനുള്ളിൽ 48 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഏതാനും മണിക്കൂറിനുള്ളിൽ ഉണ്ടായ ആക്രമണത്തിൽ പതിനൊന്നാളുകൾ കൂടി കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം തുടങ്ങിയതുമുതൽ ഇതുവരെ 47354 ആളുകൾ കൊല്ലപ്പെടുകയും 1,11,563 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

ഗസ്സയിലേക്കുള്ള, ഖത്തറിന്റെയും, തുർക്കിയുടെയും, ഇറാനിന്റെയുമടക്കം സഹായങ്ങൾ സങ്കടങ്ങളുടെ മുറിവുണക്കട്ടെ എന്ന് പ്രാർഥിക്കാം…

Latest