Connect with us

Book Review

മദീനയിലേക്ക് തുറക്കുന്ന പ്രണയകവാടം

മദീനയിലേക്കുള്ള വഴിത്താര - യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴ

Published

|

Last Updated

പ്രവാചകാനുരാഗങ്ങൾക്കു ഭാഷയില്ല; ഭാവമേയുള്ളൂ. ദേശത്തിന്റെയോ കാലത്തിന്റെയോ അതിരുകളുമില്ല; ദൃശ്യ മഹാപ്രപഞ്ചം കണക്കെ അത് അനുസ്യൂതം ചലിച്ചുകൊണ്ടിരിക്കുന്നു. കാലങ്ങൾക്കും ചരിത്രങ്ങൾക്കും മീതെ – വളരെ വളരെ മീതെ മഹാപ്രവാഹമായി ഒഴുകിക്കൊണ്ടിരിക്കുന്നു. പ്രവാചക പ്രണയത്തിനു നിയമങ്ങളില്ല; അതിനാൽ നിയമക്കുരുക്കുകളുമില്ല. അതിരുകളില്ലാത്ത ആകാശങ്ങളിൽ തൂവെൺമേഘങ്ങളായി അവ പറന്നുല്ലസിച്ചു കൊണ്ടിരിക്കുന്നു. ആശിഖീങ്ങളുടെ ഈ പ്രണയ പ്രപഞ്ചത്തിന് ഒറ്റ കേന്ദ്ര ബിന്ദുവേയുള്ളൂ – മദീന! മദീന മാത്രം! അനുരാഗങ്ങൾ പൂത്ത ഹൃദയങ്ങൾ മദീനയിലേക്കു സദാ ചിറകടിച്ചു കൊണ്ടേയിരിക്കും. മദീനയെന്ന പ്രണയ കുടീരത്തിലേക്കുള്ള സ്വർഗകവാടങ്ങൾ മലർക്കെ തുറന്നിടുകയാണ് ഉസ്താദ് യൂസുഫ് ഫൈസി കാഞ്ഞിരപ്പുഴയുടെ “മദീനയിലേക്കുള്ള വഴിത്താര’യിലൂടെ.

രാജാധിരാജനായ പടച്ചതമ്പുരാൻ ഹബീബിന്റെ പ്രകാശമാണ് ഉണ്മയിൽ ആദ്യം പടച്ചുവെക്കുന്നത്. ഈ പ്രകാശകിരണത്തിന്റെ കാലാന്തര സഞ്ചാരത്തിന്റെ കഥ സുദീർഘമായി പറഞ്ഞുകൊണ്ടാണ് ഫൈസി തുടങ്ങുന്നത്. പ്രമാണവും ചരിത്രവും യുക്തിയും ഇഴപിരിയുന്ന കഥാകഥനം മുത്ത് ഹബീബും അവിടുത്തെ മുഹിബ്ബീങ്ങളും സംഗമിക്കുന്ന അധ്യായത്തിൽ ചെന്നുകയറും. ഈ സ്നേഹസാമ്രാജ്യം ജഗന്നിയന്താവുമായി എങ്ങനെ കണ്ണിചേർക്കപ്പെടുന്നുവെന്നു നാലാം ശീർഷകം പറഞ്ഞു തീർക്കുന്നു.

“ആഇശാ.., നീ അതിനോട് കരുണകാണിക്കുക’
മോട്ടുകാട്ടിയ സവാരി മൃഗത്തെ ബലം പ്രയോഗിച്ചു മെരുക്കാൻ ശ്രമിച്ച പ്രിയ പത്നിയെ അവിടുന്നു ശാസിച്ചു. ദയയുടെയും കാരുണ്യത്തിന്റെയും ദീനാനുകമ്പയുടെയും കഥകൾ വിശാലമായി തന്നെ പറയുന്ന സമ്പന്നമായ അഞ്ചാം ശീർഷകത്തിൽ നിന്നു പുണ്യം പൂക്കുന്ന പൂമേനിയിലേക്കാണു വായന പടർന്നു കയറുന്നത്. ഹബീബിന്റെ വാക്കും നോക്കും സ്പർശവും സാന്നിധ്യം പോലും പുണ്യ ഹേതുകം! തിരുശരീരത്തിലെ രോമവും നഖവും ഉമിനീരും വിയർപ്പും ആ പൂമേനിയെ പുൽകിയ ഉടയാടകളും അവിടുത്തെ വഹിച്ച പാദുകങ്ങളും പുണ്യദായകം! ഈ പുണ്യത്തെ പുണർന്നു സംപ്രീതരായ അനുചരന്മാർ ഒന്നും രണ്ടുമല്ല; ആയിരങ്ങൾ! തിരുപാദുകങ്ങളെ വർണിച്ചു വർണിച്ചു മതിവരാതെ വികാരഭരിതനാകുന്നു ഇബ്നു അസാകിർ, അഹ്്മദ് ബ്നു ഖുർത്വുബിയും അല്ലാമാ യൂസുഫുന്നബ്ഹാനിയും രചിച്ച കവിതകൾ അനുവാചകരെ വിസ്മയിപ്പിക്കും. മദീനയെ പുണർന്ന ആ പാദുകങ്ങളെക്കുറിച്ചു പാടിപ്പാടി ഇശ്കക്കടൽ പതപതച്ച ഗാനകോകിലങ്ങൾ അനേകമനേകം.
ആലാപനങ്ങളുടെ പാലാഴി കടന്നു ഒമ്പതാം ശീർഷകത്തിൽ ചെന്നു കയറുമ്പോൾ ചർച്ച ഗൗരവതരമാകുന്നു -നബിമാരുടെ താരതമ്യം. മറ്റു നബിമാർ ചോദിച്ചു വാങ്ങിയതെല്ലാം- അതിലേറെയും ഹബീബിന് ഉടയതമ്പുരാൻ ചോദിക്കാതെ തന്നെ നൽകുന്നു, പരിപാലകനായവൻ അവിടുത്തേക്ക് മാത്രമായി സുരക്ഷാവലയമൊരുക്കുന്നു, ഹബീബ് ഇച്ഛിക്കുന്നതെന്തും ഉള്ളറിഞ്ഞു നൽകുന്നു… വർണനകളുടെ, ഔദാര്യങ്ങളുടെ, നൂറു കഥകൾ. അവിടുന്ന് മനുഷ്യനാണോ എന്നു ചോദിച്ചാൽ, പ്രകൃതത്തിൽ അതെ. എന്നാൽ സാധാരണ മനുഷ്യനല്ലേ എന്നു ചോദിച്ചാൽ അല്ലേയല്ല! അതിമാനുഷൻ! ഔപചാരികമായി ഒന്നും പഠിച്ചില്ല; എന്നിട്ടും അറിവിന്റെ മഹാസാഗരം, അതിശയിപ്പിക്കുന്ന വ്യക്തിത്വം -കരുണ, ദയ, നീതിനിഷ്ഠ, ഭയഭക്തി, നയവൈഭവം, ദീർഘവീക്ഷണം, നർമബോധം, ആദർശ പ്രതിബദ്ധത, ധീരത… ഇങ്ങനെ പ്രവാചക പ്രണയികളെ വിസ്മയിപ്പിച്ച, കവിപുംഗവന്മാരുടെ ഭാവനകൾക്ക് ആയിരം ചിറകുകൾ മുളപ്പിച്ച അതുല്യവ്യക്തിത്വത്തിന്റെ വർണരാജികൾ ഇരുനൂറ്റാറാം പുറത്തിൽ ചെന്നുനിൽകും.
കാലത്തെ അമ്പരപ്പിച്ച പ്രവാചകാനുരാഗകഥകളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളിലേക്കാണു ഇനി വായന നടന്നുകയറുന്നത്. ചരിത്രത്തിൽ ഒരു നേതാവിനും ജേതാവിനും ലഭിച്ചിട്ടില്ലാത്ത അനുസരണയും ആദരവും അംഗീകാരവുമാണ് ഹബീബിന് തന്റെ ജനതയിൽ നിന്നു ലഭിച്ചത്. ബയ്അതുൽഅഖബ മുതൽ ബയ്അത്തുരിള്്വാൻ വരെ -അവിടുത്തെ കൈയോടു കൈ ചേർത്തു പ്രതിജ്ഞ ചെയ്തവരെല്ലാം “സ്വന്തം ആത്മാവിനെക്കാളും…’ എന്ന് ഉള്ളിൽ തട്ടിപ്പറയുകയാണ്. സാധാരണയിൽ ചെറിയൊരു കാര്യത്തിനു വേണ്ടി അവിടുന്നു വിളിച്ചാലും അവരുടെ നാവിൻ തുമ്പിൽ വരുന്ന പ്രത്യുത്തരം “ഫിദാക അബീ വ ഉമ്മീ യാ റസൂലല്ലാഹ്.. ‘ എന്നാണ്. എന്റെ മാതാപിതാക്കൾ അങ്ങേക്ക് തെണ്ടമാണെന്ന്. ഈ തെണ്ടം ഒരു വീൺവാക്കല്ല; കൊല്ലപ്പെട്ട ഒരാളിനു വേണ്ടി പകരം കൊലക്ക് കഴുത്ത് നീട്ടിക്കൊടുക്കുന്ന ഏർപ്പാടാണ്! മതാപിതാക്കളെ അങ്ങേക്കു വേണ്ടി ബലിയിടുമെന്ന കട്ടായം! ഇത്തരം സദാ സന്നദ്ധതയുടെയും ആത്മാർപ്പണത്തിന്റെയും വികാരഭരിതമായ സന്ദർഭങ്ങൾ നിരവധിയുണ്ട് ഈ അധ്യായത്തിൽ.

അബൂഖതാദ(റ)ന്റെ സാക്ഷ്യം:
ഒരു രാത്രിയാത്രയിൽ ഹബീബിനെ പിന്തുടർന്നു. വാഹനപ്പുറത്ത് അവിടുന്ന് തൂങ്ങിയുറങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. ചരിഞ്ഞപ്പോൾ അവിടുത്തെ ഉറക്കം തടസ്സപ്പെടുത്താതെ ഞാൻ ചെന്നു താങ്ങി. പിന്നെ നിവർന്നിരുന്നു യാത്ര. കുറെ ദൂരം പിന്നിട്ടപ്പോൾ, പുലർച്ചെ വീണ്ടും അതേ ഉറക്കം, ചരിഞ്ഞു വീഴാറായപ്പോൾ ഞാൻ ഓടിച്ചെന്നു താങ്ങി. ഉറക്കമുണർത്താതെ വീണ്ടും ഒരു കൈത്താങ്ങ്.

ഹബീബ് ഉണർന്നു:
“ആരാണത്?’
“ഞാൻ ഖതാദയാണ് ‘
“താങ്കൾ എന്നോടൊപ്പം ചേർന്നതെപ്പോൾ?’
“രാത്രിയുടെ തുടക്കത്തിൽ’
“അല്ലാഹുവിന്റെ ദൂതരെ കാത്തതുപോലെ താങ്കളെ അല്ലാഹു കാക്കട്ടെ..’
സംപ്രീതനായി അവിടുന്ന് പ്രാർഥിച്ചു.
അഹ് ലുബയ്തിന്റെ മഹത്വം വിവരിച്ച ശേഷം തിരുവചനങ്ങളുടെ പൊരുളും പെരുമയും പിന്നിട്ട് വായന മദീനയുടെ മണ്ണിലേക്ക് ചുവടുവെക്കുന്നു. ആശിഖീങ്ങളുടെ സ്വർഗീയോദ്യാനം തേനൂറും കവിതകളിലൂടെയാണു വായനക്കാരെ വരവേൽക്കുന്നത്. ഹസ്സാനും കഅബും ബൂസ്വൂരിയും(റ) മാത്രമല്ല; ഊരും പേരുമറിയാത്ത കവിപുംഗവൻമാർ, അതിരുകളില്ലാത്ത വർണനകളാൽ ഹബീബിനെ പാടിപ്പുകഴ്ത്തുകയാണവർ. മദീനയുടെ മണ്ണിനെയും വിണ്ണിനെയും കാറ്റിനെയും കിളികളെയും പൂക്കളെയും പുൽക്കൊടികളെയും മണൽത്തരികളേയും പ്രണയിച്ചവരുടെ കാവ്യ നിർഝരികൾ!

ആയുധങ്ങൾ കലമ്പുന്ന യുദ്ധമുഖത്തു പോലും പ്രണയം പൂക്കുന്നു! കോട്ട ഉപരോധിച്ചു തങ്ങൾക്കെതിരെ വീരോചിതം പോരാടുന്ന മുസ്്ലിം സേനയിലെ ഒരു പടയാളി കോട്ടക്ക് മുകളിലിരുന്നു രംഗം കണ്ട് അയാളെ പ്രണയിക്കുന്ന ശത്രു സേനാ തലവന്റെ മകൾ. കാമുകനൊപ്പം ചേരാൻ അവൾ കൊതിക്കുന്നു. ഇസ്്ലാം അംഗീകരിക്കാത്ത തന്നെ കാമിനിയായി സ്വീകരിക്കാനാകില്ലെന്നു കാമുകൻ. എങ്കിൽ ഞാൻ മുസ്്ലിമാകാം; അതു തന്റെ നേതാവിന്റെ മുമ്പിൽ വെച്ചാകണം എന്നു കാമിനി. മുസ്്ലിം സേനാനായകന്റെ മുന്നിലെത്തുമ്പോൾ അവൾ ചോദിക്കുന്നു; താങ്കളുടെ നേതാവാരാണ്? അമീറുൽ മുഅ്മിനീൻ ഉമറുൽ ഖത്വാബ്. എനിക്ക് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മുസ്്ലിമാകണം. മദീനയിലെത്തിയപ്പോൾ ഖലീഫയോടും അവൾ ചോദ്യം ആവർത്തിക്കുന്നു: ആരാണു താങ്കളുടെ നേതാവ്? ഹുജ്റതുശ്ശരീഫിലേക്കു ഖലീഫ വിരൽ ചൂണ്ടുന്നു; ഹബീബ് (സ). റൗളാ ശരീഫിന്റെ ചുവരിൽ കവിൾ ചേർത്തുവെച്ച് അവൾ സത്യസാക്ഷ്യം ഉരുവിടുകയാണ്… എന്നോ കൈവിട്ടുപോയ പ്രാണനാഥനോടെന്ന പോലെ കേഴുകയാണ്.. അവിടുത്തെ ദർശിച്ച കണ്ണുകൾ കൊണ്ട് ഇനി എനിക്കൊന്നും കാണേണ്ടെന്നു വിലപിക്കുകയാണ്. കേണുകേണു ഒടുവിൽ പ്രാണൻ വെടിയുകയാണ്! ഏതു ഭാഷക്കാണ്, ഭാഷയിലെ ഏതു പദത്തിനാണ് ഈ വൈകാരിക മുഹൂർത്തത്തെ നിർവചിക്കാനാകുക?
മദീനാ മലർവാടിയിൽ നിന്ന് സ്വലാത്തിന്റെ പുണ്യത്തിലേക്കെത്തുമ്പോൾ പ്രവാചകാനുരാഗവർഷം തേൻമഴയായി പെയ്തൊഴിയുന്നു. അമ്പതോളം പുറങ്ങളിൽ ഗദ്യ പദ്യ സമ്മിശ്ര മദ്ഹ് കീർത്തനങ്ങളുടെ അകവും പുറവും സസൂക്ഷ്മമായി വിശകലന വിധേയമാക്കുന്നു അവസാനത്തെ ഈയൊരു ശീർഷകം. ഒരു പക്ഷേ, സ്വലാത്തിനെക്കുറിച്ചു മലയാളത്തിൽ ലഭിക്കാവുന്ന ഏറ്റവും സമഗ്രമായ വായനാനുഭവം.

ഒരോ അധ്യായത്തിനു ശേഷവും രചനാവലംബങ്ങളുടെ വിശാലമായ പട്ടിക ചേർത്തിട്ടുള്ളത് അധികവായന ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ്. പ്രസാധകർ ഐ പി ബി. വില 400 രൂപ.

---- facebook comment plugin here -----

Latest