Kerala
മഅ്ദിൻ പ്രാര്‍ഥനാ സമ്മേളനത്തിന് തുടക്കമായി; റമസാന്‍ 27ാം രാവിൽ ആത്മീയ മഹാ സംഗമത്തോടെ സമാപിക്കും
ലഹരിക്കെതിരെ ജനലക്ഷങ്ങള്‍ ഒരുമിച്ച് പ്രതിജ്ഞയെടുക്കും

മലപ്പുറം | മഅ്ദിന്‍ അക്കാദമി റമസാന്‍ 27ാം രാവില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ പി എച്ച് തങ്ങള്‍ കാവനൂര്‍, ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, സമസ്ത ജില്ലാ മുശാവറ അംഗം ഏലംകുളം അബ്ദു റഷീദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ ,എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍, മൂസ ഫൈസി ആമപ്പോയില്‍, എസ് എസ് എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ശുഐബ് ആനക്കയം, പരി മാനുപ്പ ഹാജി പ്രസംഗിച്ചു.
മഅ്ദിന്‍ ഗ്രാന്‍ഡ് മസ്ജിദില്‍ നടക്കുന്ന പ്രത്യേക ഇഅ്തികാഫ് ജല്‍സക്കും തുടക്കമായി. നാളെ രാവിലെ 10 മുതല്‍ 12.30 വരെ മഅ്ദിന്‍ ഓഡിറ്റോറിയത്തില്‍ വനിതാ വിജ്ഞാന വേദി സമാപനവും പ്രാര്‍ഥനാ സദസ്സും നടക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ഉച്ചക്ക് 3 ന് കേരള മുസ് ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫിന് കീഴില്‍ വിവിധ യൂണിറ്റുകളില്‍ നിന്നും കൊണ്ടുവരുന്ന വിഭവ സമാഹരണ യാത്രക്ക് സ്വീകരണം നല്‍കും
വൈകുന്നേരം 4.30 ന് സമസ്ത ജില്ലാ സെക്രട്ടറിയും സ്വലാത്ത് നഗര്‍ ഖാസിയുമായിരുന്ന സി കെ ഉസ്താദ് ആണ്ടു നേര്‍ച്ച നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ആത്മീയ മജ് ലിസുകള്‍ സംഘടിപ്പിക്കും. രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍ സംഗമം, ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ് രിയ്യീന്‍ മജ്ലിസ് , വൈകുന്നേരം 4 ന് അസ്മാഉല്‍ ഹുസ്നാ സദസ്സ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ക്ക് സമൂഹ നോമ്പുതുറയുമൊരുക്കും. തുടര്‍ന്ന് അവ്വാബീന്‍ , തസ്ബീഹ് , തറാവീഹ്, വിത്റ് നിസ്‌കാരങ്ങള്‍ നടക്കും.
രാത്രി 9ന് പ്രാര്‍ഥനാ സമ്മേളന സമാപന പരിപാടികള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാര്‍ഥനയും നിര്‍വഹിക്കും. ലഹരിക്കെതിരെ ജനലക്ഷങ്ങള്‍ ഒരുമിച്ച് പ്രതിജ്ഞയെടുക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നിര്‍വഹിക്കും.
സ്വലാത്ത്, ഖുര്‍ആന്‍ പാരായണം, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാര്‍ഥന എന്നിവയും നടക്കും.
വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് പരിപാടിയില്‍ സംബന്ധിക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രാര്‍ഥനാസമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പ്രത്യേക ഹെല്‍പ് ലൈന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 9633158822, 9562451461