Kerala
വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല കവര്‍ന്നു; വീട്ടുടമയും ഭാര്യയും അടക്കം മൂന്ന് പേര്‍ പിടിയില്‍
അയ്മനം സ്വദേശിനിയായ സ്ത്രീ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു.
കോട്ടയം \ വീട്ടുജോലിക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ച വീട്ടുടമയും ഭാര്യയും ഉള്‍പ്പടെ മൂന്നു പേര്‍ പിടിയില്‍. എറണാകുളം മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (31), ഭാര്യ നേഹാ രവി (35), എറണാകുളം പെരുമ്പടപ്പില്‍ വാടകക്കു താമസിക്കുന്ന ആലപ്പുഴ അരൂര്‍ ഉള്ളാറക്കളം അര്‍ജുന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
അയ്മനം സ്വദേശിനിയുടെ രണ്ടു പവന്‍ തൂക്കം വരുന്ന മാലയാണ് ഇവര്‍ മോഷ്ടിച്ചത്. അയ്മനം സ്വദേശിനിയായ സ്ത്രീ ആഷിക് ആന്റണിയുടെ വീട്ടില്‍ വീട്ടുജോലി ചെയ്തു വരികയായിരുന്നു. ജോലി ചെയ്ത വകയില്‍ ശമ്പളക്കുടിശിക ഉണ്ടായി. കയ്യില്‍ പണമില്ലാത്തതിനാല്‍ വീട്ടിലെ ടിവി എടുത്തിട്ട് ശമ്പളക്കുടിശിക കുറച്ച് 8,000 രൂപ തരണമെന്ന് ആഷിക് ജോലിക്കാരിയെ അറിയിച്ചു.ഇത് സമ്മതിച്ചതോടെ ഒക്ടോബര്‍ 16ന് ആഷിക്കും നേഹയും ഇവരുടെ സുഹൃത്തായ അര്‍ജുനും അയ്മനത്തെ വീട്ടില്‍ ടി വി ഫിറ്റ് ചെയ്യാനെന്ന വ്യാജേന എത്തി. തുടര്‍ന്ന് വീട്ടമ്മയുടെ രണ്ടു പവന്‍ മാല മോഷ്ടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു