Connect with us

eid al fitr 2022

പെരുന്നാളിന്റെ സ്‌നേഹപ്പെരുമ

ഒന്നിച്ചിരിക്കുന്നതിന്റെയും പരക്ലേശ വിവേകത്തിന്റെയും ലാവണ്യനിലാവാണ് ഈദുൽ ഫിത്വർ. ഈ പെരുന്നാൾ നമ്മളെ കൂടുതൽ കൃതജ്ഞരാക്കട്ടെ; കൂടുതൽ വിനീതരാക്കട്ടെ.

Published

|

Last Updated

ദ്യോഗിക ജീവിതത്തിന്റെ ഭാഗമായി അഞ്ച് വർഷം കോഴിക്കോട്ടും പിന്നെ അഞ്ച് വർഷം തിരൂരിലും താമസിച്ച എനിക്ക് പെരുന്നാളിനെക്കുറിച്ചു അനേകം ചിത്രങ്ങളുണ്ട് ഓർമിക്കാൻ. മനുഷ്യന് സഹജമായ സ്‌നേഹവും അലിവും നന്മയും നമ്മുടെ സാധാരണ ജീവിതാനുഭവങ്ങളിലൂടെ പലപ്പോഴും മങ്ങിപ്പോകാറുണ്ട്. ഇടക്കിടെ എണ്ണയിട്ടും കേടുതീർത്തും സൂക്ഷിച്ചില്ലെങ്കിൽ എങ്ങനെ ഒരു യന്ത്രം ദുർബലമാകുമോ അതേ മാതിരിയാണ് മനുഷ്യ മനസ്സും. നിരന്തര ജാഗ്രതയിലൂടെ മാത്രമേ മനസ്സിന്റെ ജീർണതയെ പ്രതിരോധിക്കാനാകൂ.

പല കാരണങ്ങളുണ്ട് മനസ്സിന് ജീർണത ബാധിക്കാൻ. അതിരു വിട്ട സ്വാർഥ ചിന്ത കൊണ്ട് മനസ്സ് ജീർണിക്കും. അന്യനെക്കുറിച്ചുള്ള വിചാരവും പരിഗണനയും നഷ്ടമാകുമ്പോൾ മനസ്സ് മലിനമാകും. സമ്പത്ത് വാരിക്കൂട്ടി ആഘോഷിക്കാനുള്ളതാണ് ജീവിതമെന്ന ചിന്ത മത്തു പിടിപ്പിക്കുമ്പോൾ മനസ്സ് കളങ്കിതമാകും. സ്വന്തം സുഖങ്ങളുടെ കണ്ണാടിക്കുമിളക്കുള്ളിൽ ജീവിച്ച് ചുറ്റും ഉയരുന്ന നിശ്ശബ്ദ സങ്കടങ്ങൾക്ക് നേരേ ഉദാസീനത പുലർത്തുമ്പോൾ മനസ്സ് മരവിക്കും. അങ്ങനെ പലവിധ പ്രലോഭനങ്ങളിലും വ്യാജ സംതൃപ്തികളിലും പെട്ട് , തേൻകുടത്തിൽ വീണു പോയ ശലഭത്തെപ്പോലെ ജീവിതം നഷ്ടപ്പെടുത്തുന്നവരുടെ എണ്ണം ചെറുതല്ല. അമിത സുഖം കൊണ്ട് ചിലർ ജീവിതം ഹോമിക്കുമ്പോൾ, ഇല്ലായ്മയിലും ദുരിതത്തിലും കഴിയുന്നവരിൽ ചിലർ ജീവിതത്തെ ഭാരമായിക്കാണാൻ തുടങ്ങുന്നു. അമിത സുഖാനുഭവങ്ങളിലൂടെയോ അമിതമായ ദുഃഖങ്ങളിലൂടെയോ ജീവിതം വഴിതെറ്റാതിരിക്കാനുള്ള ദൈവിക കൽപ്പനയാണല്ലോ റമസാൻ മാസത്തിലെ വ്രതാനുഷ്ഠാനം. ഒരു മാസം നീളുന്ന, സ്വയം ഏറ്റെടുക്കുന്ന ത്യാഗത്തിലൂടെ കടിഞ്ഞാണില്ലാതെ പായുന്ന നമ്മുടെ ആഗ്രഹങ്ങളെയും ആസക്തികളെയും വരുതിക്ക് നിർത്താൻ മനുഷ്യർ പ്രേരിതരാവുകയാണ്. സ്വമേധയാ അനുഷ്ഠിക്കുന്ന ആ നിയന്ത്രണങ്ങളിലൂടെ ജീവിതത്തിന്റെയും മനസ്സിന്റെയും വിമലീകരണം സാധ്യമാകുന്നു. പരമ കാരുണ്യവാനായ ദൈവം മനുഷ്യന് നൽകി അനുഗ്രഹിച്ചിരിക്കുന്ന ജീവിതമെന്ന സൗഭാഗ്യത്തെക്കുറിച്ചോർക്കാൻ നോന്പ് കാലം സുവർണാവസരം സമ്മാനിക്കുന്നു. ഈ ശുദ്ധീകരണമില്ലെങ്കിൽ മനസ്സിന്റെ ജീർണത ഒരു പക്ഷേ ആരും തിരിച്ചറിയുക തന്നെയില്ല.

വ്രതാനുഷ്ഠാനത്തിന്റെയും സ്വയം ഏറ്റെടുത്ത ഉപവാസത്തിന്റെയും ഫലമായി, നോന്പിനവസാനം ആഘോഷിക്കപ്പെടുന്ന പെരുന്നാളിന് സവിശേഷമായ അർഥവും ആഴവും കൈവരുന്നു. പെരുന്നാൾ സാഹോദര്യത്തിന്റെ സൗന്ദര്യത്തിലേക്ക് മനുഷ്യനെ ആനയിക്കുന്നു. പരസ്പരം സഹായിക്കാനും തുണയാകാനുമുള്ള മനുഷ്യന്റെ ചുമതലയെക്കുറിച്ചു ഓർമപ്പെടുത്തുന്നു. ഭക്ഷണത്തിന്റെ വിലയും വിശപ്പിന്റെ അർഥവും മനസ്സിലായിക്കഴിഞ്ഞ ശേഷം ഒന്നിച്ചിരുന്നു ആഹാരം കഴിക്കുകയും ജീവിതമെന്ന മഹാഭാഗ്യത്തിന് സർവശക്തനും പരമകാരുണികനുമായ ദൈവത്തോട് കൃതജ്ഞരാവുകയും ചെയ്യുന്നു. ഒറ്റക്കിരിക്കുമ്പോഴല്ല ഒന്നിച്ചിരിക്കുമ്പോഴേ യഥാർഥത്തിലുള്ള ആനന്ദം മനുഷ്യർ അനുഭവിക്കുന്നുള്ളൂ.

ഒന്നിച്ചിരിക്കുന്നതിന്റെയും പരക്ലേശ വിവേകത്തിന്റെയും ലാവണ്യനിലാവാണ് ഈദുൽ ഫിത്വർ. ഈ പെരുന്നാൾ നമ്മളെ കൂടുതൽ കൃതജ്ഞരാക്കട്ടെ; കൂടുതൽ വിനീതരാക്കട്ടെ. സമൂഹത്തിൽ വന്നു ഭവിക്കുന്ന അനാരോഗ്യകരമായ അകലങ്ങളെ റമസാൻ വ്രതം വിമലമാക്കിയ മനസ്സുകൾക്ക് സംയോജിപ്പിക്കാനാകട്ടെ. സഹനത്തിലും ക്ഷമയിലും സദ്ഭാവനയിലും മാത്രമേ ദൈവം പ്രസാദിക്കൂ. ആകാശവിശാലതയാർന്ന മനസ്സുകളിൽ മാത്രമേ ദൈവത്തിന്റെ വിരൽപ്പാടുണ്ടാകൂ.

കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറി

Latest