Connect with us

t20worldcup

മത്സരങ്ങളെ വരുതിയിലാക്കുന്ന ഓസീസ് മാന്ത്രികത

ഇതുകൊണ്ടുതന്നെയാകണം ഏകദിന ക്രിക്കറ്റില്‍ അവര്‍ ഏകാധിപത്യം പുലര്‍ത്തുന്നതും.

Published

|

Last Updated

എപ്പോഴും പ്രതീക്ഷകളെ തകിടം മറിച്ച് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്പുള്ള ക്രിക്കറ്റ് ടീമാണ് ആസ്‌ത്രേലിയ. പുരുഷ ക്രിക്കറ്റ് ചരിത്രത്തില്‍ ആസ്‌ത്രേലിയ സ്വയം അടയാളപ്പെടുന്നത് അങ്ങനെയാണ്. കളിക്കാരുടെ പ്രകടനം, സമ്മര്‍ദം, പ്രതീക്ഷകള്‍, വിമര്‍ശനങ്ങള്‍ എന്നിവയെയെല്ലാം ഒരു സുപ്രഭാതത്തില്‍ മറികടന്ന് കിരീടജേതാക്കളാകുന്ന കാഴ്ചയാണ് ഏകദിനങ്ങളിലും ഇപ്പോള്‍ ടി20യിലും കംഗാരുപ്പട നല്‍കുന്നത്. ഇതുകൊണ്ടുതന്നെയാകണം ഏകദിന ക്രിക്കറ്റ് അവര്‍ അടക്കിവാഴുന്നതും.

1987 മുതല്‍ 2015 വരെ മഞ്ഞപ്പട നേടിയ അഞ്ച് ലോകകപ്പ് കിരീടങ്ങള്‍ തന്നെ ശ്രദ്ധിക്കൂ. മറ്റേതൊരു രാജ്യവും നേടിയതിനേക്കാള്‍ കൂടുതല്‍. പതിറ്റാണ്ടുകളായി അതീവ ഗുണമേന്മയുള്ള മത്സരം ഒറ്റക്ക് വിജയിപ്പിക്കാന്‍ കെല്പുള്ള താരങ്ങളെ, ബാറ്റ്‌സ്മാന്മാരായും ബോളര്‍മാരായും ആള്‍ റൗണ്ടര്‍മാരായും അവര്‍ വളര്‍ത്തിയിട്ടുണ്ട്. വ്യക്തിഗത മികവില്‍ തന്നെ ടീം ജേതാക്കളാകുകയും ചെയ്യുന്നു.

2007 മുതല്‍ കുട്ടിക്രിക്കറ്റിന്റെ ലോകകപ്പ് ആരംഭിച്ച് ഇതുവരെയായിട്ടും കിരീടം നേടാത്ത ആസ്‌ത്രേലിയക്ക് ദുബൈയിലും ആരും സാധ്യത കല്പിച്ചിരുന്നില്ല. ന്യൂസിലാന്‍ഡ്/ ഇംഗ്ലണ്ട്/ ഇന്ത്യ ത്രയങ്ങളിലായിരുന്നു ക്രിക്കറ്റ് പണ്ഡിതരുടെ പ്രതീക്ഷകള്‍ ചുറ്റിക്കൊണ്ടിരുന്നത്. പാക്കിസ്ഥാനോടേറ്റ തോല്‍വിത്തുടക്കത്തോടെ സാധ്യതക്ക് മങ്ങലേറ്റുവെന്ന തോന്നല്‍ ശക്തമായി.

എന്നാല്‍, ടോസ് നിര്‍ണായക ഘടകമായെന്ന് പറയേണ്ടി വരും. ടോസ് ചെയ്ത് ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുന്ന ടീമുകള്‍ക്ക് എന്നും അനുകൂലമായ യു എ ഇ പിച്ചുകളില്‍ ഏഴ് ടോസ്സുകളില്‍ ആറെണ്ണവും ആരോണ്‍ ഫിഞ്ചിന് ലഭിച്ചത് വഴിത്തിരിവായി. എന്നാല്‍ ഇത് മാത്രമല്ല, പല താരങ്ങളും അഭൂതപൂര്‍വ പ്രകടനം കാഴ്ചവെച്ചു, അങ്ങനെ കന്നിക്കിരീടം നേടി.