From the print
രാജ്യ സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത് മഅ്ദിൻ ഗ്രാൻഡ് അസംബ്ലി പ്രൗഢമായി
മഅ്ദിൻ അക്കാദമിയിലെ വിദ്യാർഥികളും ജീവനക്കാരുമടക്കം 7,000 പേർ സംബന്ധിച്ച അസംബ്ലിയിൽ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മലപ്പുറം | റിപബ്ലിക് ദിനത്തിന്റെ ഭാഗമായി സ്വലാത്ത് നഗ റിൽ സംഘടിപ്പിച്ച ഗ്രാൻഡ് അസംബ്ലി പ്രൗഢമായി. മഅ്ദിൻ അക്കാദമിയിലെ വിദ്യാർഥികളും ജീവനക്കാരുമടക്കം 7,000 പേർ സംബന്ധിച്ച അസംബ്ലിയിൽ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കലാ പ്രകടനങ്ങൾ, ഗ്രാൻഡ് സല്യൂട്ട്, ഗാനശിൽപ്പം, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ മാർച്ച് പാസ്റ്റ് എന്നിവയും അരങ്ങേറി. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും രാജ്യത്തിന് മുറിവേൽക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാനും ഖലീൽ തങ്ങൾ ആഹ്വാനം ചെയ്തു. ഭാരതത്തിലെ മതമുള്ളവനും ഇല്ലാത്തവനും ഒരു ഉദ്യാനത്തിലെ വൈവിധ്യങ്ങളായ പൂക്കളാണെന്നും മതമൈത്രിയും പാരസ്പര്യ സ്‌നേഹവുമാണ് ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ വേറിട്ടു നിർത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്ക് സിറ്റി യൂനിവേഴ്‌സിറ്റിയിലെ ഡോ. എവറോൾഡ് ഹുസൈൻ മുഖ്യാതിഥിയായി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഐദ്രൂസി, സയ്യിദ് അഹ്്മദുൽ കബീർ അൽ ബുഖാരി, ഇബ്‌റാഹീം ബാഖവി മേൽമുറി, അബൂബക്കർ സഖാഫി കുട്ടശ്ശേരി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, അബൂബക്കർ സഖാഫി അരീക്കോട്, ഉമർ മേൽമുറി, സൈതലവി സഅദി പെരിങ്ങാവ്, ദുൽഫുഖാർ അലി സഖാഫി, പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സൈതലവിക്കോയ, നൗഫൽ കോഡൂർ, നൂറുൽ അമീൻ ലക്ഷദ്വീപ്, ശഫീഖ് മിസ്ബാഹി, ബശീർ സഅദി വയനാട് തുടങ്ങിയവർ സംബന്ധിച്ചു.