Connect with us

International

സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാര്‍ പരിഹരിച്ചില്ല; ബഹിരാകാശത്ത് തുടര്‍ന്ന് സുനിത വില്യംസും ബുഷ് വില്‍മോറും

മടക്കയാത്രയുടെ പുതിയ തിയതി സംബന്ധിച്ച് നാസ അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ല.

Published

|

Last Updated

ന്യൂഡല്‍ഹി|അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെയുംയും അമേരിക്കക്കാരനായ ബുഷ് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ച പൂര്‍ണ്ണമായി പരിഹരിക്കാത്തതാണ് ഇരുവരുടെയും മടക്കയാത്ര വൈകാന്‍ കാരണമെന്നാണ് സൂചന.

മടക്ക യാത്രയ്ക്കായി പേടകത്തിന്റെ പരിശോധനകള്‍ നടക്കുകയായിരുന്നുവെന്ന് നാസ അറിയിച്ചിരുന്നു. ഇന്നലെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകളും നാസ തേടിയിരുന്നു. മടക്കയാത്രയുടെ പുതിയ തിയതി സംബന്ധിച്ച് നാസ അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ല. അതേസമയം സുനിതയെയും വില്‍മോറിനെയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സ് കമ്പനിയുടെ ഡ്രാഗണ്‍ പേടകത്തില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയും ആലോചിക്കുന്നതായും വിവരമുണ്ട്.

വിക്ഷേപണത്തിനു മുന്‍പ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടയിലും പേടക്കത്തില്‍ ഹീലിയം ചോര്‍ച്ച ഉണ്ടായിരുന്നു. സ്റ്റാര്‍ ലൈനര്‍ ആദ്യമായാണ് മനുഷ്യരുമായി ഒരു പരീക്ഷണ യാത്ര നടത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ ലൈനര്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് നാസയുമായി ചേര്‍ന്ന് ഈ പരീക്ഷണം നടക്കുന്നത്. 150.74 കോടി ഡോളറാണ് യാത്രയുടെ ചെലവ്. ഫ്ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു വിക്ഷേപണം. ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തില്‍ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്.

പതിനെട്ട് വര്‍ഷം മുമ്പ് 2006 ലായിരുന്നു സുനിത വില്യംസിന്റെ ആദ്യ ബഹിരാകാശയാത്ര. നാല്‍പതാം വയസ്സിലായിരുന്നു ഇത്. 2012-ല്‍ രണ്ടാമത്തെ യാത്രയും നടത്തി. ഇപ്പോള്‍ 58-ാം വയസ്സില്‍ അവരുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണ്. രണ്ട് ബഹിരാകാശ ദൗത്യങ്ങളിലായി സുനിത വില്യംസ് ഇതുവരെ 322 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ഇന്ത്യക്കാരനായ ഡോ.ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായ സുനിത വില്യംസ് അമേരിക്കന്‍ നാവികസേനാ പരീക്ഷണ പൈലറ്റായിരുന്നു. വീണ്ടും ഒരിക്കല്‍ കൂടി ബഹിരാകാശത്ത് എത്തുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്ക് വീട്ടിലേക്ക് മടങ്ങുന്ന തോന്നല്‍ ആണുള്ളത് എന്നാണ് സുനിത പ്രതികരിച്ചിരുന്നത്. അമേരിക്കന്‍ നേവിയിലെ മുന്‍ ക്യാപ്റ്റനാണ് ബുഷ് വില്‍മോര്‍. അദ്ദേഹം 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.

 

 

 

Latest