Connect with us

Kerala

ഓൺലൈനിലൂടെ 25 കോടിയുടെതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ

വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഫ്‌ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.

Published

|

Last Updated

തൃശൂർ | കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മൈ ക്ലബ് ട്രേഡ്‌സ് (എം സി ടി ) എന്ന ഓൺ ലൈൻ ആപ്പ് വഴി 25 കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. മലപ്പുറം കാളിക്കാവ് അമ്പലക്കടവ് സ്വദേശി പാലയ്ക്കത്തൊടി വീട്ടിൽ മുഹമ്മദ് ഫൈസലി (43) നെയാണ് തൃശൂർ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസി. പോലീസ് കമ്മീഷണർ ആർ മനോജ് കുമാറിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ എ എം യാസിൻ അറസ്റ്റ് ചെയ്തത്.

ഈ കേസിലെ പ്രതികൾ എം സി ടി ആപ്ലിക്കേഷൻ വഴി ലഭിച്ച ഡോളർ എമർ കോയിനിലേക്ക് മാറ്റുന്നതിനായി എറണാകുളത്തുളള ഫ്‌ലാറ്റിൽ എത്തുകയായിരുന്നു. ഈ സമയം ഫ്‌ലാറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുഹമ്മദ് ഫൈസൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഫ്‌ലാറ്റിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരെ തൃശൂർ ജില്ലയിൽ മാത്രം 28 കേസ്സുകളാണ് നിലവിലുളളത്. ഇയാൾക്കെതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ്സുകൾ നിലവിലുണ്ട്. കേരളത്തിലെ വിവിധ ഹോട്ടലുകൾ, ടൂറിസ്റ്റ് ഹോമുകൾ, എന്നിവ കേന്ദ്രീകരിച്ച് പ്രൊമോഷൻ ക്ലാസുകൾ നടത്തിയും ഗൂഗിൾ മീറ്റ് നടത്തിയും ആളുകളെ ആകർഷിച്ചായിരുന്നു ആളുകളിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നത്. സമാന രീതിയിൽ തട്ടിപ്പ് നടത്തിയ മലാക്ക രാജേഷ്,അഡ്വ. പ്രവീൺ മോഹൻ, ഷിജോ പോൾ, സ്മിത, ജോബി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എം സി ടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് കൊടുത്ത് 256 ദിവസം കൊണ്ട് നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞ് ആളുകളിൽ നിന്ന് പണം നേരിട്ട് പണമായി സ്വീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എം സി ടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ ഫോണിൽ പണത്തിന് തുല്യമായി ഡോളർ കാണുന്ന രീതിയിലായിരുന്നു തട്ടിപ്പ്. 2021 ൽ എം സി ടി യുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ എം സി ടി എന്ന പേര് മാറ്റി എഫ് ടി എൽ എന്ന് പേരു മാറ്റിയാണ് തട്ടിപ്പ് തുടർന്നിരുന്നത്.

തൃശൂർ സിറ്റി സ്റ്റേഷനുകളിൽ മാത്രം 29 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് വരുന്നുണ്ട്. കേസ് പിൻവലിക്കാൻ പണം നിക്ഷേപിച്ചവരുടെ മൊബൈൽ ഫോണിലെ ആപ്ലിക്കേഷനിൽ കാണുന്ന ഡോളറിന് പകരമായി പണം നിക്ഷേപിച്ചവർക്ക് എമർ കോയിൻ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതികൾ തട്ടിപ്പ് തുടരുന്നത്.

എമർ കോയിൻ വഴി നഷ്ടപ്പെട്ട പണം തിരികെ കിട്ടുമെന്ന് കരുതിയാണ് പലരും വീണ്ടും ഇവരുടെ കെണിയിൽ വീഴുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ക്രൈം ബ്രാഞ്ച് എ എസ് ഐമാരായ കെ എം വിനോദ്, ജെസി ചെറിയാൻ, ശശികുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സാമു എന്നിവരും ഉണ്ടായിരുന്നു.

Latest