Connect with us

Ongoing News

തോറ്റത് പരുക്ക്; വേദന കടിച്ചുപിടിച്ച് ടീമിനെ പരിശീലിപ്പിക്കാനെത്തി ക്രിക്കറ്റ് ഇതിഹാസം

റോയല്‍സ് ക്യാമ്പിലേക്ക് ക്രച്ചസിന്റെ സഹായത്തോടെ എത്തിയ താരം ഒരു ഗോള്‍ഫ് കാര്‍ട്ടില്‍ ഇരുന്ന് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടീമിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ ചാനലിലൂടെയാണ് പുറത്തുവന്നത്.

Published

|

Last Updated

ജയ്പുര്‍ | രാജസ്ഥാന്‍ റോയല്‍സിന്റെ ഐ പി എല്‍ പരിശീലന സെഷനിലേക്ക് വേദന കടിച്ചുപിടിച്ച്, ക്രച്ചസില്‍ ഊന്നി ഒരാളെത്തി. അത് മറ്റാരുമായിരുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായനും രാജസ്ഥാന്‍ റോയല്‍സിന്റെ ഹെഡ് കോച്ചുമായ രാഹുല്‍ ദ്രാവിഡ്.

ഒരു പ്രാദേശിക ലീഗ് മത്സരത്തിനിടെ കാലിനേറ്റ പരുക്ക് സാരമാക്കാതെയാണ് ദ്രാവിഡ് ടീമിനെ പരിശീലിപ്പിക്കാനെത്തിയത്. റോയല്‍സ് ക്യാമ്പിലേക്ക് ക്രച്ചസിന്റെ സഹായത്തോടെ എത്തിയ താരം ഒരു ഗോള്‍ഫ് കാര്‍ട്ടില്‍ ഇരുന്ന് സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടീമിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ ചാനലിലൂടെയാണ് പുറത്തുവന്നത്.

പരുക്കേറ്റ ഇടതുകാലില്‍ ഒരു മെഡിക്കല്‍ വാക്കിങ് ബൂട്ട് അണിഞ്ഞായിരുന്നു ദ്രാവിഡിന്റെ രംഗപ്രവേശം. എന്നിട്ടും താരം സെഷനില്‍ മുഴുസമയം സജീവമായി പങ്കെടുക്കുകയും സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തു. ദ്രാവിഡിന് കളിക്കിടെ പരുക്കേറ്റ വിവരം റോയല്‍സ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ശ്രീ നസ്സുര്‍ മെമ്മോറിയല്‍ ഷീല്‍ഡിനായുള്ള കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൂപ്പ് ഒന്നിലെ ഡിവിഷന്‍ രണ്ട് സെമിയില്‍ വിജയ ക്രിക്കറ്റ് ക്ലബിനായി ബാറ്റ് ചെയ്യുമ്പോഴാണ് ദ്രാവിഡിന് ഇടത് കാല്‍വണ്ണയ്ക്ക് പരുക്കേറ്റത്. ജയനഗര്‍ ക്രിക്കറ്റേഴ്‌സിനെതിരെയായിരുന്നു മത്സരം. പതിനാറുകാരനായ മകന്‍ അന്‍വയ്ക്ക് ഒപ്പമാണ് 52കാരനായ ദ്രാവിഡ് ബാറ്റേന്തിയിരുന്നത്. പരുക്കേറ്റിട്ടും വേദന കടിച്ചുപിടിച്ച് ബാറ്റ് വീശിയ താരം നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 66 പന്തില്‍ 44 റണ്‍സെടുത്തു. ഇതില്‍ 10 റണ്‍സായിരുന്നു ദ്രാവിഡിന്റെ സംഭാവന. അതേസമയം, 58 പന്തില്‍ 60 റണ്‍സെടുത്ത അന്‍വയ് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ചു. പക്ഷെ മത്സരത്തില്‍ വിജയ സി സിക്ക് ജയം നേടാനായില്ല.